സംഘപരിവാർ സംഘടനകൾ നാടെങ്ങും കലാപത്തിന‌് തീ കൊളുത്തുന്നത‌് ശബരിമല മണ്ഡലകാല തീർഥാടനം അലങ്കോലപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ. 1992ൽ ബാബ‌്റി മസ‌്ജിദ‌് പൊളിച്ചതിന‌് രാജ്യമെങ്ങും നടത്തിയ ഗൂഢപദ്ധതികൾക്ക‌് സമാനമായാണ‌് ശബരിമല വിഷയത്തിൽ കേരളത്തിലാകെ കലാപത്തിന‌് കോപ്പുകൂട്ടുന്നത‌്. അഭ്യൂഹങ്ങളും നുണക്കഥകളും സൃഷ്ടിച്ചും പാതിരാ അക്രമം നടത്തിയും ഭീതിയും വിദ്വേഷവും വിതച്ചാണ‌് കലാപത്തിന‌് ശ്രമിക്കുന്നത‌്. യുവതീപ്രവേശം അനുവദിച്ച‌് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ തുലാമാസ പൂജാകാലയളവിൽ നടത്തിയ കലാപനീക്കം പൊളിഞ്ഞതോടെയാണ‌് മണ്ഡലകാലത്തിന‌് മുന്നോടിയായുള്ള ഗൂഢാലോചന. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത‌് ഉൾപ്പെടെയുള്ള അക്രമങ്ങൾ ഇതിന‌് തെളിവാണ‌്. ളാഹയിൽ അയ്യപ്പഭക്തൻ മരിച്ച സംഭവത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതും തലസ്ഥാനത്ത‌് എൻഎസ‌്എസ‌് കരയോഗത്തിന‌് നേരെ അക്രമം നടത്തിയതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ട തുടർസംഭവങ്ങൾ.
ഒന്നിനുപിറകെ ഒന്നായി നുണക്കഥകൾ
ശബരിമല ദർശനം കഴിഞ്ഞ‌് തിരിച്ചിറങ്ങിയ അയ്യപ്പഭക്തൻ മരിച്ചത‌് സഞ്ചരിച്ച വാഹനം മറിഞ്ഞാണ‌്. ഇത‌് അപകടമാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണ‌്. ഇൗ സംഭവത്തിന‌് ശബരിമലയിൽ സംഘപരിവാർ അഴിച്ചുവിട്ട അക്രമത്തിനിടെയുണ്ടായ പൊലീസ‌് നടപടിയുമായി ഒരു ബന്ധവുമില്ലെന്ന‌് തുടക്കത്തിലേ വ്യക്തമായിരുന്നു. എന്നിട്ടും പൊലീസ‌് മർദനത്തിൽ കൊല്ലപ്പെട്ട ‘ബലിദാനി’യായി ചിത്രീകരിച്ചാണ‌് സംഘർഷത്തിന‌് ശ്രമിച്ചത‌്. ഇതിന്റെ പേരിൽ ഹർത്താലിന്റെ മറവിലും കുഴപ്പത്തിന‌് ശ്രമിച്ചു. പൊലീസ‌് അക്രമത്തിൽ അയ്യപ്പഭക്തൻ കൊല്ലപ്പെട്ടുവെന്ന‌് വാട‌്സാപ്പും ഫേയ‌്സ‌് ബുക്കും ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകമെങ്ങും പ്രചരിപ്പിച്ചു.
തലസ്ഥാനത്ത‌് എൻഎസ‌്എസ‌് കരയോഗം ഓഫീസ‌് അക്രമിച്ച‌് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ പേരെഴുതിയ റീത്ത‌് വച്ചതിനുപിന്നിലും ദുരൂഹതയുണ്ട‌്. നിമിഷങ്ങൾക്കകം സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത‌് നാമജപ ഘോഷയാത്ര കഴിഞ്ഞതിന്റെ പ്രതികാരമാണെന്നാണ‌്. ഇതും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. സന്നിധാനത്തേക്ക‌് 1500 സിപിഐ എം പ്രവർത്തകരെ നിയോഗിച്ചുവെന്നായിരുന്നു മറ്റൊരു നുണ. ഇത‌് പൊളിഞ്ഞപ്പോൾ ദർശനത്തിന‌് താൽപ്പര്യമുള്ള യുവതികളുടെ വിവരം സിപിഐ എം ശേഖരിക്കുന്നുവെന്ന കഥ സൃഷ്ടിച്ചു. അന്യമതസ്ഥരെയും വിശ്വാസികളല്ലാത്തവരെയും കയറ്റിവിടാൻ ശ്രമിച്ചതാണ‌് ശബരിമലയിൽ 16നും 17നും ഉണ്ടായ സംഘർഷത്തിന‌് കാരണമെന്ന കഥയായിരുന്നു സംഘപരിവാർ ആദ്യം പ്രചരിപ്പിച്ചത‌്.
പൊലീസിന്റെ ആത്മവീര്യം തകർക്കാനും നീക്കം
വനിതാ മാധ്യമപ്രവർത്തകരെയും വിശ്വാസികളെയും സംഘപരിവാറുകാർ സന്നിധാനത്തും നിലയ‌്ക്കലും അക്രമിച്ചതെന്നതിന്റെ ദൃശ്യങ്ങൾവരെ പുറത്തുവന്നതോടെ ആ നുണ പൊളിഞ്ഞു. 50 വയസ്സിന‌് മുകളിലുള്ള സ‌്ത്രീകളെപ്പോലും അക്രമിച്ചു. എന്നാൽ, പൊലീസ‌് സംയമനം പാലിച്ചു. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്ന പൊലീസുകാരെ ജാതിയും മതവും നോക്കി ചേരിതിരിവ‌് സൃഷ്ടിച്ച‌് ഭീഷണിപ്പെടുത്തി. ഉന്നതഉദ്യോഗസ്ഥരെപ്പോലും അവഹേളിച്ചു. ആത്മവീര്യം തകർക്കുകയായിരുന്നു ഉദ്ദേശം.
വ്യാജകഥകളുമായി ഹർജികളും
ഗൂഢപദ്ധതികൾ എല്ലാം പൊളിച്ചാണ‌് തുലാമാസപൂജ സമാധാനപരമായി നടത്തിയത‌്. ഈ പദ്ധതികൾ ആസൂത്രണം ചെയ‌്ത ക്രിമിനലുകൾക്കെതിരെ പൊലീസ‌് ശക്തമായ നടപടി സ്വീകരിച്ചപ്പോൾ അതിനെതിരെയും നുണ തുടങ്ങി. ഹൈക്കോടതിയിൽ ഉൾപ്പെടെ വ്യാജ കഥകളുമായി ഹർജികൾ നൽകി. അത്തരം ഹർജികളെല്ലാം ഹൈക്കോടതി വലിച്ചെറിഞ്ഞു. എന്നാൽ, നിരവധി ക്രിമിനലുകൾ ഒളിവിലാണ‌്. മണ്ഡലപൂജക്കാലത്ത‌് ഈ ക്രിമിനലുകളും കലാപത്തിന‌് ഇറങ്ങാനുള്ള സാധ്യതയും പൊലീസും സർക്കാരും പരിശോധിക്കുന്നുണ്ടെന്നാണ‌് വിവരം.
from Kerala || Deshabhimani Online News https://ift.tt/2zn1Jad
via IFTTT
No comments:
Post a Comment