കൊച്ചി
ശബരിമലയിൽ യുവതികൾക്കായി വ്രതനിഷ‌്ഠ രൂപപ്പെടുത്താനായി നിർദേശം നൽകാനാകില്ലെന്ന‌് ഹൈക്കോടതി. യുവതീ പ്രവേശനം സുപ്രീം കോടതി അന്തിമമാക്കിയാൽ വ്രതകാലം ചുരുക്കാൻ തന്ത്രിക്ക‌് നിർദേശം നൽകണമെന്നാവശ്യപ്പെട്ട‌് സമർപ്പിച്ച ഹർജി ജസ‌്റ്റിസുമാരായ പി ആർ രാമചന്ദ്രമേനോൻ, എൻ അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച‌് തള്ളി.
സുപ്രീംകോടതി വിധിയുടെ പശ‌്ചാത്തലത്തിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട‌് ശബരിമലയിൽ സമാധാനഭംഗം ഉണ്ടായെന്നും ഇത‌് പരിഹരിക്കാൻ സ‌്ത്രീകൾക്ക‌് വ്രതകാലം ചുരുക്കണമെന്ന‌് ആവശ്യപ്പെട്ട‌് കോട്ടയം മേമുറി സ്വദേശി നാരായണൻപോറ്റിയാണ‌് നേരിട്ട‌് കോടതിയിൽ ഹാജരായി ഹർജി നൽകി വാദം നടത്തിയത‌്.
ആർത്തവം തൊട്ടുകൂടായ‌്മയല്ലെന്നാണ‌് സുപ്രീംകോടതി വിധിച്ചതെന്നും ഈ സാഹചര്യത്തിൽ വ്രതം വേണമെന്നോ വേണ്ടെന്നോ പറയാൻ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്രതം ചുരുക്കാനും നിർദേശിക്കാനാകില്ല. ഹർജിയിലെ ആവശ്യങ്ങൾക്ക‌് സാധൂകരണമില്ലെന്നും കോടതി വ്യക്തമാക്കി.
പുരുഷന്മാർ ഒരാഴ‌്ചവരെ വ്രതമെടുത്ത‌് ദർശനത്തിനു പോകുന്നുണ്ട‌്. ദേവസ്വം ബോർഡിനും തന്ത്രിക്കും ഇക്കാര്യം അറിവുള്ളതാണ‌്. പടിപൂജ, കൊടിപൂജ എന്നീ ആചാരങ്ങൾ പിന്നീട‌് ഉണ്ടായതാണ‌്.
21 ദിവസത്തെ വ്രതം അനുഷ‌്ഠിച്ച‌് മലചവിട്ടാൻ സ‌്ത്രീകളെ അനുവദിക്കണമെന്നും വനിതകളെ കണ്ടാൽ നടയടക്കുമെന്ന തന്ത്രിയുടെ നിലപാട‌് സുപ്രീംകോടതി വിധിക്ക‌് എതിരാണെന്നും തന്ത്രി സഹകരിക്കുന്നില്ലെന്നും ഹർജിക്കാരൻ വാദിച്ചു. തന്ത്രിയും ദേവസ്വം ബോർഡും പന്തളം രാജകുടുംബവും ഒത്തുതീർപ്പിലെത്തുകയാണ‌് വേണ്ടത‌്. അത‌് പ്രശ‌്നപരിഹാരം സാധ്യമാക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
from Kerala || Deshabhimani Online News https://ift.tt/2qzu0q9
via IFTTT
No comments:
Post a Comment