കൊച്ചി
ഇന്ത്യൻ ഭരണഘടനയെ സംരക്ഷിച്ചുമാത്രമേ വിശ്വാസത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌് പറഞ്ഞു. ‘വിശ്വാസവും ഭരണഘടനയും’ എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ലോയേഴ‌്സ‌് യൂണിയൻ സംഘടിപ്പിച്ച സെമിനാർ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തെ ഇത്രമാത്രം സംരക്ഷിക്കുന്ന മറ്റൊരു ഭരണഘടന ഇല്ല എന്നതാണ‌് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത. തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും അതനുസരിച്ച‌് ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം പൗരന്മാർക്ക‌് ഈ ഭരണഘടന ഉറപ്പുനൽകുന്നു. വിശ്വാസവും ഭരണഘടനയും രണ്ടല്ല. പരസ‌്പര പൂരകങ്ങളാണ‌്.
നിങ്ങളുടെ വിശ്വാസം ഭൂരിപക്ഷമാകാം, ന്യൂനപക്ഷമാകാം. ആചാരങ്ങളും അനുഷ‌്ഠാനങ്ങളും വ്യത്യസ‌്തമാകാം. നിങ്ങൾക്ക‌് സവിശേഷമായ ആചാരമുണ്ടെങ്കിൽ അതും ഭരണഘടന സംരക്ഷിക്കുന്നുണ്ട‌്. ആ ഭരണഘടനയെ സംരക്ഷിക്കാതെ ഒരാൾക്കും തന്റെ വിശ്വാസത്തെ സംരക്ഷിക്കാൻ കഴിയില്ല.
ഗാന്ധിക്കും ഒരു രാമനുണ്ട‌്, ഗോഡ‌്സെക്കും ഒരു രാമനുണ്ട‌്. ഇതിലേതാണ‌് വിശ്വാസിയുടെ രാമൻ. വിശ്വാസികളുടെ വിശ്വാസം രാമനാകാം അയ്യപ്പനാകാം. അല്ലെങ്കിൽ അസ്വസ്ഥതകൾക്ക‌് ആശ്വാസമേകുന്ന മറ്റൊന്നാകാം. വിശ്വാസിയുടെ ആ വിശ്വാസത്തെ പിടിച്ചെടുത്ത‌് അധികാരത്തിനുള്ള ആയുധമാക്കുകയാണ‌് വർഗീയവാദി ചെയ്യുന്നത‌്. ആ വർഗീയവാദികളിൽനിന്ന‌് വിശ്വാസത്തെ തിരിച്ചുപിടിക്കലാണ‌് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാനനായകർ ഉയർത്തിയ ചോദ്യങ്ങൾ നൂറ്റാണ്ടിനുശേഷവും പറയേണ്ടിവരുന്നു എന്നതാണ‌് ഇന്നത്തെ സവിശേഷതയെന്ന‌് എഴുത്തുകാരി ഡോ. എസ‌് ശാരദക്കുട്ടി പറഞ്ഞു. മനുഷ്യനുവേണ്ട ഒരു അവകാശം നേടാൻ സ‌്ത്രീക്ക‌് ഇന്നും തെരുവിലിറങ്ങേണ്ടിവരുന്നു. തന്ത്രി, രാജാവ‌്, തുടങ്ങിയ എന്നോ മണ്ണടിഞ്ഞ പ്രയോഗങ്ങൾ ഉപയോഗിച്ചാണ‌് സ‌്ത്രീകൾ താണവരാണ‌് എന്ന‌് ഉറപ്പിക്കുന്നത‌്. സ്വാതന്ത്ര്യമുള്ള സ‌്ത്രീ എന്നാൽ ‘പിഴച്ച സ‌്ത്രീ’ എന്നാണ‌് സവർണ ഫാസിസ‌്റ്റുകളുടെ വ്യാഖ്യാനമെന്നും അവർ പറഞ്ഞു.
എറണാകുളം ടൗൺഹാളിൽ നടന്ന സെമിനാറിൽ അഡ്വ. കെ ഗോപാലകൃഷ‌്ണക്കുറുപ്പ‌് അധ്യക്ഷനായി. കവി ബാലചന്ദ്രൻ ചുള്ളിക്കാട‌്, ദേവസ്വം ബോർഡ‌് മുൻ പ്രസിഡന്റ‌് അഡ്വ. എം രാജഗോപാലൻനായർ, അഡ്വ. പി വി സുരേന്ദ്രനാഥ‌്, അഡ്വ. മനോജ‌്കുമാർ, എൻ സി മോഹനൻ, കെ കെ നാസർ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2F7V4XS
via IFTTT
No comments:
Post a Comment