ഡിസൈൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകളെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഡിസൈൻ ഇൻകുബേറ്റർ സ്ഥാപിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന ഡിസൈൻ കേരള ഉച്ചകോടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കായി ലോകവ്യാപകമായുള്ള പുത്തൻ ആശയങ്ങളും വിദഗ‌്ധരുടെ പരിചയസമ്പത്തും പ്രയോജനപ്പെടുത്തും.
നവകേരളനിർമിതിയിലെ വലിയ വെല്ലുവിളി പരിസ്ഥിതിക്കും ഭൂപ്രകൃതിക്കുമനുസരിച്ച കെട്ടിടമാതൃകകളുടെ ലഭ്യതക്കുറവാണ്. അന്താരാഷ്ട്രതലത്തിലും ദേശീയതലത്തിലുമുള്ള ആർക്കിടെക്ടുകളും നിർമാണവിദഗ‌്ധരും ഡിസൈൻ സമ്മിറ്റിൽ അവതരിപ്പിച്ച ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കും.വരുംതലമുറയ‌്ക്ക് അഭിമാനിക്കാവുന്ന തരത്തിൽ സുരക്ഷിതമായി നമ്മുടെ നാടിനെ അവരെ ഏൽപ്പിക്കാനാകണം. അതിനാൽ മാലിന്യനിർമാർജനത്തിന് സർക്കാർ ഊന്നൽനൽകുന്നു. വിവിധ മേഖലകളിലെ സൗരോർജവൽക്കരണവും ഇലക‌്ട്രിക് വാഹനങ്ങൾക്കു നൽകുന്ന പ്രോത്സാഹനവും ഇതിന്റെ ഭാഗമാണ്.
സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും എങ്ങനെ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പ്രളയകാലത്ത് നാം തിരിച്ചറിഞ്ഞു. ഇവയിൽനിന്നു മുക്തിനേടാനുള്ള സർക്കാരിന്റെ ശ്രമത്തിൽ ഓരോരുത്തരും മനസ്സർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സാങ്കേതികവിദ്യയും ആശയങ്ങളും സാമൂഹ്യപരിവർത്തനത്തിനും മനുഷ്യന്റെ പുരോഗതിക്കുമായി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ പുനർനിർമാണത്തിനായി പരിവർത്തനപരമായ ആശയങ്ങളാണ‌് ആവശ്യം.
രൂപാന്തരത്തിന്റെ കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ശാസ്ത്ര- സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ഇത്തരം ഉദ്യമങ്ങളിൽ പങ്കാളികളാക്കിയാൽ നവകേരളമെന്ന ആശയം പൂർണ അർഥത്തിൽ നടപ്പാക്കാനാകും.സുസ്ഥിര ജീവിതരീതി, ഡിസൈൻ എന്നിവ മുറുകെ പിടിക്കുന്നതിൽ സർക്കാർ മുന്നിൽ തന്നെയുണ്ട്. ഇതിനായുള്ള കേരള സർക്കാരിന്റെ ഉദ്യമങ്ങൾക്ക് രാജ്യാന്തര പ്രശംസ ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രയാണത്തിന് കുതിപ്പ് പകരുന്ന പുതിയ സമ്മിറ്റുകൾ അടുത്ത വർഷം നടക്കും.പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നവകേരളനിർമിതിക്ക‌് ഉപയുക്തമാകുന്ന കെട്ടിടമാതൃകകളുടെ വിപുലമായ ശേഖരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഐടി വകുപ്പും അമേരിക്കയിലെ കോപ്പൻഹേഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക‌്ഷൻ ഡിസൈനുമാണ് ഉച്ചകോടി സംഘടിപ്പിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കർ, സെറ വൈസ് പ്രസിഡന്റ‌് പി കെ ശശിധരൻ, ആർ രാഹുൽ, ഐബിഎസ് ഗ്രൂപ്പ് ചെയർമാൻ വി കെ മാത്യൂസ്, എഫ്ഐസിസിഐ കോ-ചെയർമാൻ സുഹാസ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QtmE6T
via IFTTT
No comments:
Post a Comment