തിരുവനന്തപുരം
എരിഞ്ഞമർന്ന മൺവിള ഫാമിലി പ്ലാസ‌്റ്റിക‌്സ‌് കെട്ടിടത്തിൽ തീ പടരാൻ തുടങ്ങിയത‌് രണ്ടുദിവസം മുമ്പ‌് അഗ‌്നിബാധയുണ്ടായ അതേകെട്ടിടത്തിൽനിന്ന‌്. തീ ആരംഭിച്ച സ്ഥലം കണ്ടെത്തിയെങ്കിലും തീ പിടിക്കാനുള്ള കാരണം കണ്ടെത്താനായിട്ടില്ല. കെട്ടിടം പൂർണമായും കത്തിയമർന്നതാണ‌് തീയുടെ ഉറവിടം കണ്ടെത്താൻ ബുന്ധിമുട്ടായത‌്. ഫയർ ആന്റ‌് റെസ്ക്യു ടെക‌്നിക്കൽ ഡയറക്ടറുടെ നേതൃത്വത്തിലും ഡെപ്യൂട്ടി പൊലീസ‌് കമ്മീഷണർ ആർ ആദിത്യയുടെ നേതൃത്വത്തിലുമുള്ള സംഘങ്ങൾ പ്രത്യേകം അന്വേഷണം ആരംഭിച്ചു. ഫാക്ടറീസ‌് ആന്റ‌് ബോയ‌്‌ലേഴ‌്സ‌് വകുപ്പ‌്, മലിനീകരണ നിയന്ത്ര ബോർഡ‌് എന്നിവയും അന്വേഷണം തുടങ്ങി. തീ പിടിത്തം നടന്ന കമ്പനിയുടെ പരിസരത്ത‌് വിഷവാതക സാന്നിധ്യം കണ്ടെത്താനായില്ലെന്ന‌് മലിനീകരണ നിയന്ത്രണബോർഡ‌് ജില്ലാ ഓഫീസർ ബിന്ദു രാധാകൃഷ‌്ണൻ പറഞ്ഞു. ശനിയാഴ‌്ച രാവിലെയും ഇവിടെ പരിശോധന നടത്തും. ഫാക്ടറീസ‌് ആന്റ‌് ബോയ‌്‌ലേഴ‌്സ‌് വകുപ്പ‌് നടത്തിയ പരിശോധനയിൽ കടുത്ത സുരക്ഷാ വീഴ‌്ച കണ്ടെത്തിയതിനെത്തുടർന്ന‌് കമ്പനിയുടെ പ്രവർത്തനം നിർത്തിവയ‌്ക്കാൻ ഉത്തരവിട്ടു. വെള്ളിയാഴ‌്ച കമ്പനിയിലെത്തിയ ഡിസിപി ആർ ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ‌് സംഘം തെളിവുകൾ ശേഖരിച്ചു. ഇവ ഫൊസൻസിക‌് പരിശോധനയ‌്ക്ക‌് അയച്ചതായി ഡസിപി പറഞ്ഞു.
പ്രൊഡക്ഷൻ യൂണിറ്റിന്റെ പുറകിലുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലാണ‌് ആദ്യം തീ കണ്ടത‌്. തീ കണ്ട‌് കെടുത്താൻ പോയ തൊഴിലാളികൾക്ക‌് അങ്ങോട്ട‌് അടുക്കാനായില്ല. ഒന്നിച്ച‌് തീ ആളിപ്പടർന്നതോടെ മേൽക്കൂരയിലെ എസി ഷീറ്റ‌് പൊട്ടിത്തെറിച്ചു. വായുസഞ്ചാരം ലഭിച്ചതോടെ തീ അനിയന്ത്രിതമായി. ഇവിടെനിന്നും മുൻഭാഗത്തെ കെട്ടിടത്തിലേക്കും തീ പടർന്നു. രണ്ടുകെട്ടിടങ്ങളുടെയും മുകൾ നിലയിൽ ഉപയോഗിക്കാനുള്ള പ്ലാസ‌്റ്റികും ഉപയോഗശൂന്യമായ പ്ലാസ‌്റ്റിക്കും രാസ വസ‌്തുക്കളുമെല്ലാം സൂക്ഷിച്ചിരുന്നു. തീർത്തും അശാസ‌്ത്രീയമായാണ‌് ഇവ സൂക്ഷിച്ചത‌്. കെട്ടിടങ്ങളുടെ മുകളിൽനിന്ന‌് താഴേക്ക‌് തീ പടരുകയായിരുന്നു. തീയിനൊപ്പം ഉരുകിയൊലിച്ച പ്ലാസ‌്റ്റികും നല്ല ഇന്ധനമായി.
29ന‌് തീപിടിത്തമുണ്ടായ ശേഷവും ആവശ്യമായ സുരക്ഷയൊരുക്കിയിരുന്നില്ലെന്നും ഫയർ ഫോഴ‌്സിന്റെ പരിശോധനയിൽ കണ്ടെത്തി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന‌് ഫയർ ആൻഡ‌് റെസ‌്ക്യൂ ടെക‌്നിക്കൽ ഡയറക്ടർ ആർ പ്രസാദ‌് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2zoKk11
via IFTTT
No comments:
Post a Comment