കോഴിക്കോട‌്
കേരള സോപ‌്സിന‌് വികസന പ്രതീക്ഷകൾ നൽകി വ്യവസായ മന്ത്രി ഇ പി ജയരാജനെത്തി. പുതിയ പദ്ധതികളുടെ സാധ്യതകളും വിപണന തന്ത്രങ്ങളും മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ‌്തു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ലാഭത്തിലായ കമ്പനിയെ കൂടുതൽ ഉയരത്തിലെത്തിക്കുമെന്ന‌് ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്കുശേഷം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത‌് പരിഗണനയിലാണ‌്. നിലവിൽ ചൈനയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തായ‌്‌ലൻഡിലേക്കും കയറ്റുമതിയുണ്ട‌്. അത‌് കൂടുതൽ വിപുലമാക്കും. പുതിയ സോപ്പുകളും ഹാൻഡ‌് വാഷുകളും വിപണിയിലെത്തിക്കാൻ ആലോചിക്കുന്നു. കമ്പനിയുടെ വിപുലീകരണം, പുതിയ ഉൽപ്പന്നങ്ങൾ, തൊഴിലാളികളുടെ പ്രശ‌്നങ്ങൾ, വിപണന സാധ്യതകൾ, സാമ്പത്തിക പ്രയാസങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ‌്തു. ഉദ്യോഗസ്ഥരുമായും തൊഴിലാളി പ്രതിനിധികളുമായും സംസാരിച്ചു. കമ്പനിയുടെ വികസന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ‌്. സർക്കാരിന്റെ എല്ലാ സഹായവുമുണ്ടാകും.
കേരള സോപ‌്സിന്റെ ഉൽപ്പന്നങ്ങൾ വിപണിയിൽ കുത്തകക്കമ്പനികളോടാണ‌് മത്സരിക്കേണ്ടത‌്. അതിനാൽ ഉപഭോക്താവിനെ ആകർഷിക്കാനുള്ള പ്രവർത്തനങ്ങളുണ്ടാകും. ഉൽപ്പന്നങ്ങളുടെ വിപണനത്തിന‌് വിപുലമായ സംവിധാനമാണ‌് വ്യവസായ വകുപ്പ‌് ആലോചിക്കുന്നത‌്. ആഭ്യന്തര, വിദേശ മാർക്കറ്റുകൾ ലക്ഷ്യമിട്ടുള്ള വിപണന സാധ്യതകൾ വാണിജ്യവകുപ്പ‌് ആവിഷ‌്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
ചർച്ചയിൽ മാനേജിങ് ഡയരക്ടർ ഡോ. ഫെബി വർഗീസ‌്, ജനറൽ മാനേജർ വി ശശികുമാർ, മന്ത്രിയുടെ പ്രൈവറ്റ‌് സെക്രട്ടറി എം പ്രകാശൻ, കേരള സോപ‌്സ‌് എംപ്ലോയീസ‌് യൂണിയൻ(സിഐടിയു) പ്രസിഡന്റ‌് പി ലക്ഷ‌്മണൻ, ജനറൽ സെക്രട്ടറി എം എം സുബീഷ‌്, ട്രഷറർ ജി കെ പ്രജീദ‌്, വൈസ‌് പ്രസിഡന്റ‌് കെ വി വിജീഷ‌് എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2znXRpK
via IFTTT
No comments:
Post a Comment