ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട‌് മൂന്ന‌് എംഎൽഎമാർ നടത്തുന്ന സത്യഗ്രഹം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കുഴങ്ങുന്ന പ്രതിപക്ഷം ചൊവ്വാഴ‌്ചയും നിയമസഭാനടപടികൾ സ‌്തംഭിപ്പിച്ചു. രാവിലെ സഭാനടപടികൾ ആരംഭിച്ച ഉടൻ പ്രതിപക്ഷം മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി.
ബഹളം തുടർന്നതോടെ ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി. രണ്ടുബില്ലുകൾ പരിഗണനയ‌്ക്കെടുത്ത‌് വേഗത്തിൽ നടപടികൾ പൂർത്തിയാക്കി. 58 മിനിറ്റുകൊണ്ട‌് ചൊവ്വാഴ‌്ചയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സഭ പിരിഞ്ഞു.
രാവിലെ ഒമ്പതിന‌് സഭ ആരംഭിച്ചപ്പോൾത്തന്നെ കറുത്ത ബാനറും മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം സ‌്പീക്കറുടെ ഡയസിനുമുന്നിൽ നിലയുറപ്പിച്ചു. സ‌്പീക്കറുടെ മുഖംമറയുംവിധം കറുത്ത ബാനർ ഉയർത്തി ബഹളംവച്ചു.
പ്രതിഷേധം അറിയിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിച്ചുകൊണ്ട‌് മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ബഹളം പതിവാക്കിയാൽ അംഗീകരിക്കാനാകില്ലെന്നും സ‌്പീക്കർ പറഞ്ഞു. ഇരിപ്പിടങ്ങളിലേക്കുമടങ്ങി സഭാനടപടികളുമായി സഹകരിക്കണമെന്നും വ്യവസ്ഥാപിതമാർഗങ്ങളിൽ പ്രതിഷേധം അറിയിക്കണമെന്നും സ‌്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
നാട്ടിൽ ജനങ്ങൾ നേരിടുന്ന ഒരുപാട‌് പ്രശ‌്നങ്ങളുണ്ടെന്നും അത‌് സഭാതലത്തിൽ ഉയർന്നുവരുന്നതിന‌് അവസരമൊരുക്കണമെന്നും സ‌്പീക്കർ അഭ്യർഥിച്ചു. ബഹളം തുടർന്നതോടെ ചോദ്യോത്തരവേളയുടെ തുടർന്നുള്ള ഭാഗങ്ങൾ റദ്ദാക്കി. ശ്രദ്ധക്ഷണിക്കലിനും സബ‌്മിഷനുകൾക്കുമുള്ള മറുപടികൾ സഭയുടെ മേശപ്പുറത്തുവയ‌്ക്കാൻ സ‌്പീക്കർ റൂളിങ് നൽകി.
തുടർന്ന‌് കേരള മെട്രോപൊളിറ്റൻ ട്രാൻസ‌്പോർട്ട‌് അതോറിറ്റി ബിൽ ചർച്ചകൂടാതെ സെലക്ട‌് കമ്മിറ്റിക്ക‌് വിട്ടു. സബ‌്ജക്ട‌് കമ്മിറ്റി റിപ്പോർട്ട‌് ചെയ‌്ത കേരള സ‌്പോർട‌്സ‌്(ഭേദഗതി) ബിൽ സഭ പാസാക്കി നടപടികൾ അവസാനിപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/2rwbgIC
via IFTTT
No comments:
Post a Comment