തിരുവനന്തപുരം
കേരള നിയമസഭാ മന്ദിരം സമ്പൂർണ ഊർജസംരക്ഷണ പദ്ധതി നടപ്പാക്കി രാജ്യത്തിന‌് മാതൃക സൃഷ്ടിക്കാനൊരുങ്ങുന്നു. നിയമസഭാസമുച്ചയത്തിന‌് ആവശ്യമായ മുഴുവൻ വൈദ്യുതിയും സൗരോർജം വഴി ഉൽപ്പാദിപ്പിച്ചും ഊർജക്ഷമതകൂടിയ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിച്ചുമാണ‌് മാതൃക സൃഷ്ടിക്കുക. നഗരസഭയുടെ സ‌്മാർട്ട‌് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ‌് സൗരോർജ പദ്ധതി. കേന്ദ്ര ഊർജമന്ത്രാലയത്തിന‌് കീഴിലെ എനർജി എഫിഷ്യന്റ‌് സർവീസസ‌് ഏജൻസി(ഇഎസ‌്എൽ)യുമായി ചേർന്നാണ‌് നിലവിലെ വൈദ്യുതി ഉപകരണങ്ങൾ മാറ്റി ഊർജക്ഷമത കൂടിയ ഉപകരണങ്ങൾ സ്ഥാപിക്കുക. ഇതോടൊപ്പം സ‌്പീക്കർ, ഡെപ്യുട്ടി സ‌്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവരുടെ ഔദ്യോഗിക വസതികളിൽ പിഡബ്ല്യുഡി ഇലക‌്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗരോർജ പദ്ധതിയും നടപ്പാക്കുന്നുണ്ട‌്.
നിയമസഭാ ഹാൾ ഉൾപ്പെട്ട സമുച്ചയം, അഡ‌്മിനിസ‌്ട്രേഷൻ ബ്ലോക്ക‌്, എംഎൽഎ ക്വാർട്ടേഴ‌്സ‌് എന്നിവിടങ്ങളിലാണ‌് സോളാർ എനർജി പദ്ധതി നടപ്പാക്കുന്നത‌്. സ‌്മാർട്ട‌്സിറ്റി അധികൃതരുമായി സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ ചർച്ച നടത്തി. അടുത്ത ദിവസംതന്നെ വിശദമായ പഠനം നടത്തി സ‌്പീക്കർക്ക‌് റിപ്പോർട്ട‌് നൽകും. തുടർന്ന‌് ധാരണപത്രം ഒപ്പുവയ‌്ക്കും. നേരത്തെ ഇഎസ‌്എല്ലും സാധ്യതാപഠനം നടത്തി സ‌്പീക്കർക്ക‌് റിപ്പോർട്ട‌് നൽകിയിരുന്നു. കെട്ടിടങ്ങൾക്കുമുകളിലും കാർ പാർക്കിങ‌് ഏരിയയിലുമാകും സൗരോർജ പാനൽ. വിളക്കുകൾ, ഫാനുകൾ തുടങ്ങിയവ മാറ്റി കൂടുതൽ വൈദ്യുതി ലാഭിക്കാവുന്ന ഉപകരണങ്ങൾ സ്ഥാപിക്കും. എല്ലാ വിളക്കുകളും എൽഇഡിയാക്കും. ഇതുസംബന്ധിച്ച‌് ഇഎസ‌്എൽ റിപ്പോർട്ട‌് സമർപ്പിച്ചു. താമസിയാതെ ഇവരുമായി കരാർ ഒപ്പിടും.
നിലവിൽ 1, 86,145 യൂണിറ്റാണ‌് നിയമസഭയുടെ ശരാശരി ഒരുമാസത്തെ വൈദ്യുതി ഉപയോഗമെന്നാണ‌് ഇഎസ‌്എൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. സഭാസമ്മേളനം നടക്കുന്ന സമയത്തും അല്ലാത്ത സമയത്തും വൈദ്യുതി ഉപയോഗത്തിൽ വലിയ അന്തരമാണുള്ളത‌്. കഴിഞ്ഞ ഫെബ്രുവരിയിൽ 1,84,960 യൂണിറ്റ‌് വൈദ്യുതിയാണ‌് സഭയുടെ മൊത്തം ഉപയോഗം. വൈദ്യുതി ചാർജായി അടച്ചത‌് 14,98,052 രൂപയാണ‌്. പത്താംസമ്മേളനം നടന്ന മാർച്ചിൽ 3,09630 യൂണിറ്റും ബിൽ തുക 21,83,120 രൂപയുമായി കൂടി. മെയ‌് മാസം ഉപയോഗം 1,57,680 യൂണിറ്റും ബിൽ തുക 12,56, 742 രൂപയുമായി കുറഞ്ഞപ്പോൾ 11–-ാം സമ്മേളനം നടന്ന ജൂണിൽ ഉപയോഗം 2,55,930 യൂണിറ്റും ബിൽതുക 18,93,390 രൂപയുമായി വീണ്ടും വർധിച്ചു. ജൂലൈയിൽ ഇത‌് വീണ്ടും 1,23,960 യൂണിറ്റും 10,09898 ബിൽ തുകയുമായി കുറഞ്ഞു. എന്നാൽ, ആഗസ‌്തിൽ ഒരു ദിവസംമാത്രം സഭ ചേർന്നപ്പോൾ ഉപയോഗം 1,40,130 യൂണിറ്റായി വർധിച്ചു. ആ മാസത്തെ ബിൽതുക 11,78,924 രൂപയായിരുന്നു. സഭാ സമ്മേളനം നടക്കുമ്പോൾ കേന്ദ്രീകൃത എയർ കണ്ടീഷണർ ഉപയോഗിക്കുന്നതിനാലാണ‌് ഇത്രവലിയ മാറ്റം വരുന്നത‌്.
നിയമസഭയിൽ നടപ്പാക്കുന്ന ഹരിതകൃഷി, കടലാസ‌് രഹിത നിയമസഭ തുടങ്ങിയവയുടെ തുടർച്ചയാണ‌് സോളാർ പദ്ധതിയെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2FU9CdV
via IFTTT
No comments:
Post a Comment