തിരുവനന്തപുരം
ശബരിമലയിൽ നടപ്പാക്കുന്നത‌് സംഘപരിവാറിന്റെ ‘ഭിന്നിപ്പിച്ച‌് ഭരിക്കൽ’ തന്ത്രമെന്ന‌് മല്ലിക സാരാഭായി. മറ്റുള്ളവരുടെ വിശ്വാസത്തിൽ കൈകടത്താൻ ആർക്കും അവകാശമില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽനിന്ന‌് സമൂഹത്തെ പതിനാറാം നൂറ്റാണ്ടിലേക്ക‌് പിന്നോട്ടടിക്കാനുള്ള ശ്രമം സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. വിശ്വാസത്തിന്റെ പേരിൽ മറ്റുള്ളവരെ കൊല്ലാൻപോലും തയ്യാറാകുന്ന മാനസികാവസ്ഥ പരിഷ്‌കൃതസമൂഹത്തിന‌് ചേർന്നതല്ലെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത‌് എത്തിയ മല്ലിക ദേശാഭിമാനിയോട‌് സംസാരിക്കുകയായിരുന്നു.
ആചാരങ്ങൾ മാറ്റിയെഴുതാനുള്ളതാണ‌്. ഒരു കാലത്ത‌് മാറ്റിയെഴുതപ്പെട്ടവയാണ‌് പിൽക്കാലങ്ങളിൽ ആചാരമായി മാറിയത‌്. പൊതുവായ വിശ്വാസവും സംസ്കാരവും വേണമെന്ന നിർബന്ധം ശുദ്ധ അസംബന്ധമാണ‌്. ശബരിമലയിൽ സുപ്രീംകോടതിവിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ധൃതി കാണിച്ചെന്ന വാദവും അവർ തള്ളിക്കളഞ്ഞു. ചില സന്ദർഭങ്ങളിൽ തീരുമാനങ്ങൾ ഉടനടി നടപ്പാക്കേണ്ടി വരും. 1994ൽ നിരോധിച്ച തോട്ടിപ്പണി സുപ്രീംകോടതിക്കുതന്നെ മൂന്നുതവണ വീണ്ടും നിരോധിക്കേണ്ടി വന്നെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇപ്പോഴും പലയിടങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങൾതന്നെ തോട്ടിവേലയ്ക്ക‌് മനുഷ്യരെ ഉപയോഗിക്കുന്നു. അവിടെയും പ്രതികരിക്കാനും അവകാശത്തിനായി പോരാടാനും തയ്യാറായത‌് നാമമാത്രമായ ആളുകളാണ‌്.
നിശ്ശബ്ദരാകേണ്ട സമയവും സന്ദർഭവും കടന്നുപോയിരിക്കുന്നു. തെറ്റുകൾക്കെതിരെ ശബ്ദമുയർത്താൻ ഏവരും മുന്നോട്ടുവരണം. യുവാക്കളും സ്ത്രീകളും ഇതിന്റെ മുൻനിരയിൽ ഉണ്ടാകണം. സ്വന്തം വീട്ടിൽനിന്നുതന്നെ മാറ്റങ്ങൾക്ക‌് തുടക്കം കുറിക്കണം. ശാസ്ത്രീയ അവബോധത്തിന‌് പകരം സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ പെരുകിവരുന്നത‌് ദുഃഖകരമാണ‌്.
വിദ്യാഭ്യാസത്തിന്റെയും പുരോഗമന ചിന്തയുടെയും ഫലമായി നാം പിന്തള്ളിയ ഫ്യൂഡൽ ചിന്താഗതികളും ആണധികാര സമ്പ്രദായങ്ങളും തിരികെ കൊണ്ടുവരാനുള്ള ആസൂത്രിത ശ്രമമാണ‌് നടക്കുന്നത‌്. തുടർ ക്യാമ്പയിനിലൂടെ ഏത‌് തെറ്റിനെയും വിശ്വാസയോഗ്യമാക്കുംവിധം പ്രചരിപ്പിക്കാൻ സംഘപരിവാറിന‌് കഴിയുന്നത് ഗൗരവതരമായി കാണണമെന്നും മല്ലിക പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Kl03Di
via IFTTT
No comments:
Post a Comment