കണ്ണൂർ
കണ്ണൂർ ജില്ലയിലെ വോട്ടർമാർക്ക‌് അതേവരെ പരിചിതമല്ലാതിരുന്ന വർഗീയ കാർഡും വ്യക്തിഹത്യയുംപോലുള്ള തുറുപ്പുചീട്ടുമായാണ‌് കെ എം ഷാജി 2011ൽ വയനാട്ടിൽനിന്ന‌് എത്തിയത‌്. ആദ്യവട്ടം ‘ക്ലിക്കായ’ അതേ തന്ത്രമാണ‌് അദ്ദേഹവും യുഡിഎഫും കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രയോഗിച്ചത‌്.
2011ലെ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള പ്രചാരണമാണ‌് ഷാജിയും കൂട്ടരും തുടക്കം മുതൽ നടത്തിയത‌്. അഞ്ചുനേരം നമസ‌്കരിക്കുന്ന മുസൽമാൻ സ്ഥാനാർഥിയായി രംഗത്തുള്ളപ്പോൾ അമുസ്ലിമിന‌് വോട്ടു ചെയ്യരുതെന്ന‌് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ യുഡിഎഫുകാർ മറയില്ലാതെ ആഹ്വാനം ചെയ‌്തു. തെരഞ്ഞെടുപ്പു സംവാദപരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ ഒരു മാധ്യമപ്രവർത്തകനു പരിക്കേറ്റ സംഭവത്തെപ്പോലും സാമുദായികനിറം ചേർത്ത‌് പ്രചരിപ്പിച്ചു. ഇതിനൊക്കെ പുറമെ അന്ന‌് ഷാജിയുടെ എതിർസ്ഥാനാർഥിയായിരുന്ന എൽഡിഎഫിലെ എം പ്രകാശനെതിരെയും ക്രൂരമായ വ്യക്തിഹത്യാ ശ്രമം അരങ്ങേറി. ഉന്നത ലീഗ‌്–- കോൺഗ്രസ‌് നേതാക്കൾ തന്നെ ഇതിനു നേരിട്ട‌് നേതൃത്വം നൽകി. ഇതൊക്കെയായിട്ടും 436 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് കഷ്ടിച്ചു കടന്നുകൂടുകയായിരുന്നു ഷാജി.
തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു ശേഷമാണ‌് യുഡിഎഫിന്റെ നെറികെട്ട പ്രചാരണങ്ങൾ എൽഡിഎഫ‌് നേതൃത്വം മനസിലാക്കുന്നത‌്. അതുകൊണ്ടു തന്നെ തെളിവുകൾ ശേഖരിക്കാനോ നിയമപോരാട്ടത്തിനോ കഴിഞ്ഞിരുന്നില്ല. ഈ വീഴ‌്ചകൂടി മനസിൽവച്ചു നടത്തിയ ഫലപ്രദമായ ഇടപെടലാണ‌് ഇക്കുറി ചിത്രം മാറ്റിമറിച്ചത‌്.
എൽഡിഎഫ‌് സ്ഥാനാർഥി എം വി നികേഷ‌്കുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയ ചട്ടലംഘനങ്ങൾ തെളിയിക്കാൻ ഔദ്യോഗിക രേഖകൾ തന്നെ ധാരാളമായിരുന്നു.
ഇന്ത്യൻ ഓവർസീസ‌് കോൺഗ്രസ‌് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പേരിലാണ‌് വിവാദ ലഘുലേഖകളെല്ലാം പ്രസിദ്ധീകരിച്ചത‌്. ഇവ വീടുവീടാന്തരം വിതരണം ചെയ‌്തതാകട്ടെ അറിയപ്പെടുന്ന യുഡിഎഫ‌് പ്രവർത്തകരും നേതാക്കളും. ഇക്കാര്യം അതതു സമയങ്ങളിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും കേസെടുപ്പിക്കാനും കഴിഞ്ഞു.
കോൺഗ്രസ‌് നേതാവും അന്നത്തെ വളപട്ടണം പഞ്ചായത്തു പ്രസിഡന്റുമായ എൻ പി മനോരമയുടെ വീട്ടിൽനിന്നടക്കം കെട്ടുകണക്കിന‌് ലഘുലേഖകൾ പൊലീസും തെരഞ്ഞെടുപ്പ‌് ഉദ്യോഗസ്ഥരും പിടിച്ചെടുത്തു.
കലക്ടറുടെയും ഇലക‌്ഷൻ ഡെപ്യൂട്ടി കലക്ടറുടെയും തെരഞ്ഞെടുപ്പു ചട്ടലംഘനങ്ങൾ കണ്ടെത്താൻ നിയുക്തരായ നോഡൽ ഓഫീസർമാരുടെയും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ കേസിൽ നിർണായകമായി.
from Kerala || Deshabhimani Online News https://ift.tt/2OzeAf9
via IFTTT
No comments:
Post a Comment