ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത‌് കലാപത്തിന‌് ശ്രമിക്കുന്ന ബിജെപിയും കോൺഗ്രസും നഗ്നമായ ഭരണഘടനാലംഘനം നടത്തുകയാണെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സുതാര്യമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത‌്. സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ പ്രഥമ കർത്തവ്യം.
കോൺഗ്രസിന്റെ കേരളനേതൃത്വം സ്വീകരിച്ച നിലപാട് അതിവിചിത്രമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും ഗുരുവായൂർ, വൈക്കം ക്ഷേത്രപ്രവേശന സത്യഗ്രഹങ്ങളുടെയുമൊക്കെ പാരമ്പര്യമവകാശപ്പെടുന്ന, മതനിരപേക്ഷ കക്ഷിയെന്നവകാശപ്പെടുന്ന കോൺഗ്രസ്, ആർഎസ്എസ്, ബിജെപി എന്നീ വർഗീയ കക്ഷികൾക്ക് പിറകെ നാമജപ ഘോഷയാത്രയിൽ പങ്കെടുക്കുന്നത‌് ആ പാർടിക്കുണ്ടായ അപചയത്തിന്റെ ദൃഷ്ടാന്തമാണ‌്.
ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരെ പ്രക്ഷോഭം നയിക്കുന്നത് വിരോധാഭാസമാണ്. കേരളത്തിലെ ബിജെപിക്കും കോൺഗ്രസിനും അവരുടെ കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായ നയമാണ് ശബരിമല വിഷയത്തിലുള്ളത‌്.
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ, മോഡി സർക്കാരിന്റെ എല്ലാ രംഗത്തുമുള്ള ദയനീയ പരാജയം കേരളത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കുക എന്നതാണ‌് സംഘപരിവാറിന്റെ അജൻഡ. ശബരിമലയെ മറ്റൊരയോധ്യയാക്കാൻ സംഘപരിവാർ നടത്തുന്ന ഹീനശ്രമം മതനിരപേക്ഷ, ജനാധിപത്യസമൂഹം തിരിച്ചറിയുകയും ചെറുത്തുതോൽപ്പിക്കുകയും ചെയ്യുമെന്ന് കാനം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2OUkCr3
via IFTTT
No comments:
Post a Comment