കണ്ണൂര്‍ > കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റിന്റെ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം. കീഴാറ്റൂര്‍ വയലിലൂടെ തന്നെ റോഡ് പോകുമെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം. വിജ്ഞാപനം മരവിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിജെപി കീഴാറ്റൂരിന്റെ പേരില്‍ ചിലരെ കൂട്ടുപിടിച്ച് സമരാഭാസങ്ങള്‍ നടത്തിയത്. വര്‍ഗീയ-വിധ്വംസക ശക്തികളും ഇതിന് കൂട്ടായി നിന്നു.
കീഴാറ്റൂര്‍ ബൈപ്പാസ്
ദേശീയപാത 66(മുമ്പ് 17) നാലുവരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം പാക്കേജില്‍ വരുന്നതാണ് കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ്(കിലോമീറ്റര്‍ 104.00) മുതല്‍ മുഴപ്പിലങ്ങാട്(കിലോമീറ്റര്‍ 170.600) വരെയുള്ള ഭാഗം. സ്ഥലമെടുപ്പിനായി 2011 മുതല്‍ പലതവണ പ്രാഥമികവിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും എവിടെയും എത്തിയിരുന്നില്ല. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് അടിസ്ഥാനവികസനകാര്യങ്ങളില്‍ കര്‍ക്കശനിലപാട് സ്വീകരിച്ചതോടെയാണ് നടപടികള്‍ക്ക് ഗതിവേഗം കൈവന്നത്. 2016 ജൂലൈ 17ന് വീണ്ടും പ്രാഥമികവിജ്ഞാപനം പുറപ്പെടുവിച്ചു. തിരക്കേറിയ തളിപ്പറമ്പ് പട്ടണത്തിലെ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പട്ടണമൊഴിവാക്കി ബൈപാസ് നിര്‍മിക്കാന്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. കുപ്പം പുഴക്കരമുതല്‍ കീഴാറ്റൂര്‍, കൂവോടു വഴി കുറ്റിക്കോല്‍വരെ 5.57 കിലോമീറ്റര്‍ ദൂരത്തിലാണ് തളിപ്പറമ്പ് ബൈപാസ് നിര്‍ദേശിക്കപ്പെട്ടത്.
കിംവദന്തികളും നുണപ്രചരണങ്ങളും
വയലുകളും തണ്ണീര്‍ത്തടങ്ങളുമുള്ള കീഴാറ്റൂരിലൂടെ ബൈപാസ് കടന്നുപോകുന്നതിനെതിരെ സ്വാഭാവികമായും ജനങ്ങളില്‍ എതിര്‍പ്പുയര്‍ന്നു. അനാവശ്യ കിംവദന്തികളും നുണപ്രചാരണങ്ങളും സൃഷ്ടിച്ച ആശങ്കകളാണ് പ്രധാനമായും ഇതിനു കാരണം. കീഴാറ്റൂര്‍ പ്രദേശത്തെ 250 ഏക്കര്‍ വയല്‍ മണ്ണിട്ടുനികത്തും, ഇതുവഴി ഒഴുകുന്ന തോട് മണ്ണിനടിയിലാകും, തളിപ്പറമ്പ് നഗരത്തില്‍നിന്നുവരുന്ന മലിനജലം ഈ പ്രദേശത്ത് കെട്ടിക്കിടന്ന് മുഴുവന്‍ ശുദ്ധജലസ്രോതസ്സുകളും മലിനമാകും, ബൈപാസ് നാടിനെ രണ്ടായി വെട്ടിമുറിക്കും, ആളുകള്‍ക്ക് ഒരു ഭാഗത്തുനിന്നും മറുഭാഗത്തക്കേ് പോകാന്‍ ചുരുങ്ങിയത് മൂന്നു കിലോമീറ്റര്‍ ചുറ്റേണ്ടിവരും ഇതൊക്കെയായിരുന്നു പ്രചാരണം. വയല്‍ഭൂമിയായതിനാല്‍ നഷ്ടപരിഹാരം നാമമാത്രമായിരിക്കുമെന്നും പ്രചാരണമുണ്ടായി.
