കണ്ണൂര്‍ > മലയാളിയെ സമ്പൂര്‍ണസാക്ഷരരാക്കിയ കേരളസാക്ഷരതാ മിഷന്‍ ഇനി ഇന്ത്യന്‍ ഭരണഘടന പഠിപ്പിക്കും. ഭരണഘടന കടുത്ത വെല്ലുവിളി നേരിടുന്ന കാലത്ത് ആവിഷ്‌കരിച്ച ജനകീയ വിദ്യാഭ്യാസപരിപാടിക്ക് 26ന് തുടക്കമാകും. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനശിലകളായ പ്രമാണങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാനുള്ള യജ്ഞമാണ് സാക്ഷരതാപരിപാടിക്ക് ശേഷമുള്ള ബൃഹത്തായ ഈ രണ്ടാംദൗത്യം. 2019ലെ റിപ്പബ്ലിക് ദിനത്തില്‍ പരിപാടി സമാപിക്കും.
ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വിശ്വാസം, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം എന്നിവയെക്കുറിച്ചുള്ള ഭരണഘടനാ ഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് സാക്ഷരതാപരിപാടി. 21,000 വാര്‍ഡുകളിലായി അരക്കോടിയോളം പേരില്‍ ഭരണഘടനാവിദ്യാഭ്യാസം എത്തിക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറഞ്ഞു.
ജനകീയ വിദ്യാഭ്യാസ പരിപാടിയായാണ് നിര്‍വഹണം. ഇതിനുള്ള രൂപരേഖ തയ്യാറാക്കി. വിദഗ്ധ സഹായത്തോടെ ലഘുപുസ്തകം തയ്യാറാക്കും. അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള സാക്ഷരതാ സമിതികളുടെ നേതൃത്വത്തിലാവും പഠനം. സാക്ഷരതാമിഷന്റെ പ്രേരകുമാര്‍, പത്താംതരം തുല്യതാപഠിതാക്കള്‍, അഭിഭാഷകര്‍, നിയമവിദ്യാര്‍ഥികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ വിപുലമായ രീതിയിലാണ് ആദ്യഘട്ട പരിശീലനം.
സംസ്ഥാനതലത്തില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പാനല്‍ തയാറാക്കി പരിശീലനം നല്‍കും. ഇവരുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനതലത്തിലും വാര്‍ഡുതലത്തിലും പരിശീലനം നല്‍കും. എല്ലാവാര്‍ഡുകളിലും ഭരണഘടനാ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കുന്നതിനൊപ്പം ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമങ്ങളും സംഘടിപ്പിക്കും.
പത്താംതരം-ഹയര്‍സെക്കന്‍ഡറി തുല്യതാപഠിതാക്കള്‍ വഴി അവരുടെ പഠനാനുബന്ധ പ്രവര്‍ത്തനമായി 15 പേര്‍ വീതം പങ്കെടുക്കുന്ന 60,000 ക്ലാസുകള്‍ സംഘടിപ്പിക്കും. സാക്ഷരതാമിഷന്‍ 2000 തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ നാലാംതരം-ഏഴാംതരം തുല്യതാപഠിതാക്കള്‍, മുന്‍ പഠിതാക്കള്‍ എന്നിവര്‍ക്കും ക്ലാസുകള്‍ നല്‍കും.
ഒരു ലക്ഷത്തോളം പേര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായും ഈ ജനകീയ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമാകുമെന്നും പ്രതീക്ഷിക്കുന്നു. ഭരണഘടനാശില്‍പി ഡോ. അംബേദ്കറിന്റെ ചരമദിനമായ ഡിസംബര്‍ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട പുസ്‌തകത്തിന്റെ പ്രകാശനവുമുണ്ടാകും.
from Kerala || Deshabhimani Online News https://ift.tt/2DRyqkQ
via IFTTT
No comments:
Post a Comment