നിലയ്ക്കലും പമ്പയിലും സൗകര്യമുണ്ടെങ്കിലും സന്നിധാനത്ത് എത്തി, കിട്ടുന്ന സ്ഥലത്ത് വിരിവയ്ക്കും. മഞ്ഞായാലും മഴയായാലും പരാതിയില്ല. അഴുക്ക് ചാലിന്റെ ഓരമോ പടവുകളോ നടവഴിയോ ഒന്നും പ്രശ്നമല്ല. പുലർച്ചെ മൂന്നിന് നടതുറക്കുമ്പോൾ അയ്യപ്പ ദർശനവും നെയ്യഭിഷേകവും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങണം. ആ ലക്ഷ്യത്തിന് മുന്നിൽ പരാതിയും പരിഭവവുമില്ല. വർഷങ്ങളായി എത്തുന്ന ഭക്തരുടെ ഒരു ശീലമാണിത്.
തമിഴ്നാട‌്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നെത്തുന്നവരാണ് പണ്ടുതൊട്ടേ തിരുമുറ്റത്തും നടപ്പന്തലിലുമൊക്കെ വിരിവച്ച് തങ്ങുന്നത്. തിരക്ക് വർധിക്കുന്നതോടെ നടവഴികൾപോലും ഇവർക്ക് വിശ്രമകേന്ദ്രമാകും. തീർഥാടകർ സ്വന്തം ഇഷ്ടപ്രകാരം കിട്ടുന്നിടത്ത് വിരിവയ്ക്കുകയാണ് പതിവ്. ഇതിനായി പ്രത്യേകം സജ്ജീകരിച്ചി സംവിധാനങ്ങളോടൊന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ സാധാരണ താൽപര്യം കാണിക്കാറില്ല. ഇതറിയാമായിരുന്നിട്ടും തീർഥാടകരെ റോഡിൽ കിടത്തുന്നു, അഴുക്കുചാലിന് സമീപത്ത് കിടത്തുന്നു തുടങ്ങിയ തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങൾ.
സന്നിധാനത്തുമാത്രം പതിനായിരം പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യമാണ് ദേവസ്വംബോർഡ് ഒരുക്കിയത്. മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ അന്നദാന പന്തലിന് മുകൾവശം, അരവണ കൗണ്ടറിന് മുൻവശം, മാംഗുണ്ട അയ്യപ്പകേന്ദ്രം, മരാമത്ത് കോംപ്ലക്സിന് മുന്നിലെ രണ്ട് സ്ഥലങ്ങൾ എന്നിവയാണവ. എല്ലായിടത്തും കുടിവെള്ളം, പൊലീസ് കാവൽ എന്നിവയുമുണ്ട്. അന്നദാന പന്തലിന് മുകൾവശത്ത് അടച്ചുറപ്പുള്ള വിരിവയ്പ് കേന്ദ്രമാണ്. പുൽപായയ്ക്കുൾപ്പെടെ 30 രൂപ മാത്രമാണ് വാടക. അരവണ കൗണ്ടറിന് മുൻവശം, മാംഗുണ്ട അയ്യപ്പകേന്ദ്രം എന്നിവിടങ്ങളിൽ മേൽക്കൂരയുള്ള സൗജന്യ വിരിവയ്പ് കേന്ദ്രങ്ങളാണ്.
പൊലീസുകാർതന്നെ വഴികാട്ടിയാലും ഇവിടേക്ക് പോകാൻ ഭക്തർ തയ്യാറാകാറില്ല.ആർഎസ്എസ്, ബിജെപി പ്രവർത്തകർ നടത്തിയ അക്രമങ്ങളെത്തുടർന്നാണ് വലിയ നടപ്പന്തലിലും തിരുമുറ്റത്തും വിരിവയ്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിരോധനാജ്ഞ നിലനിൽക്കുമ്പോഴും നടപ്പന്തലിൽ സ്ത്രീകൾ, കുട്ടികൾ, പ്രായമേറിയ പുരുഷൻമാർ എന്നിവർക്ക് വിരിവയ്ക്കാൻ അവസരം നൽകുന്നുണ്ട്. 450 രൂപ മുതൽ വാടകയ്ക്ക് മുറികളും ലഭ്യമാണ്. ഇതൊന്നും പുറംലോകം അറിയരുതെന്ന ലക്ഷ്യത്തോടെയാണ് ചിലർ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2QhISca
via IFTTT
No comments:
Post a Comment