കോട്ടയം
മണ്ഡലകാല തിരക്കിനിടെ തീർഥാടകർക്ക‌് ദുരിതയാത്ര സമ്മാനിച്ച‌് റെയിൽവേയുടെ ഗതാഗത നിയന്ത്രണം. വിവിധ സംസ്ഥാനങ്ങളിൽനിന്ന‌് ശബരിമല യാത്രയ‌്ക്കെത്തിയവരും തീർഥാടനം കഴിഞ്ഞ‌് പമ്പയിൽനിന്ന‌് ബസിൽ മടങ്ങിയെത്തിയവരും കോട്ടയം റെയിൽവേ സ‌്റ്റേഷനിൽ കുടുങ്ങി. ചില ട്രെയിനുകൾ കായംകുളം, എറണാകുളം സ‌്റ്റേഷനുകളിൽനിന്ന‌് ആലപ്പുഴ വഴി തിരിച്ചുവിട്ടപ്പോൾ ഗുരുവായൂർ–-പുനലൂർ ട്രെയിൻ കോട്ടയത്ത‌് സർവീസ‌് അവസാനിപ്പിച്ചു. പാതിവഴിയിൽ ഇറങ്ങേണ്ടിവന്ന തീർഥാടകർക്ക‌് ഒടുവിൽ കെഎസ‌്ആർടിസി ബസുകൾ തുണയായി.
ചങ്ങനാശേരി–-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം റൂട്ടിൽ ബുധനാഴ‌്ച മുതൽ 23 വരെയാണ‌് ഗതാഗത നിയന്ത്രണം. വിവിധ സംസ്ഥാനങ്ങളിൽനിന്ന‌് എത്തുന്ന തീർഥാടകർ കോട്ടയം, ചെങ്ങന്നൂർ ഇടത്താവളങ്ങളിലെത്തിയാണ‌് ശബരിമലയ‌്ക്കു പോകുന്നത‌്. ഗതാഗതത്തിന‌് നിയന്ത്രണം വന്നതോടെ ആയിരക്കണക്കിന‌് തീർഥാടകർ ദുരിതത്തിലായി. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ‌് നിയന്ത്രണമെന്ന വിമർശനം ഉയർന്നിട്ടുണ്ട‌്. ട്രെയിനുകൾ വഴിതിരിച്ചു വിടുന്നതിന്റെ ഭാഗമായി തീരദേശ പാതയിലെ സ‌്റ്റേഷനുകളിൽ അധിക സൗകര്യം റെയിൽവേ ഒരുക്കിയില്ല. തീർഥാടകർ കൂടുതലായി എത്തുന്ന ശബരി, കേരള എക‌്സ‌്പ്രസുകളടക്കം ഇത്തരത്തിൽ ആലപ്പുഴ വഴി തിരിച്ചുവിട്ടു. കേരള എക‌്സ‌്പ്രസിൽ എറണാകുളത്ത‌് എത്തിയവർക്ക‌് കണക്ഷൻ സർവീസായി ഗുരുവായൂർ–-പുനലൂർ ട്രെയിനിൽ യാത്ര തുടർന്നെങ്കിലും ഇത‌് കോട്ടയത്ത‌് സർവീസ‌് അവസാനിപ്പിച്ചത‌് തീർഥാടകർക്ക‌് തിരിച്ചടിയായി. ചെങ്ങന്നൂർ ഇടത്താവളത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ട‌് എത്തിയവരടക്കം കോട്ടയത്ത‌് ഇറങ്ങേണ്ടിവന്നു.
ആലപ്പുഴ തീരദേശപാത വഴി തിരിച്ചുവിട്ട ട്രെയിനിലെത്തിയ തീർഥാടകർ ചേർത്തല, ആലപ്പുഴ, ഹരിപ്പാട‌് അടക്കമുള്ള സ‌്റ്റേഷനുകളിൽ ഇറങ്ങി. തീരദേശ പാതയിലെ സ‌്റ്റേഷനുകളിൽ വിരിവയ‌്ക്കാനുള്ള പ്രത്യേക സൗകര്യമോ ഇടത്താവളമോ ഏർപ്പെടുത്തിയിരുന്നില്ല. ഇതിനാൽ തീർഥാടകർക്ക‌് ആവശ്യമായ വിശ്രമ സൗകര്യമോ ശുചിമുറികളോ കിട്ടിയില്ല. പുലർച്ചെ എത്തിയവർ തുടർയാത്രയ‌്ക്ക‌് വഴികാണാതെ മണിക്കൂറുകളോളം സ‌്റ്റേഷനുകളിൽ അകപ്പെട്ടു.
തീർഥാടനം കഴിഞ്ഞ‌് നാട്ടിലേക്ക‌് മടങ്ങാനായി ബസിൽ കോട്ടയത്ത‌് എത്തിയവരും ഏറെനേരം വലഞ്ഞു. തിരികെയാത്രയ‌്ക്കുള്ള ടിക്കറ്റ‌് റിസർവ‌് ചെയ‌്ത‌് എത്തിയവരാണ‌് ദുരിതത്തിലായത‌്. സമയം കഴിഞ്ഞിട്ടും ട്രെയിൻ എത്താതായതോടെ മണിക്കൂറുകളോളം പ്ലാറ്റ‌്ഫോമിലും വിശ്രമ മുറികളിലും ചെലവഴിക്കേണ്ടിവന്നു. ഈ സമയം കൂടുതൽ തീർഥാടകർ മടക്കയാത്രയ‌്ക്കായി എത്തിയതോടെ വൻതിരക്കായി. പിന്നീട‌് അധികൃതരോട‌് വിവരം തിരക്കിയപ്പോഴാണ‌് ഗതാഗത നിയന്ത്രണ വിവരമറിഞ്ഞത‌്. തുടർന്ന‌് കോട്ടയത്തുനിന്ന‌് പുറപ്പെട്ട പുനലൂർ–-ഗുരുവായൂർ ട്രെയിനിൽ എറണാകുളത്തെത്തി അവിടെനിന്ന‌് മറ്റ‌് ട്രെയിനിൽ നാട്ടിലേക്ക‌് മടങ്ങി.
from Kerala || Deshabhimani Online News https://ift.tt/2zUd03a
via IFTTT
No comments:
Post a Comment