കാസർകോട്
കേന്ദ്ര സർവകലാശാല പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കാൻ നിർബന്ധിതമായത് കാവിവൽക്കരണത്തിനേറ്റ തിരിച്ചടി. വിദ്യാർഥികളെയും അധ്യാപകരെയും നിശ്ശബ്ദരാക്കി സർവകലാശാലയെ അടക്കി ഭരിക്കാനുള്ള ധിക്കാരമാണ് ഇന്റർനാഷണൽ റിലേഷൻസ് ഒന്നാം വർഷ എംഎ വിദ്യാർഥി അഖിൽ താഴത്ത് ക്യാമ്പസിൽ തിരിച്ചെത്തിയതോടെ പൊളിഞ്ഞത്. കേരളത്തിന്റെ ജനാധിപത്യ ബോധത്തെയും മതനിരപേക്ഷ ചട്ടക്കൂടിനെയും വെല്ലുവിളിക്കുന്ന രീതിയിലാണ് സർവകലാശാലയുടെ പ്രവർത്തനം. വിദ്യാർഥികളുടെയും അധ്യാപകരുടെയും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്ന നടപടികളാണ് സർവകലാശാലയുടെ അക്കാദമിക് അന്തരീക്ഷം കലുഷിതമാക്കിയത്. സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസലും ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റുമായ അഡ്വ. കെ ശ്രീകാന്തും ഭാരതീയ വിചാര കേന്ദ്രം ഭാരവാഹിയും പിവിസി കെ ജയപ്രസാദുമാണ് കാവിവൽക്കരണത്തിന് ചുക്കാൻ പിടിക്കുന്നത്. എന്നാൽ കേന്ദ്ര സർകലാശാലയിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിനെതിരെ വൻ പ്രതിരോധമാണ് ഉയർത്തിയത്.
വിദ്യാർഥികളുടെ ഉപരോധത്തെ നേരിടാൻ ഒടുവിൽ പൊലീസിനെ വിളിക്കേണ്ടിവന്നു. ഇൗ ഗതികേട് പിവിസി ക്ഷണിച്ചുവരുത്തിയതാണ്. വിദ്യാർഥികളുടെ ഉപരോധം തടയാൻ ബിജെപി നേതാക്കളെയും ക്രിമിനലുകളെയും ക്യാമ്പസിനകത്ത് വിളിച്ചുകയറ്റാനും അധികൃതർ മടിച്ചില്ല. എന്നിട്ടും രക്ഷയില്ലാത്തപ്പോഴാണ് രണ്ടാഴ്ച സർവകലാശാല അടച്ചിട്ടതും ഹൈക്കോടതിയിൽനിന്ന് പൊലീസ് സംരക്ഷണ വിധി സമ്പാദിച്ചതും. വിദ്യാർഥികൾ ഇനി സമരം നടത്തില്ലെന്ന് എഴുതിക്കൊടുത്താലേ സർവകലാശാല തുറക്കൂവെന്ന് ശഠിച്ചവർക്ക് തീരുമാനം തിരുത്തേണ്ടിവന്നു. അഖിൽ താഴത്തിനെ പുറത്താക്കിയ നടപടി എക്സിക്യൂട്ടീവ് കൗൺസിലിന് പുനഃപരിശോധിക്കേണ്ടിവന്നത് വിദ്യാർഥി സമരത്തിന്റെ വിജയമാണ്. ഏകാധിപതിയെപ്പോലെ സർവകലാശാല ഭരിക്കാമെന്ന് കരുതിയ പിവിസിക്കും പത്തിതാഴ്ത്തേണ്ടി വന്നു. വിദ്യാർഥി സമരം ഒത്തുതീർക്കുന്നതിന് കലക്ടർ വിളിച്ച യോഗത്തിൽ ബിജെപി ഒഴികെയുള്ള മുഴുവൻ രാഷ്ട്രീയ പാർടികളും പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കണമെന്ന നിലപാടിലായിരുന്നു. പിവിസി ഉൾപ്പെടെ മൂന്ന് ഭാരതീയ വിചാരകേന്ദ്രക്കാരുള്ള എക്സിക്യൂട്ടീവ് കൗൺസിലിന് തീരുമാനം തിരുത്തേണ്ടിവന്നത് കേന്ദ്ര സർവലാശാലയിലെ അന്തരീക്ഷം കാവിക്കനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്.
കേന്ദ്ര സർവകലാശാല ഇനിയും തിരുത്താൻ ഏറെയുണ്ട്. അധ്യാപകരായ ഡോ. പ്രസാദ് പന്ന്യനും ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനുമെതിരായ നടപടി എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തിട്ടില്ല. ഗവേഷണ വിദ്യാർഥിയായ ഗന്തോടി നാഗരാജുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി ശരിയായില്ലെന്ന് നവ മാധ്യമത്തിൽ ചൂണ്ടിക്കാണിച്ചതിനാണ് ഇംഗ്ലീഷ് താരതമ്യ പഠന വിഭാഗം മേധാവി സ്ഥാനത്തുനിന്ന് പ്രസാദിനെ നീക്കിയത്. മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ആദിവാസികളെ വെടിവച്ച് കൊന്നതിനെതിരെ തിരുവനന്തപുരത്ത് മനുഷ്യവകാശ പ്രവർത്തകർ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തുവെന്നതിനാണ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് അസി. പ്രൊഫസർ ഗിൽബർട്ട് സെബാസ്റ്റ്യനോട് വിശദീകരണം ചോദിച്ചതും അനന്തര നടപടി ആലോചിച്ചതും. നടപടിക്കെതിരെ ഡോ. പ്രസാദ് പന്ന്യൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സിവിൽ സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞായിരുന്നു ഗിൽബർട്ട് സെബാസ്റ്റ്യന് വിശദീകരണ നോട്ടീസ് നൽകിയത്. കേന്ദ്ര സർവകലാശാല നിയന്ത്രിക്കുന്ന മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ പോലും തള്ളിയ പെരുമാറ്റച്ചട്ടമാണ് ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. രാജ്യത്തുള്ള മറ്റ് സർവകലാശാലകൾ പെരുമാറ്റച്ചട്ടം വേണ്ടെന്ന് തീരുമാനിച്ചിട്ടും അതിൽ മുറുകെ പിടിക്കുകയാണ് കാസർകോട്ടെ കേന്ദ്ര സർവകലാശാല. എത്ര ഔന്നത്യം അവകാശപ്പെട്ടാലും വിദ്യാർഥികളുടെയും അധ്യാപകരുടെയും അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തി സർവകലാശാലയ്ക്ക് മുന്നോട്ടുപോകാനാവില്ലെന്ന് തെളിഞ്ഞിരിക്കയാണ്. കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെയും (സിഎജി) സിബിഐയുടെയും അന്വേഷണ പരിധിയിൽനിന്ന് പുറത്ത് കടക്കാൻ ഇതുവരെ കേന്ദ്ര സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഇവരുടെ അന്വേഷണം നടക്കുന്നു. കാവിവൽക്കരണത്തിലൂടെ ഇതൊക്കെ ഇല്ലാതാക്കാൻ നോക്കിയിട്ടും അന്വേഷണ ഏജൻസികൾ വഴങ്ങിയിട്ടില്ല.
from Kerala || Deshabhimani Online News https://ift.tt/2yLB73i
via IFTTT
No comments:
Post a Comment