കൊച്ചി > സംഘപരിവാർ മുന്നറിയിപ്പില്ലാതെ ശനിയാഴ‌്ച പുലർച്ചെ പ്രഖ്യാപിച്ച ഹർത്താൽ ജനജീവിതം ബുദ്ധിമുട്ടിലാക്കി. ജില്ലയിൽ സ്വകാര്യ ബസുകളും കെഎസ‌്ആർടിസിയും സർവീസ‌് നടത്തിയില്ല. മിക്കയിടങ്ങളിലും ഓട്ടോറിക്ഷകൾ സർവീസ‌് നടത്തി. ബസ‌് സർവീസ‌് ഇല്ലാതിരുന്നതിനാൽ മെട്രോ റെയിൽ യാത്രയ‌്ക്ക‌് പതിവിലും തിരക്കേറി. സ്വകാര്യ വാഹനങ്ങൾ പതിവിലേറെ നിരത്തിലിറങ്ങി. ഹർത്താൽ ദിനത്തിൽ കലക്ടറേറ്റിൽ 165 ജീവനക്കാരിൽ 55 പേർ മാത്രമാണ് ജോലിക്കെത്തിയത‌്. സിവിൽ സ‌്റ്റേഷനിലെ എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും 50 ശതമാനമായിരുന്നു ഹാജർനില. കലക്ടറും എഡിഎമ്മും അടക്കമുള്ള ഉദ്യോഗസ്ഥർ ജോലിക്കെത്തി. ഇൻഫോപാർക്കിനെ ഹർത്താൽ നേരിയ തോതിൽ ബാധിച്ചു.
ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞത് പല സ്ഥലങ്ങളിലും നേരിയ സംഘർഷത്തിന് ഇടയാക്കി. എറണാകുളം വരാപ്പുഴയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട്, ഗുരുവായൂർ ഭാഗങ്ങളിൽനിന്ന‌് എറണാകുളത്തേക്ക് പുറപ്പെട്ട ബസുകൾ വടക്കൻ പറവൂരിൽ സർവീസ് അവസാനിപ്പിച്ചു. പിന്നീട് പൊലീസ് സ്ഥലത്ത് എത്തിയാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. ജില്ലയുടെ മറ്റ് പ്രധാന കെഎസ്ആർടിസി ബസ് സ‌്റ്റേഷനുകളായ ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ, പറവൂർ, അങ്കമാലി എന്നിവിടങ്ങളിൽനിന്ന‌് ബസുകൾ ഓടിയില്ല. നഗരത്തിന്റെ വിവിധയിടങ്ങളിലെ പെട്രോൾ പമ്പുകളും ഹർത്താൽ അനുകൂലികൾ എത്തി അടപ്പിച്ചു.
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെ പ്രവർത്തനങ്ങളെ ഹർത്താൽ പ്രതികൂലമായി ബാധിച്ചു. ഹർത്താൽ അറിയാതെ പുലർച്ചെ പുറപ്പെട്ട നിരവധി ലോറികൾ വഴിയരികിൽ പാർക്ക് ചെയ്യേണ്ടിവന്നു. വൈകിട്ട‌് ആറിന് ശേഷമാണ് കണ്ടെയ്‌നർ ലോറികൾ സർവീസ് നടത്തിയത‌്.
ശനിയാഴ്ച പുലർച്ചെ പ്രഖ്യാപിച്ച ഹർത്താൽ വിവരം മിക്ക യാത്രക്കാരും രാവിലെയാണ് അറിഞ്ഞത്. ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്നവർ ബന്ധുക്കളെ കാത്ത് വളരെയധികം സമയം നിൽക്കേണ്ടിവന്നു. പിന്നീട് വിമാനത്തിലെത്തിയ യാത്രികരിലധികവും പ്രീപെയ്ഡ് ടാക്‌സിയെ ആശ്രയിക്കുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2RYlH32
via IFTTT
No comments:
Post a Comment