കൊച്ചി > ശബരിമലയിൽ ക്രമസമാധാനപാലനത്തിന‌് സർക്കാർ ഇടപെടുന്നതിൽ തെറ്റില്ലെന്ന‌് ഹൈക്കോടതി. ശബരിമലയിൽ സർക്കാരും പൊലീസും സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ നിർദേശപ്രകാരമാണെന്ന‌് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ശബരിമലയിലുണ്ടായ സംഘർഷത്തെത്തുടർന്ന‌് കർശനനടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചിരുന്നതായി സർക്കാരിനുവേണ്ടി ഹാജരായ സ‌്റ്റേറ്റ‌് അറ്റോർണി കെ വി സോഹൻ വിശദീകരിച്ചു.
ശബരിമലയിൽ യഥാർഥ തീർഥാടകർക്ക‌് സംരക്ഷണം നൽകുമെന്നും സർക്കാർ ബോധിപ്പിച്ചു. ശബരിമലയിലുണ്ടായ സംഘർഷത്തെക്കുറിച്ച‌് അന്വേഷണം നടത്താനാകില്ലെന്ന‌് ദേവസ്വം ഓംബുഡ‌്സ‌്മാനും കോടതിയെ അറിയിച്ചു.
അന്വേഷണം തന്റെ അധികാരിപരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം ബോധിപ്പിച്ചു. ശബരിമലയിലെ ഒരുക്കങ്ങളും പൊലീസ‌് സ്വീകരിച്ച നടപടികളും സുരക്ഷാനടപടികളും സംബന്ധിച്ച‌് വിശദീകരണപത്രിക സമർപ്പിക്കാൻ കോടതി സർക്കാരിന‌് സാവകാശം നൽകി.
സംഘർഷത്തിനിടെ അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ഇവരുടെ പേരുവിവരപ്പട്ടിക ഹാജരാക്കാനും സംസ്ഥാന പൊലീസ‌്മേധാവിക്ക‌് കോടതി നിർദേശംനൽകി. സന്നിധാനത്തേക്ക‌് മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നത‌് പൊലീസ‌് തടഞ്ഞുവെന്ന ആരോപണത്തെക്കുറിച്ചും വിശദീകരണം നൽകണം.
തീർഥാടകരുടെ പേരുവിവരം വനിതാപൊലീസുകാർ രേഖപ്പെടുത്തുന്നുവെന്നും ഇത‌് തീർഥാടകർക്ക‌് കടുത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്നും കോടതിയിൽ ആരോപണം ഉയർന്നു. തീർഥാടകർക്ക‌് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരുകാര്യവും പൊലീസ‌് ചെയ്യരുതെന്ന‌് കോടതി വാക്കാൽ നിർദേശിച്ചു.
സുപ്രീംകോടതി യുവതികൾക്ക‌് പ്രവേശനം അനുവദിച്ചതിനെത്തുടർന്ന‌് തീർഥാടകർക്ക‌് സൗകര്യങ്ങൾ ഏർപ്പെടുത്താനും സുരക്ഷ ഏർപ്പെടുത്താനുംമാത്രമാണ‌് സർക്കാർ പ്രഥമ പരിഗണന നൽകിയിട്ടുള്ളതെന്ന‌് സ‌്റ്റേറ്റ‌് അറ്റോർണി വിശദീകരിച്ചു. അരവണ, അപ്പം നിർമാണ യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ നവംബർ 16നകം പൂർത്തിയാക്കുമെന്ന‌് ദേവസ്വംബോർഡ‌് കോടതിയെ അറിയിച്ചു.
ശർക്കര ഗോഡൗണിന്റെ പണി പൂർത്തിയായി. മറ്റു നിർമാണപ്രവർത്തനങ്ങളും മണ്ഡല മകരവിളക്ക‌് നടതുറപ്പിനുമുമ്പ‌് പൂർത്തിയാകും. ശബരിമലയിൽ മൂവായിരത്തോളം താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നുവെന്നും നിയമനം ചട്ടങ്ങൾ ലംഘിച്ചാണെന്നും ആരോപിച്ചുള്ള ഹർജിയിൽ വിശദീകരണം നൽകാൻ കോടതി ദേവസ്വം ബോർഡിനോട‌് നിർദേശിച്ചു.
സർക്കാർ ദേവസ്വം ബോർഡിന്റെ അധികാരത്തിൽ കടന്നുകയറുകയാണെന്നും മറ്റും ആരോപിച്ച ഒരുകൂട്ടം ഹർജികളാണ‌് ജസ‌്റ്റിസുമാരായ പി ആർ രാമചന്ദ്രമേനോൻ, എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെ ഞ്ച‌് പരിഗണിച്ചത‌്. ഹർജികൾ കൂടുതൽ വാദത്തിനായി മാറ്റി.
from Kerala || Deshabhimani Online News https://ift.tt/2DmvGfb
via IFTTT
No comments:
Post a Comment