അമേരിക്കയിൽനിന്ന‌് പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്‌ത സയൻസ‌് മാസികയിൽ കേരളത്തിലെ നിപാ മരണത്തെക്കുറിച്ച‌് പറഞ്ഞതും സംസ്ഥാന സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയതും ഒന്നുതന്നെയാണെന്ന‌് ലേഖനം തയ്യാറാക്കിയ ഡോ. ജി അരുൺകുമാർ ദേശാഭിമാനിയോട‌് പറഞ്ഞു. കോഴിക്കോട്ട‌് മരണകാരണമായ വൈറസ‌് നിപായാണെന്ന‌് ആദ്യം കണ്ടെത്തിയ മണിപ്പാലിലെ സെന്റർ ഫോർ വൈറസ‌് റിസർച്ചിലെ തലവൻ കൂടിയാണ‌് അരുൺകുമാർ. ലേഖനം ഈ രംഗത്ത‌് പ്രവർത്തിച്ച വിദഗ‌്ധർക്ക‌് കൈമാറി അംഗീകാരം നേടിയ ശേഷമാണ‌് ‘ ദ ജേണൽ ഓഫ‌് ഇൻഫക‌്ഷ്യസ‌് ഡിസീസ‌്’ എന്ന മാസികയിൽ പ്രസിദ്ധീകരിച്ചത‌്.
നിപായെക്കുറിച്ചും അത‌് പടർന്നതിനെക്കുറിച്ചും വിശദമായി പറയുന്ന 12 പേജ‌് ലേഖനവും നിപാ കാരണമായ വവ്വാലിനെക്കുറിച്ചും മറ്റും വിശദീകരിച്ച നാല‌് പേജ‌് ലേഖനവുമാണ‌് മാസിക നൽകിയത‌്. നിപാ സ്ഥീരികരിച്ചത‌് 18 പേർക്കാണെന്ന‌് ആദ്യ പേജിൽ പറയുന്നുണ്ട‌്. ഇതിന്റെ വിശദചിത്രം രണ്ടാം പേജിൽ ആവർത്തിക്കുന്നു. 2018 മെയ‌് 2നും -29 നുമിടയിൽ 23 കേസുകൾ തിരിച്ചറിഞ്ഞു. ഇതിൽ 18 എണ്ണം നിപായാണെന്ന‌് സ്ഥിരീകരിച്ചു. നാലെണ്ണം സാധ്യതയുള്ള കേസുകളും. ലബോറട്ടറിയിൽ സ്ഥിരീകരിക്കാത്ത ആദ്യ കേസാണ‌് മറ്റൊന്ന‌്.
ഈ 18 കേസിൽ രണ്ട‌് പേർ നിപായുടെ പിടിയിൽനിന്ന‌് അത്ഭുതകരമായി രക്ഷപ്പെട്ടു. 16 പേർ മരിച്ചു. രോഗം ആദ്യം പിടിപെട്ടയാളെക്കൂടി ചേർത്താൽ സ്ഥിരീകരിച്ച മരണ സംഖ്യ 17. ഇതാണ‌് സംസ്ഥാന സർക്കാർ അന്നും ഇന്നും പറയുന്നത‌്. സയൻസ‌് മാസികയും ഇത‌് വ്യക്തമാക്കുന്നു. അന്താരാഷ‌്ട്ര സയൻസ‌് മാസികയായതിനാൽ അതിൽ സൂക്ഷ‌്മമായ വിവരങ്ങൾ ആവശ്യമുണ്ട‌്. ഇതിനാലാണ‌് രോഗം പിടിപെട്ട‌് മരിച്ചതായി കേന്ദ്ര–-സംസ്ഥാന ആരോഗ്യ ടീം സംശയിച്ച നാല‌് കേസുകൾ കൂടി ലേഖനത്തിൽ ഉൾപ്പെട്ടത‌്. ഇതും പുതിയ വിവരമല്ല.
നിപാ കാലത്ത‌് തന്നെ ഇത്തരം സംശയം ഉയർന്നിരുന്നു. നിപാ വൈറസിനെ കണ്ടെത്തിയെന്ന‌് പുണെയിലെ കേന്ദ്ര വൈറോളജി ഇൻസ‌്റ്റിറ്റ്യുട്ട‌് പ്രഖ്യാപിക്കുന്നത‌് മെയ‌് 20ന‌് വൈകിട്ടാണ‌്. അതിന‌് മുമ്പ‌് ജില്ലയിൽ പലയിടത്തായി മരിച്ചവരുടെ ശരീരസ്രവങ്ങളൊന്നും പരിശോധിച്ചിട്ടില്ല. അവരിൽ ചിലർക്ക‌് നിപാ ലക്ഷണമുണ്ടായിരുന്നെന്ന‌് അന്നേ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സാമൂഹ്യ ഒറ്റപ്പെടൽ ഭയന്ന‌് ഒറ്റവീട്ടുകാരും ഇക്കാര്യം തുറന്ന‌് പറഞ്ഞില്ല. എന്നിട്ടും ജാഗ്രതവേണമെന്ന‌് ആരോഗ്യ വകുപ്പധികൃതർ ഇത്തരം വീടുകളിൽ മുന്നറിയിപ്പ‌് നൽകിയിരുന്നു. മരിക്കുകയോ രക്ഷപ്പെടുകയോ ചെയ‌്ത ആരുടെയും പേര‌് മാസികയിൽ പറയുന്നില്ല. അതേസമയം ശാസ‌്ത്രീയമായ സൂക്ഷ‌്മ വിവരങ്ങൾ ഗ്രാഫിക‌്സ‌് സഹിതമുണ്ട‌്. ആരോഗ്യ വകുപ്പ‌് കാണിച്ച ജാഗ്രതയും എടുത്ത‌് പറയുന്നു. നിപാ രോഗികളുമായുള്ള സമ്പർക്ക പട്ടികയിൽ 2642 പേർ ഉണ്ടായിരുന്നതും ഇവരെ മാറ്റിപ്പാർപ്പിച്ചതും വിശദീകരിക്കുന്നു. 12 പേജുള്ള ലേഖനം ഏഴ‌് വിദഗ‌്ധർ ചേർന്നും രണ്ടാമത്തെ ലേഖനം 14 വിദഗ‌്ധർ ചേർന്നുമാണ‌് തയ്യാറാക്കിയത‌്. രണ്ടിലും ജി അരുൺ കുമാറിന‌് പുറമേ സംസ്ഥാന ആരോഗ്യ വകുപ്പ‌് സെക്രട്ടറി രാജീവ‌് സദാനന്ദനുമുണ്ട‌്.
from Kerala || Deshabhimani Online News https://ift.tt/2P0mjmL
via IFTTT
No comments:
Post a Comment