സിപിഐ എമ്മിന് നിര്‍ണായകസ്വാധീനമുള്ള പ്രദേശമാണ് കീഴാറ്റൂര്‍. പാര്‍ടി പ്രവര്‍ത്തകര്‍ക്കിടയിലെ ആശങ്കയും എതിര്‍പ്പും മുതലെടുക്കാന്‍ ചിലര്‍ കാര്യമായ ശ്രമം നടത്തി. വലതുപക്ഷമാധ്യമങ്ങളും ഇവരോടൊപ്പംചേര്‍ന്നു. സിപിഐ എം സമ്മേളനങ്ങള്‍ ആരംഭിക്കുന്ന ഘട്ടം. സമ്മേളനങ്ങള്‍തന്നെ അലങ്കോലമാക്കാനായിരുന്നു മാധ്യമങ്ങളുടെ ശ്രമം. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി മുകുന്ദന്‍, ജയിംസ് മാത്യൂ എംഎല്‍എ എന്നിവരടക്കമുള്ള നേതാക്കള്‍ ഇടപെട്ട് യഥാര്‍ഥ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.
കണ്ണൂര്‍ കലക്ടറുടെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ പലതവണ യോഗം ചേര്‍ന്നു. തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ ഭൂരിഭാഗവും കാര്യങ്ങള്‍ ബോധ്യപ്പെട്ട് പിന്തിരിഞ്ഞെങ്കിലും ഒരു വിഭാഗം ഇടഞ്ഞുനിന്നു. അവസരം മുതലാക്കാന്‍ പാഞ്ഞെത്തിയ വര്‍ഗീയ തീവ്രവാദി നേതാക്കളുടെയും വലതുപക്ഷമാധ്യമങ്ങളുടെയും സ്വാധീനത്തില്‍ കുടുങ്ങിപ്പോയ ഇക്കൂട്ടരാണ് പിന്നീട് വയല്‍ക്കിളികളെന്നപേരില്‍ പ്രത്യക്ഷപ്പെട്ടത്.
വികസനം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട്
അലൈന്‍മെന്റ് നിശ്ചയിക്കുന്നത് ദേശീയപാത അതോറിറ്റിയും കേന്ദ്ര സര്‍ക്കാരുമാണെന്നും അവരുമായി ചര്‍ച്ച നടത്തി ജനങ്ങളുടെ പ്രയാസം കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുമെന്നും എംഎല്‍എയും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും സിപിഐ എം നേതൃത്വവും വ്യക്തമാക്കിയെങ്കിലും ഗൗനിക്കാതെ സമരവുമായി മുന്നോട്ടുപോകുകയായിരുന്നു വയല്‍ക്കിളികള്‍. കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടയിടാന്‍ ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാവോയിസ്റ്റുകളുമടക്കമുള്ള വര്‍ഗീയ വിധ്വംസകശക്തികളുടെ അച്ചുതണ്ട് പ്രവര്‍ത്തിക്കുന്നുവെന്നത് രഹസ്യമല്ല. ഈ കൂട്ടുകെട്ടാണ് കീഴാറ്റൂരിലും വയല്‍ക്കിളികള്‍ക്ക് തുണയ്‌ക്കെത്തിയത്. 2017 സെപ്തംബര്‍ 10ന് കീഴാറ്റൂരില്‍ വയല്‍ക്കിളി നേതാവ് സുരേഷിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. പരിസ്ഥിതിസംരക്ഷകവേഷം കെട്ടിയുള്ള സര്‍ക്കാര്‍ വിരുദ്ധ സമരം കൊഴുപ്പിക്കാന്‍ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ആളും അര്‍ഥവും ഒഴുകിയെത്തി.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം
മന്ത്രി ജി സുധാകരന്‍ തിരുവനന്തപുരത്ത് സമരക്കാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് നിലപാട് വ്യക്തമാക്കി. സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അലൈന്‍മെന്റില്‍ പ്രായോഗികമായ ഏതുമാറ്റവും വരുത്തുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ യോഗത്തിലെ ധാരണയനുസരിച്ച് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധറാവുവിന്റെ നേതൃത്വത്തില്‍ ദേശീയപാത അതോറിറ്റി, കണ്‍സള്‍ട്ടന്റുമാരായ ഏയ്‌കോം പ്രതിനിധികളും കണ്ണൂര്‍ കലക്ടറും ജനപ്രതിനിധികളുമടങ്ങുന്ന ഉന്നതലസംഘം കീഴാറ്റൂരിലെത്തി പരിശോധിച്ചു; കലക്ടറേറ്റില്‍ സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്തി. പാത വയലിന്റെ ഒരു ഭാഗത്തേക്കു നീക്കുന്നതടക്കമുള്ള ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു.
