ചേർത്തല
സർക്കാർ വിളിച്ചുചേർത്ത യോഗം തീരുമാനിച്ച വനിതാമതിൽ സംഘടിപ്പിക്കാൻ മുന്നിൽനിന്ന‌് ചരിത്രപരമായ കടമ നിറവേറ്റാൻ ചേർത്തലയിൽ ചേർന്ന എസ‌്എൻഡിപി യോഗം കൗൺസിൽ തീരുമാനിച്ചു. നവോത്ഥാനമൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുമ്പോൾ പ്രതിരോധത്തിന‌് മുന്നിട്ടിറങ്ങേണ്ടത‌് അനിവാര്യമാണ‌്. ഇക്കാര്യത്തിൽ സർക്കാർ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കൗൺസിൽ തീരുമാനിച്ചുവെന്ന‌് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വനിതാമതിലിനെ ശബരിമല സ‌്ത്രീപ്രവേശനവുമായി കൂട്ടിക്കെട്ടി ഭിന്നതയുണ്ടാക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ലെന്നും ജനറൽ സെക്രട്ടറിക്ക‌് ലഭിച്ച സംസ്ഥാന ചെയർമാൻ പദവി എസ‌്എൻഡിപി യോഗത്തിന‌് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. സവർണ﹣-അവർണ വിഭാഗങ്ങളിലെ സാമൂഹ്യ പരിഷ‌്കർത്താക്കളാണ‌് രാഷ‌്ട്രീയ പാർടികൾക്ക‌് മുമ്പ‌് കേരളത്തിൽ നവോത്ഥാനത്തിന‌് മുന്നിട്ടറങ്ങിയത‌്. അവർ ഉഴുതുമറിച്ച മണ്ണിലാണ‌് പിന്നീട‌് രൂപംകൊണ്ട കമ്യൂണിസ‌്റ്റ‌് പാർടിയും കോൺഗ്രസും നവോത്ഥാന പ്രവർത്തനങ്ങൾ നയിച്ചത‌്. ഇന്നത്തെ കേരളത്തിൽ നവേത്ഥാന മൂല്യങ്ങൾ വെല്ലുവിളി നേരിടുന്നു. ജാതീയവും വർഗീയവുമായ വേർതിരിവ‌് സൃഷ‌്ടിക്കാനാണ‌് ചിലർ ശ്രമിക്കുന്നത‌്. പിന്നോക്കാരെയും അധഃസ്ഥിതനെയും ഇപ്പോഴും ക്ഷേത്രങ്ങളിൽനിന്ന‌് അകറ്റുന്നത‌് കാണാം.
വിഗ്രഹപ്രതിഷ‌്ഠയും ആരാധനയും അനുവദിക്കാത്ത കാലത്താണ‌് ശ്രീനാരായണഗുരു 1988ൽ അരുവിപ്പുറം പ്രതിഷ‌്ഠ നടത്തിയത‌്. അതാണ‌് നവോത്ഥാന കേരളത്തിന‌് തുടക്കമിട്ടത‌്. പിന്നീട‌് മഹാത്മ അയ്യങ്കാളി, മന്നത്ത‌് പത്മനാഭൻ, ആറാട്ടുപുഴ വേലായുധപണിക്കർ, കെ സി മാമൻമാപ്പിള, കെ പി കേശവമേനോൻ, ചങ്ങനാശേരി പരമേശ്വരൻ പിള്ള, ഡോ. പൽപ്പു, ടി കെ മാധവൻ, സഹോദരൻ അയ്യപ്പൻ, സി കേശവൻ തുടങ്ങിയവർ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. അതുകൊണ്ട് തന്നെ ഇന്നത്തെ യോഗനേതൃത്വം നവോത്ഥാന പ്രവർത്തനങ്ങളിൽ നിന്ന‌് മാറിനിന്നാൽ അത‌് ചരിത്രപരമായ വിഡ്ഢിത്തമാകും. നവേത്ഥാന പ്രസ്ഥാനങ്ങളുടെ ചുമതലയുടെ ഭാഗമായി സർക്കാർ മുൻകൈയെടുത്ത‌് സംഘടിപ്പിച്ചിക്കുന്ന വനിതാമതിൽ എന്ന ആശയം എസ‌്എൻഡിപി യോഗത്തിന‌് സ്വീകാര്യമാണ്. ഇക്കാര്യത്തിൽ യോഗം നേരത്തെയെടുത്ത തീരുമാനത്തിൽ ഒരു മാറ്റവുമില്ല. യോഗം വിശ്വാസികൾക്കൊപ്പം തന്നെയാണ‌്. കോടതിയാണ‌് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത‌്. ശബരിമല പൂങ്കാവനത്തെ സമരഭൂമിയാക്കാതെ സെക്രട്ടറിയറ്റ് പടിക്കലേക്ക് സമരം മാറ്റിയ ബിജെപിയുടെ വൈകിവന്ന വിവേകത്തെ അഭിനന്ദിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Ssq1Yl
via IFTTT
No comments:
Post a Comment