തൃശൂർ > സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയ‌്ക്ക‌് കിരീടം. മൂന്നുദിവസമായി തൃശൂരിൽ നടന്ന 49–-ാമത് സംസ്ഥാന സ്കൂൾ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 69 സ്വർണവും 73 വെള്ളിയും 31 വെങ്കലവും മുങ്ങിയെടുത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്. 652 പോയിന്റുമായാണ് തിരുവനന്തപുരം ചാമ്പ്യൻമാരായത‌്. 143 പോയിന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനവും 123 പോയിന്റുമായി കോട്ടയം ജില്ല മൂന്നാം സ്ഥാനവും നേടി. ആതിഥേയ ജില്ലയായ തൃശൂരാണ് 103 പോയിന്റ് നേടി നാലാം സ്ഥാനത്ത്. സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ ഇത്തവണ 20 പുതിയ റെക്കൊഡുകളാണ‌് പിറന്നത‌്.
15 സ്വർണവും 8 വെള്ളിയും 24 വെങ്കലവും എറണാകുളം നേടി. 13 സ്വർണവും എട്ട് വെള്ളിയും 12 വെങ്കലവും കോട്ടയം നേടിയപ്പോൾ, തൃശൂരിന്റെ കുട്ടികൾ ആറു സ്വർണവും 11 വെള്ളിയും 24 വെങ്കലവും നേടി. സബ് ജൂനിയർ ബോയ്സ്, സബ് ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എന്നീ വിഭാഗങ്ങളിലെല്ലാം തിരുവനന്തപുരം ചാമ്പ്യന്മാരായി.
സ്കൂൾ വിഭാഗത്തിൽ കളമശേരി ഗവ. വിച്ച്എസ്എസ് ആൻഡ് എച്ച്എസ്എസാണ് കിരീടം നേടിയത്. 11 സ്വർണവും 4 വെള്ളിയും മൂന്ന് വെങ്കലവും ഇവർ മുങ്ങിയെടുത്തു. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം കണ്യാർകുളങ്ങര എച്ച്എസ്എസ് ആറു സ്വർണവും 11 വെള്ളിയും വെങ്കലവും നേടി രണ്ടാം സ്ഥാനത്തെത്തി. ഇരുവർക്കും 70 പോയിന്റ് വീതം ലഭിച്ചെങ്കിലും മികച്ച സ്വർണനേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കളമശേരി സ്കൂൾ ചാമ്പ്യന്മാരായത്. അഞ്ചു സ്വർണവും മൂന്ന് വെള്ളിയും ആറു വെങ്കലവുമായി തിരുവനന്തപുരം പാപ്പനംകോട് വിഎച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി.
സബ് ജൂനിയർ ബോയ്സിൽ മൂന്നിനങ്ങളിൽ സ്വർണം നേടിയ കളമശേരി ഗവ. വിഎച്ച്എസ്എസിലെ വി ആർ ഷിന്റോ വ്യക്തിഗത ചാമ്പ്യനായി. സബ് ജൂനിയർ ഗേൾസിൽ മൂന്നു വീതം സ്വർണം നേടിയ തിരുവനന്തപുരം സായിയുടെ എസ് ഭദ്ര സുദേവൻ, പിരപ്പൻകോട് സിഎസ്എച്ച് സ്വിമ്മിങ്ങിലെ അഭിരാമി ശ്രീകുമാർ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ജൂനിയർ ബോയ്സിൽ കണിയാപുരം സ്പെഷ്യൽ ഹോസ്റ്റൽ ഫോർ റെസലിങ്ങിലെ പി ആർ ബിനാസ്, എസ് ഗിരിധർ, കളമശേരി രാജഗിരി ഹൈസ്കൂളിലെ ആരോൺ ജെ തോമസ് എന്നിവരും ജൂനിയർ ഗേൾസിൽ പാല സെന്റ് മേരീസ് എച്ച്എസ്എസിലെ സി ജെ ശ്രദ്ധ, മുത്തോളി സെന്റ് ജോസഫ്സിലെ സാനിയ സജി, പിരപ്പൻകോട് വിഎച്ച്എസ്എസിലെ കുൽസാൻ സാൽവന എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയർ ബോയ്സിൽ കളമളേരി വിഎച്ച്എസ്എസിലെ പി ജെ ജഗൻനാഥൻ, നാണിയോട് സ്വിമിങ് എച്ച്എസ്എസിലെ ജി വിഷ്ണു, ടി കെ കൃഷ്ണജിത് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സീനിയർ ഗേൾസിൽ കണ്യാർകുളങ്ങര ഗേൾസ് എച്ച്എസ്എസിലെ ബി എസ് ബിന്ധ്യ, ചേർപ്പുങ്കൽ ഹോളി ക്രോസിലെ ഏഞ്ചൽ മാത്യു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
from Kerala || Deshabhimani Online News https://ift.tt/2PgSAeb
via IFTTT
No comments:
Post a Comment