സ്വന്തം ലേഖകൻ
മണ്ഡലകാലത്ത‌് കെഎസ‌്ആർടിസി ‘ശബരിദർശനം’ എന്ന പേരിൽ ഭക്തന്മാർക്കായി പ്രത്യേക പാക്കേജ‌് സർവീസ‌് നടത്തും. നെടുമ്പാശേരി വിമാനത്താവളം, ചെങ്ങന്നൂർ റെയിൽവേ സ‌്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണ‌് സർവീസുകൾ ആരംഭിക്കുകയെന്ന‌് എംഡി ടോമിൻ ജെ തച്ചങ്കരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിമാനത്താവളത്തിൽനിന്ന‌് പുറപ്പെടുന്ന എസി ബസിന‌് 1500 രൂപയാണ‌് നിരക്ക‌്. ചെങ്ങന്നൂരിൽനിന്നുള്ള നോൺ എസി ബസുകൾക്ക‌് 900 രൂപയും. ഈ സർവീസുകളിൽ പമ്പയിലെത്തുന്ന യാത്രികരെ വെർച്വൽ ക്യൂവിൽ കയറ്റിവിടും. ഇവരുടെ വസ‌്തുവകകൾ പമ്പയിലെ കെഎസ‌്ആർടിസിയുടെ ക്ലോക്ക‌് റൂമിൽ സൗജന്യമായി സൂക്ഷിക്കാം. ദർശനം കഴിഞ്ഞ‌് തിരിച്ചെത്തുന്ന മുറയ‌്ക്ക‌് വിമാനത്താവളത്തിലും റയിൽവേ സ‌്റ്റേഷനുകളിലും എത്തിക്കും. കുടിവെള്ളം, ഒരു ടിൻ അരവണ എന്നിവ സൗജന്യമായി നൽകും. ഓൺലൈൻ വഴിയാണ‌് ടിക്കറ്റ‌് ബുക്കിങ‌്.
സംസ്ഥാന പൊലീസ‌് മേധാവിയുടെ നിർദേശ പ്രകാരം വെള്ളിയാഴ‌്ച നിലയ‌്ക്കലിൽനിന്ന‌് പമ്പയിലേക്ക‌് രാവിലെ എട്ടിനു പകരം ഉച്ചയ‌്ക്ക‌് 12നാകും ആദ്യ ബസ‌് പുറപ്പെടുക. സുരക്ഷാ കാരണങ്ങളാലാണിത‌്.
ഇരുവശത്തേക്കുമുള്ള ടിക്കറ്റുകളാണ‌് യാത്രക്കാർക്ക‌് നൽകുക. ഇതിന്റെ സമയപരിധി 48 മണിക്കൂറാണ‌്. ഈ സമയത്തിൽ യാത്രക്കാർ ബസിൽ തിരിച്ചു കയറണം.
സമയപരിധി കഴിഞ്ഞാൽ പമ്പയിലെ കൗണ്ടറുകളിൽനിന്ന‌് വേറെ ടിക്കറ്റ‌് എടുത്തുവേണം നിലയ‌്ക്കലിലേക്ക‌് മടങ്ങാൻ.
നിലയ‌്ക്കൽ–-പമ്പ റൂട്ടിൽ 200 നോൺ എസി ജൻറം ബസുകളും 50 എസി ബസുകളും ദിവസവും ചെയിൻ സർവീസ‌് നടത്തും. ഓൺലൈൻ സംവിധാനത്തിൽ കൂടുതൽ പേർ എസി ബസുകളിലാണ‌് ടിക്കറ്റ‌് ബുക്ക‌് ചെയ‌്തത‌്. ഈ സാഹചര്യത്തിൽ കൂടുതൽ ബസുകൾ സർവീസ‌് നടത്താൻ ആലോചിക്കുന്നുണ്ട‌്. വ്യാഴാഴ‌്ച മുഖ്യമന്ത്രി പുറത്തിറക്കുന്ന കെഎസ‌്ആർടിസിയുടെ പുതിയ പത്ത‌് ഇലക‌്ട്രിക്കൽ ബസുകൾ നിലയ‌്ക്കൽ–-പമ്പ റൂട്ടിൽ സർവീസ‌് നടത്തും.
ഓൺലൈൻ സംവിധാനത്തിനു പുറമെ നിലയ‌്ക്കലിൽ ടിക്കറ്റുകൾ സ്വയം എടുക്കാൻ 15 കിയോസ‌്കുകളുണ്ട‌്. ഡെബിറ്റ‌്, ക്രഡിറ്റ‌്കാർഡുകൾ, വിവിധ മണിവാലറ്റ‌് എന്നിവ ഉപയോഗിച്ച‌് ടിക്കറ്റ‌് എടുക്കാം.
ഇതും കഴിയാത്തവർക്ക‌് കൗണ്ടറുകൾ വഴി ടിക്കറ്റ‌് വാങ്ങാം. എന്നാൽ, ബസുകളിൽ നിന്ന‌് നേരിട്ട‌് ടിക്കറ്റ‌് എടുക്കാൻ കഴിയില്ല. ക്യൂആർ കോഡുകളുള്ള ടിക്കറ്റുകളാണ‌് യാത്രക്കാർക്ക‌് നൽകുക. ഇത‌് സ‌്കാൻ ചെയ‌്താണ‌് കണ്ടക്ടർമാർ യാത്രക്കാരെ ബസിൽ പ്രവേശിപ്പിക്കുക.
ശബരിമല സീസണിൽ 300 പമ്പ സ‌്പെഷ്യൽ സർവീസുകൾ നടത്തും. ഈ ബസുകൾ അയ്യപ്പ ഭക‌്തർക്കുവേണ്ടി മാത്രമായിരിക്കും. ഡിപ്പോയിൽനിന്ന‌് പുറപ്പെട്ടാൽ മറ്റ‌് സ‌്റ്റോപ്പുകളിൽ ഇവ നിർത്തില്ല. ഉത്സവകാലത്ത‌് പ്രത്യേകനിരക്ക‌് ഇൗടാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട‌്. ഹൈ ക്കോടതിയും ഇതിന‌് അനകൂലതീരുമാനമാണ‌് എടുത്തത‌്.
നാൽപ്പതോ, അതിലധികമോ ശബരിമല തീർഥാടകർ ആവശ്യപ്പെട്ടാൽ പ്രത്യേക ബസ‌് ചാർട്ടർ ചെയ്യാനുള്ള സംവിധാനം ഒരുക്കും. തീർഥാടനം കഴിഞ്ഞ‌് തിരുവനന്തപുരത്ത‌് വരുന്ന ഭക്തർക്കായി 250 രൂപയുടെ ടൂർ പാക്കേജ‌് സർവീസ‌് നടത്തും. സംസ്ഥാനത്തെ ആറു ഡിപ്പോകളിൽനിന്ന‌് പമ്പയിലേക്ക‌് ഇപ്പോൾ സർവീസുകൾ നടത്തുന്നുണ്ട‌്.
ഇൗ സർവീസുകൾക്ക‌് സാധാരണ നിരക്കാണ‌് ഉത്സവകാലത്തും ഈടാക്കുക. ഇത‌് ലംഘിച്ച‌് ബുധനാഴ‌്ച പത്തനംതിട്ട–-പമ്പ സർവീസിന‌് അധിക നിരക്ക‌് ഇൗടാക്കിയതിന‌് ഡിടിഒയെ സസ‌്പെൻഡ‌് ചെയ‌്തതായും തച്ചങ്കരി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Tbb4v0
via IFTTT
No comments:
Post a Comment