കൊച്ചി
തൂക്കുകയർ ഇന്ന‌്, നാളെ എന്ന‌് ആന്റണി കാത്തിരിക്കാൻ തുടങ്ങിയിട്ട‌് 13 വർഷം. കേരളത്തെ നടുക്കിയ കൊടും ക്രൂരകൃത്യത്തിൽ, 2005 ഫെബ്രുവരി രണ്ടിനാണ‌് ആന്റണിയെ സിബിഐ കോടതി വധശിക്ഷയ‌്ക്ക‌് വിധിച്ചത‌്. രാഷ‌്ട്രപതിപോലും ദയാഹർജി തള്ളി. എന്നിട്ടും പ്രതീക്ഷ കൈവിടാതെ നടത്തിയ നിയമനടപടികൾക്കൊടുവിലാണ‌് ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിക്ക‌് ജീവൻ രക്ഷിക്കാനായത‌്. എന്നാലും മരിക്കുംവരെ ജയിലിൽത്തന്നെ തുടരേണ്ടിവരും.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ‌്ടിച്ച കേസാണ‌് ആലുവ കൂട്ടക്കൊല. കേരള പൊലീസ‌് അന്വേഷിച്ച‌് പ്രതി ആന്റണിതന്നെയെന്നു കണ്ടെത്തിയിട്ടും മറ്റു ചിലരെ രക്ഷിക്കാൻ ആന്റണിയെ കുടുക്കിയെന്നായിരുന്നു പ്രചാരണം. ഒരാൾക്ക‌് ആറുപേരെ കൊല്ലാൻ കഴിയില്ലെന്നും വാദമുയർന്നു. തുടർന്ന‌് കേസ‌് സിബിഐയ‌്ക്ക‌് വിട്ടു. സിബിഐ അന്വേഷണത്തിലും മറിച്ചൊന്നും കണ്ടെത്താൻ കഴി്ഞ്ഞില്ല. 2001 ജനുവരി ആറിനായിരുന്നു കേസിനാസ‌്പദമായ സംഭവം. ആലുവ സെന്റ് മേരീസ് സ്‌കൂളിനുസമീപം പൈപ്പ് ലൈൻ റോഡിൽ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ‌്‌മോൻ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ‌് വെട്ടേറ്റുമരിച്ചത‌്. ആന്റണി ആലുവ മുനിസിപ്പൽ ഓഫീസിലെ താൽക്കാലിക ഡ്രൈവറായിരുന്നു. അകന്ന ബന്ധുവും കുടുംബസുഹൃത്തുമായ ആന്റണിയെ സഹായിക്കാമെന്ന് കൊച്ചുറാണി വാഗ്ദാനംചെയ്തിരുന്നു. ഈ സഹായം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ‌് കണ്ടെത്തൽ.
കൃത്യം നടന്ന ദിവസം രാത്രി ഒമ്പതിന് പ്രതി അഗസ്റ്റിന്റെ വീട്ടിലെത്തി. ആന്റണിയും വീട്ടുകാരും സംസാരിച്ചിരിക്കുന്ന വേളയിൽ അഗസ്റ്റിനും ഭാര്യയും മക്കളും സമീപത്തുള്ള തിയറ്ററിൽ സിനിമ കാണാൻ പോയി. ഈ സമയം ആന്റണി കൊച്ചുറാണിയോട് പണം ചോദിച്ചു. പണമില്ലെന്ന അറിയിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ വാക്കത്തിയെടുത്ത് കൊച്ചുറാണിയെ വെട്ടിക്കൊന്നു. അമ്മ ക്ലാര തൊമ്മി തടയാൻ ചെന്നപ്പോൾ അവരെയും വെട്ടിവീഴ്ത്തി. പിന്നീട് സെക്കൻഡ്ഷോ കഴിഞ്ഞ് അഗസ്റ്റിനും കുടുംബവും എത്തിയപ്പോൾ ഇവരെയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ‌്. കൊലപാതകത്തിനുശേഷം ആന്റണി മുംബൈവഴി ദമാമിലേക്കു പോയി. കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടർന്ന് ആന്റണിയെ ഫെബ്രുവരി 18ന് പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ 2005 ഫെബ്രുവരി രണ്ടിനാണ‌് സിബിഐ കോടതി ആന്റണിയെ വധശിക്ഷയ‌്ക്ക‌് വിധിച്ചത‌്. 2006 സെപ‌്തംബർ 18ന‌് ഹൈക്കോടതിയും 2009 ഏപ്രിൽ 22ന‌് സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. പിന്നാലെ റിവ്യൂ ഹർജിയും തള്ളി. 2010ൽ ദയാഹർജിക്ക് അപേക്ഷ നൽകിയിരുന്നു. അഞ്ചു വർഷത്തിനുശേഷം 2015 ഏപ്രിൽ 27ന‌് രാഷ‌്ട്രപതി ദയാഹർജിയും തള്ളി. രാജീവ്ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് 2014 ൽ സുപ്രീംകോടതിയുടെ സുപ്രധാന വിധിവന്നതാണ് ആന്റണിയുടെ വധശിക്ഷ ഇളവ് ചെയ്യാൻ കാരണമായത്. പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ് അന്ന് കോടതി വിധിച്ചത്. ഈ വിധിയുടെ ആനുകൂല്യം തേടിയാണ് ആന്റണി വീണ്ടും സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകിയത‌്. ഈ ഹർജിയിലാണ‌് പ്രതിയുടെ ശിക്ഷ ഇളവുചെയ‌്തത‌്. ഇപ്പോൾ 65 വയസ്സള്ള ആന്റണി പൂജപ്പൂര സെൻട്രൽ ജയിലിലാണ്.
from Kerala || Deshabhimani Online News https://ift.tt/2PAX1Me
via IFTTT
No comments:
Post a Comment