ശബരിമല വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഒടുവിൽ യുഡിഎഫും ബിജെപിയും നടത്തിയ ഇറങ്ങിപ്പോക്ക‌് നാടകം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച‌്. ഇരുകൂട്ടരും യോഗാവസാനംവരെ ഇരിക്കുകയും മുഖ്യമന്ത്രിയും മറ്റ‌് കക്ഷിനേതാക്കളും പറയുന്നത‌് കേൾക്കുകയും സ്വന്തം അഭിപ്രായം പറയുകയും ചെയ‌്തു.
ഇതുകഴിഞ്ഞാണ‌് സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളെ കുറിച്ച‌് തന്ത്രി–-രാജകുടുംബവുമായി ചർച്ച നടത്തി തീരുമാനിക്കാമെന്ന നിർദേശം മുഖ്യമന്ത്രി മുന്നോട്ടുവയ‌്ക്കുകയും യോഗം അവസാനിപ്പിക്കുകയും ചെയ‌്തത‌്. ഇങ്ങനെ യോഗം അവസാനിച്ചാൽ മുതലെടുപ്പ‌് രാഷ്ട്രീയം കളിക്കാനാകില്ലെന്ന ഉൾവിളിയിൽ ആദ്യം ചെന്നിത്തലയും പിന്നീട‌് ശ്രീധരൻപിള്ളയും ഇറങ്ങിപ്പോക്ക‌് പ്രഖ്യാപിക്കുകയായിരുന്നു.
സർക്കാർ സർവകക്ഷിയോഗം വിളിച്ചപ്പോൾത്തന്നെ കോൺഗ്രസും ബിജെപിയും ഇത്തരം പദ്ധതി തയ്യാറാക്കിയിരുന്നു. യോഗത്തിൽ പങ്കെടുക്കാൻപോലും പാടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യംപറഞ്ഞത‌്. എന്നാൽ, അത‌് തിരിച്ചടിയാകുമെന്ന‌് ഭയന്നാണ‌് പങ്കെടുത്തത‌്. അപ്പോൾ മുസ്ലിംലീഗ‌് ഉൾപ്പെടെ വച്ച ‘സമവായ’മാണ‌് അവസാനം ബഹിഷ‌്കരിക്കുകയെന്നത‌്. ഇത‌് ബുധനാഴ‌്ചതന്നെ ദൃശ്യമാധ്യമങ്ങൾ വാർത്തയാക്കി.
സർവകക്ഷി യോഗത്തിൽ പങ്കെടുത്ത‌് ബഹളംവച്ച‌് പിരിയാനായിരുന്നു ബിജെപിയും ലക്ഷ്യമിട്ടത‌്. എന്നാൽ, യോഗത്തിൽ പങ്കെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ‌് ശ്രീധരൻപിള്ളയ‌്ക്ക‌് അതിന‌് അവസരം കിട്ടിയില്ല. കാരണം മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗം അത്രയും വ്യക്തവും സ‌്പഷ്ടവുമായിരുന്നു.പിന്നീട‌് ചർച്ചയിൽ അവരുടെ വാദങ്ങൾ ഉയർത്തിയെങ്കിലും മറ്റ‌് കക്ഷി നേതാക്കളുടെ ചർച്ചയും കൂടിയായതോടെ നിലപാടിൽ പിടിച്ചുനിൽക്കാനായില്ല.
സ്ത്രീപ്രവേശനത്തിന‌് ക്രമീകരണമെന്ന നിലപാടും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തന്ത്രി–-രാജകുടുംബങ്ങളുമായി ആലോചിച്ച‌് തീരുമാനിക്കാമെന്ന മുഖ്യമന്ത്രിയുടെ നിലപാടും പ്രതിപക്ഷത്തെയും ബിജെപിയെയും കുഴക്കി. അപ്പോഴാണ‌് സർക്കാർ സാവകാശ ഹർജി നൽകണമെന്ന മുടന്തൻവാദം ആവർത്തിച്ചത‌്.
സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും സാധ്യമല്ലാത്ത ഇത്തരം വാദം ഉന്നയിച്ചതുതന്നെ യോഗത്തിൽ ഇറങ്ങിപ്പോകാനുള്ള കളം ഒരുക്കാനായിരുന്നു. തുടർന്ന‌് ഒരേ തൂവൽപക്ഷികളെപ്പോലെ യോഗഹാളിൽനിന്ന‌് ഇറങ്ങിപ്പോയി.
from Kerala || Deshabhimani Online News https://ift.tt/2DK9fR6
via IFTTT
No comments:
Post a Comment