ശബരിമല യുവതീപ്രവേശന വിഷയം സർക്കാരിനെതിരായ രാഷ‌്ട്രീയ ആയുധമാക്കിയതിലൂടെ കോൺഗ്രസും ബിജെപിയും പയറ്റുന്നത‌് ദ്വിമുഖ തന്ത്രം. പ്രളയാനന്തര പുനഃസൃഷ‌്ടിക്കായി ഒത്തൊരുമയോടെ കേരളം മുന്നേറുന്നത‌് തടയുകയാണ‌് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ, ഇന്ധന വിലവർധന ഉൾപ്പെടെയുള്ള പ്രശ‌്നങ്ങളിൽ മോഡി ഭരണത്തിനെതിരായ ജനരോഷം വഴിതിരിച്ചുവിടുകയാണ‌് ബിജെപിയുടെ തന്ത്രം. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന ഇരുകൂട്ടരും കേരളത്തിന്റെ ജനകീയ കൂട്ടായ‌്മയെ തകർക്കാനാണ‌് ശ്രമിക്കുന്നത‌്.
കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയ മലയാളികൾ ഒരേ മനസ്സോടെയാണ‌് ഏറ്റെടുത്തത‌്. ഈ ഒത്തൊരുമ കോൺഗ്രസിനെയും ബിജെപിയെയും ശരിക്കും അലോസരപ്പെടുത്തി. ഏത‌് വിധേനയും ഈ മുന്നേറ്റത്തിന‌് തുരങ്കം വയ‌്ക്കാനായിരുന്നു ശ്രമം. വിദേശ മലയാളികളെ നേരിട്ട‌് കണ്ട‌് സഹായം അഭ്യർഥിക്കുന്നതിന‌് മന്ത്രിമാർ വിവിധ രാജ്യങ്ങളിൽ പോകാൻ അനുമതി തേടിയെങ്കിലും കേന്ദ്രം വിലക്കി. 17 മന്ത്രിമാരുടെ വിദേശ യാത്രയിലൂടെ നവകേരള നിർമ്മാണത്തിന‌് കോടികളുടെ വിഭവ സമാഹരണം നടക്കുമായിരുന്നു.
പ്രളയ ദുരിതാശ്വാസമായി കേരളം ചോദിച്ച സഹായം കേന്ദ്രം നൽകിയില്ല. നാശനഷ‌്ടം വിലയിരുത്തിയ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട‌് ഇതുവരെ അന്തിമരൂപം ആയിട്ടില്ല. ചില വിദേശരാജ്യങ്ങൾ സഹായിക്കാൻ സന്നദ്ധത കാട്ടിയെങ്കിലും അതും വിലക്കി. യുഡിഎഫും ബിജെപിയും ഇതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. കേന്ദ്രം സഹായിക്കാൻ കൂട്ടാക്കുന്നില്ലെന്ന‌് മാത്രമല്ല, അതിന‌് മുതിരുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു.
ഇന്ധനവില അനുനിമിഷം കുതിച്ചുയരുകയാണ‌്. സാമ്പത്തിക മാന്ദ്യം, വിലക്കയറ്റം, റാഫേൽ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ അഴിമതി.
ഇതിനെല്ലാമെതിരെ ഉയരുന്ന ജനവികാരം തിരിച്ചുവിടുകയായിരുന്നു ബിജെപി ലക്ഷ്യം. രാഷ‌്ട്രീയ വിയോജിപ്പ‌് നിലനിർത്തുമ്പോഴും വികസനരംഗത്ത‌് കേരളം സ്വീകരിക്കുന്ന നടപടികളെ കേന്ദ്രമന്ത്രിമാർ അവസരം കിട്ടുമ്പോഴെല്ലം പ്രശംസിക്കാറുണ്ട‌്. ഏറ്റവും ഒടുവിൽ കേന്ദ്രമന്ത്രി ഗഡ‌്കരി മുഖ്യമന്ത്രിയെയും സർക്കാരിനെയും പരസ്യമായാണ‌് അഭിനന്ദിച്ചത‌്. സംസ്ഥാനത്തെ ബിജെപി നേതാക്കളെ ഇതെല്ലാം അലോസരപ്പെടുത്തുന്നു.
നവകേരള നിർമാണത്തിനുള്ള പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പിന്തുണ യുഡിഎഫിന്റെയും ബിജെപിയുടെയും കണ്ണുതള്ളിച്ചു. കേരളീയരുടെ വൈകാരിക മുന്നേറ്റം ഈ നിലയിൽ മുന്നോട്ടുപോകാൻ പാടില്ലെന്ന‌് കണക്കുകൂട്ടിയിരിക്കുമ്പോഴാണ‌് ശബരിമല വീണുകിട്ടിയത‌്. ഓഖി മുതൽ പ്രളയം വരെ കേരളം നേരിട്ട വൻ ദുരന്തകാലത്തൊന്നും ബിജെപി അധ്യക്ഷൻ അമിത‌്ഷാ ഇവിടേയ‌്ക്ക‌് തിരിഞ്ഞുനോക്കിയിട്ടില്ല. പക്ഷേ ശബരിമല വിഷയത്തിൽ മറ്റെല്ലാം മാറ്റിവച്ച‌് കലാപത്തിന‌് തീ പടർത്താൻ അമിത‌്ഷാ എത്തി. രാഹുൽഗാന്ധി എതിർത്തിട്ടും കോൺഗ്രസ്സും ശബരിമലയെ രാഷ‌്ട്രീയ ആയുധമാക്കുന്നത‌് സർക്കാരിനുള്ള ജനപിന്തുണ തകർക്കാൻ കഴിയുമോ എന്നു നോക്കാനാണ‌്.
from Kerala || Deshabhimani Online News https://ift.tt/2RsQuoh
via IFTTT
No comments:
Post a Comment