തിരുവനന്തപുരം
പുതിയ കേരളം സൃഷ്ടിക്കാനുള്ള അഭിമാന പദ്ധതികൾ വിലയിരുത്തിയും കൂടുതൽ കർമോത്സുകമാക്കാനുള്ള ആശയങ്ങൾ പങ്കിട്ടും നവകേരളം കർമ പദ്ധതി ശിൽപശാലയ‌്ക്ക‌് തുടക്കം. സംസ്ഥാനത്തെ മുഴുവൻ ഗ്രാമ‐ബ്ലോക്ക‌് ‐ജില്ലാ പഞ്ചായത്ത‌് അധ്യക്ഷരും മുനിസിപ്പൽ ചെയർമാൻമാരും മേയർമാരും പദ്ധതിയുടെ രണ്ടുവർഷത്തെ അനുഭവങ്ങൾ പങ്കിട്ടു. ഇവ കേൾക്കാനും മറുപടിപറയാനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമെത്തി.
പദ്ധതിക്ക‌് കൂടുതൽ ഊർജംനൽകി മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷയാവതരണവുമുണ്ടായി. കേരളത്തെ ഹരിതാഭമാക്കാനുളള ഹരിതകേരളം, വിദ്യാഭ്യാസ ഉന്നതിക്കുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, പാവപ്പെട്ടരുടെ പാര്‍പ്പിട സ്വപ്നം സഫലമാക്കുന്ന ലൈഫ്, ആരോഗ്യസമ്പുഷ്ട സമൂഹത്തെ സൃഷ്ടിക്കുന്ന ആര്‍ദ്രം എന്നീ നാല് മിഷനുകളുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്നതായി ശിൽപശാല.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. തദ്ദേശഭരണ മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. മന്ത്രിമാരായ കെ കെ ശൈലജ, പ്രൊഫ. സി രവീന്ദ്രനാഥ്, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, ചീഫ് സെക്രട്ടറി ടോം ജോസ്, മേയേഴ്സ് കൗൺസിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ, നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിതകേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി എൻ സീമ, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി എസ് രഞ്ജിത‌്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. തുളസീഭായി പത്മനാഭൻ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻസ‌് അധ്യക്ഷൻ വി വി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ സുഭാഷ് എന്നിവർ പങ്കെടുത്തു.
തുടർന്ന‌് 'ലൈഫ‌് മിഷൻ അവലോകനവും ഭാവിപരിപാടികളും' സെഷൻ നടന്നു. മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. മന്ത്രിമാരായ ടി പി രാമകൃഷ‌്ണൻ, ജെ മേഴ‌്സികുട്ടിയമ്മ, ലൈഫ‌് മിഷൻ സിഇഒ എം ശിവശങ്കർ, വിശ്വംഭരപണിക്കർ, എസ‌് ഹരികിഷോർ, ദിവ്യ എസ‌് അയ്യർ, കെ ചാമുണ്ണി എന്നിവർ സംസാരിച്ചു. 'ഹരിത കേരളം മിഷൻ അവലോകനവും ഭാവി പരിപാടികളും' എന്ന സെഷനിൽ ഡോ. ടി എൻ സീമ അധ്യക്ഷമായി. മന്ത്രി വി എസ‌് സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും നടന്നു. ബുധനാഴ‌്ച വൈകിട്ട‌് മൂന്നിന‌് നടക്കുന്ന സമാപ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്രോഡീകരണ സന്ദേശം നൽകും.
അടുത്ത വർഷം 12.71 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉൽപ്പാദനം ലക്ഷ്യം
തിരുവനന്തപുരം
സംസ്ഥാനത്ത് അടുത്ത വർഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടൺ നാടൻ പച്ചക്കറി ഉൽപ്പാദനം. നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2.24 ലക്ഷം ഹെക്ടർ തരിശുനിലത്ത് വിത്തിടും. സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായാണ് നെൽക്കൃഷിയും പച്ചക്കറി ഉൽപ്പാദനവും വർധിപ്പിക്കുന്നതിനുള്ള വിപുലമായ കർമപദ്ധതി തയ്യാറാക്കുന്നത്. ഇതുസംബന്ധിച്ച നിർദേശങ്ങൾ ശിൽപ്പശാലയിൽ അവതരിപ്പിച്ചു.
പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി വിത്തുകൾ അടങ്ങിയ കിറ്റുകൾ, പച്ചക്കറി തൈകൾ, ഗ്രോ ബാഗ് എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി നൽകും. വിദ്യാർഥികൾക്കിടയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളിലെ പച്ചക്കറി കൃഷിക്ക‌് കൂടുതൽ പ്രോത്സാഹനം നൽകും.
കുടുംബശ്രീ പ്രവർത്തകർക്ക് ജൈവ കംപോസ്റ്റ് നിർമാണത്തിൽ പരിശീലനം നൽകും. മട്ടുപ്പാവ് കൃഷി പരിപോഷിപ്പിക്കും. പച്ചക്കറി വിപണനത്തിനായി സംസ്ഥാനത്ത് 149 ഇക്കോ ഷോപ്പുകളും 17 പായ്ക്കിങ് ആൻഡ് ലേബലിങ് യൂണിറ്റും ആരംഭിക്കും. പച്ചക്കറിരംഗത്ത് ഗുണനിലവാരമുള്ളതും വിഷവിമുക്തമായതുമായ ഉൽപ്പന്നങ്ങൾ ഗുണഭോക്താക്കൾക്ക‌് നൽകുകയാണ‌് ലക്ഷ്യം. തരിശുനിലങ്ങളിൽ നെൽക്കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം സാധ്യമായ സ്ഥലങ്ങളിലെല്ലാം കരനെൽക്കൃഷി തുടങ്ങും. കാർഷിക കർമസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കും.
ലൈഫ്‐ധനസഹായ വിതരണം ഈവർഷംതന്നെ പൂർത്തിയാക്കും
തിരുവനന്തപുരം
ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയത്തെത്തുടർന്ന് സാമ്പത്തികബുദ്ധിമുട്ട് രൂക്ഷമായതിനാലാണിത‌്. നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ വിവിധ പദ്ധതികളെപ്പറ്റി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർഹരായവർക്കുള്ള ധനസഹായവിതരണം ഡിസംബർ 31ന് മുമ്പുതന്നെ പൂർത്തിയാക്കും. റവന്യൂ രേഖകളിൽ നെൽവയൽ എന്ന് രേഖപ്പെടുത്തപ്പെട്ടുപോയെങ്കിലും നെൽവയലോ തണ്ണീർത്തടമോ അല്ലാത്ത, ഡാറ്റാബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണെങ്കിൽ ഭവനനിർമാണത്തിന് തടസ്സങ്ങളില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യൻ പറഞ്ഞു.
തോട്ടം എന്ന് രേഖകളിൽ പറഞ്ഞിട്ടുള്ള ഭൂമിയിലും ഭവനനിർമാണത്തിന് നിയമതടസ്സങ്ങളില്ല. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഉപയോഗയോഗ്യമായ ഭൂമി സംബന്ധിച്ച വിവരങ്ങൾ ജനപ്രതിനിധികൾ അതത് ജില്ലകളിലെ ലൈഫ് കോ ഓർഡിനേറ്റർമാരെ അറിയിക്കണമെന്നും ലൈഫ് പദ്ധതി അവലോകനത്തിൽ അദ്ദേഹം പറഞ്ഞു.
ഭൂമിയുള്ള ഭവനരഹിതർക്ക് വീടുവയ‌്ക്കാൻ ധനസഹായം നൽകുന്നതിലാണ് ലൈഫ് മിഷൻ ഇക്കൊല്ലം ഊന്നൽ നൽകുന്നത്. ഭൂരഹിത ഭവനരഹിതർക്ക് ഭവനസമുച്ചയങ്ങൾ നിർമിക്കാനാവശ്യമായ ഭൂമി കണ്ടെത്താൻ കലക്ടർമാർ മുഖേന നടപടി സ്വീകരിക്കും.
ഭവന നിർമാണാനുമതി സംബന്ധിച്ചും ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഊർജിതമാക്കണമെന്നും അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2TRpVuY
via IFTTT
No comments:
Post a Comment