കൊച്ചി
കൊച്ചി -മുസിരിസ് ബിനാലെ നാലാം ലക്കം അടുത്തതോടെ പശ്ചിമ കൊച്ചിയുടെ ചുവരുകൾ ബിനാലെ ചുവരെഴുത്തുകളും ചിത്രങ്ങളും കൊണ്ട് നിറയുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പെപ്പർ ഹൗസ് റെസിഡൻസി പരിപാടിയുടെ ഭാഗമായാണ് ഇക്കുറി ചുവരെഴുത്ത് ചിത്രങ്ങൾ ഒരുങ്ങുന്നത്. എട്ട് യുവകലാകാരന്മാരാണ് കൊച്ചിയുടെ തെരുവുകൾ താണ്ടി ചുവരെഴുത്തുകൾ തയ്യാറാക്കിയത്. ഉപയോഗശൂന്യമായും വൃത്തിയില്ലാതെയും കിടന്ന തെരുവുകളിലാണ് ഈ ദൃശ്യവിരുന്ന‌്.
2012ലെ ആദ്യ ബിനാലെ മുതൽതന്നെ വലിയ ചുവരെഴുത്തുകൾ കൊച്ചിയിലെ ചുവരുകളിൽ ബിനാലെ ഫൗണ്ടേഷൻ ഒരുക്കിയിരുന്നു. എന്നാൽ കലാകാരന്മാരെ ചുവരെഴുത്തുകൾക്കായി ഫൗണ്ടേഷൻ ഔദ്യോഗികമായി ക്ഷണിക്കുന്നത‌് ഇതാദ്യമായാണ്. ഒക്ടോബർ 25ന് ആരംഭിച്ച ചുവരെഴുത്തുകൾ ഡിസംബർ 20 വരെ തുടരും. ബിനാലെ തുടങ്ങിയതിനു ശേഷവും ഈ കലാകാരന്മാരുടെ കഴിവുകൾ സന്ദർശകർക്ക് തത്സമയം കാണാൻ സാധിക്കും.
അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി -മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബർ 12ന് ആരംഭിച്ച് 2019 മാർച്ച് 29 വരെ തുടരും. ആകെ 94 കലാ പ്രതിഷ്ഠാപനങ്ങളാണ് നാലാം ലക്കത്തിൽ ഉണ്ടാകുന്നത്. ഷാന്റൊ ആന്റണി, നിഖിൽ കെ സി, കിരൺ മഹാരാജൻ, ലുവാന സെന്ന, ടിറ്റോ സെന്ന, പരാഗ് സൊനാർഗരെ, ഡു ആൻഡ് ഖത്ര (സിദ്ധാർഥ‌് ആൻഡ് നികുഞ്ജ്) എന്നിവരാണ് ചുവരെഴുത്ത് കലാകാന്മാർ.
മലയാളിയായ ഷാന്റേ സാന്റാ ക്രൂസ് സ്കൂളിന്റെ പടിഞ്ഞാറു വശത്തുള്ള ചുവരിലാണ് ചിത്രം വരയ്ക്കുന്നത്. ഇഎസ്ഐ ആശുപത്രി, മട്ടാഞ്ചേരി എം കെ വെയർ ഹൗസ‌് എന്നിവയുടെ ചുവരിൽ നിഖിലും മട്ടാഞ്ചേരി മുഹമ്മദ് അലി വെയർഹൗസിന് എതിർവശമുള്ള വെയർഹൗസിന്റെ ഭിത്തിയിൽ നേപ്പാൾ സ്വദേശിയായ കിരണും ചുവരെഴുതുന്നു. പോർച്ചുഗീസുകാരായ ലുവാനയും ടിറ്റോയും മുഹമ്മദലി വെയർഹൗസിന്റെ ഭിത്തിയിൽ ജാമ്യതീയ രൂപങ്ങളിലാണ് ചുവരെഴുത്ത് നടത്തുന്നത്. മട്ടാഞ്ചേരി ബസാർ റോഡിലെ ഫൈദി ഓഡിറ്റോറിയം, ടി കെ കൃഷ്ണൻനായർ ഷോപ്പ് എന്നിവിടങ്ങളിലെ ചുവരിലാണ് പരാഗ് സോനാർഗരെയുടെ ചിത്രരചന. മിഴികളുടെ ചിത്രമാണ് ഇതിനെ വേറിട്ടതാക്കുന്നത്. ഗുജറാത്തി കലാകാരന്മാരായ സിദ്ധാർഥ‌്, നികുഞ്ജ് എന്നിവരുടെ സംഘമായ ഡു ആൻഡ് ഖത്ര ഫോർട്ട് കൊച്ചി പൊലീസ് ക്വാർട്ടേഴ്സിന്റെ ചുവരിലും സൃഷ്ടി നടത്തുന്നു.
from Kerala || Deshabhimani Online News https://ift.tt/2Ehkl0c
via IFTTT
No comments:
Post a Comment