സമരം ഹൈജാക്ക് ചെയ്‌ത് ബിജെപി
ഇതിനിടെ ബിജെപി നേതൃത്വം നേരിട്ടുതന്നെ സമരം ഹൈജാക്ക് ചെയ്‌തു. ഉന്നത തലയോഗത്തില്‍ സമവായ സന്നദ്ധതയറിയിച്ച നേതാവ് 24 മണിക്കൂറിനുള്ളില്‍ നിലപാട് മാറ്റി. കീഴാറ്റൂരിലൂടെ പാത വരില്ലെന്ന കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസും അടക്കമുള്ള ബിജെപി നേതാക്കളുടെ ഉറപ്പ് വിശ്വസിച്ചായിരുന്നു ഈ മലക്കംമറിച്ചില്‍. കീഴാറ്റൂര്‍ ക്ഷേത്രവും ക്ഷേത്രക്കുളവുംവരെ മണ്ണിനടിയിലാകുമെന്ന് പ്രചരിപ്പിച്ച് പിന്നീട് സമരപരമ്പരതന്നെയുണ്ടായി. കേരളം കീഴാറ്റൂരിലേക്ക് എന്നുപറഞ്ഞ് വലിയ കേന്ദ്രീകരണം, കൃഷ്‌ണദാസിന്റെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍നിന്ന് കണ്ണൂരിലേക്ക് മാര്‍ച്ച്.
സമരത്തിന് ദയനീയ അന്ത്യം
പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച് ഒരുവര്‍ഷം കഴിഞ്ഞിരുന്നതിനാല്‍ 2018 ജനുവരി നാലിന് വീണ്ടും വിജ്ഞാപനമിറക്കി. മാര്‍ച്ച് 14ന് ദേശീയപാത അതോറിറ്റി അധികൃതര്‍ സര്‍വേ പൂര്‍ത്തിയാക്കി കല്ലിട്ടതോടെ സമരക്കാരുടെയും മാധ്യങ്ങളുടെയും എല്ലാ നുണപ്രചാരണങ്ങളുടെയും മുനയൊടിഞ്ഞു. കേവലം ആറോ ഏഴോ ഏക്കര്‍ മാത്രമാണ് നഷ്ടപ്പെടുന്ന വയല്‍. ക്ഷേത്രത്തിനും ക്ഷേത്രക്കുളത്തിനും മാത്രമല്ല, ഇതുവഴി ഒഴുകുന്ന തോടിനുപോലും ഒരു കോട്ടവും സംഭവിക്കില്ല. മലിനജലം കെട്ടിക്കിടക്കുമെന്നതുള്‍പ്പെടെയുള്ള മറ്റ് ആശങ്കകളും അസ്ഥാനത്തായി. ഇതോടെ 60 ഭൂവുടമകളില്‍ ബഹുഭൂരിഭാഗം പേരും രേഖാമൂലം സമ്മതപത്രം നല്‍കി.
അപ്പോഴും ബിജെപി നേതൃത്വവും സമരക്കാരും അടങ്ങിയില്ല. കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി അലൈന്‍മെന്റ് മാറ്റാനായിരുന്നു ശ്രമം. അറ്റകൈ ആയാണ് കുമ്മനം രാജശേഖരന്‍ നേരിട്ട് കേന്ദ്ര വനം പരിസ്ഥിതി കമ്മിറ്റിക്ക് പരാതി നല്‍കിയത്. സുരേഷ് ഗോപി എംപിയാകട്ടെ പ്രധാനമന്ത്രിയെ ഇടപെടുവിക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ബിജെപി നേതാവായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പോലും ഇവരുടെ വിലകുറഞ്ഞ രാഷ്ട്രീയക്കളി തിരിച്ചറിഞ്ഞു. ആകെ മുഖം നഷ്ടപ്പെട്ടുനില്‍ക്കുകയാണ് ബിജെപി നേതൃത്വം. അവരുടെ ഇരട്ടത്താപ്പും ജനവഞ്ചനയും ഒരിക്കല്‍ക്കൂടി ജനം തിരിച്ചറിഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QnZVZd
via IFTTT
No comments:
Post a Comment