ശബരിമല > ആചാരം ലംഘിച്ച‌് വരുന്നവരെ തടയാൻ ശബരിമലയിൽ തമ്പടിച്ച ആർഎസ‌്എസ‌് നേതാവടക്കമുള്ള സംഘപരിവാറുകാർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയും പുറം തിരിഞ്ഞുനടന്നും പരക്കെ ആചാരലംഘനം നടത്തി.
ശബരിമലയിൽ ഇതുവരെയുണ്ടാകാത്ത ആചാരലംഘനമാണ‌് സംഘപരിവാർ ചൊവ്വാഴ്ച നടത്തിയത‌്. രാവിലെ ഏഴോടെയാണ് തീർഥാടകരെന്ന വ്യാജേന സന്നിധാനത്ത് താവളമുറപ്പിച്ച അക്രമികൾ യുവതി കയറി എന്ന് ആക്രോശിച്ച് ശരണം വിളിച്ച് ആളെ കൂട്ടിയത്.
പല ഭാഗത്തായി ചിതറി നിന്നവരും ദർശനത്തിന് കാത്തുനിന്നവരും ഓടിയിറങ്ങി. അവരിൽ മുപ്പതോളം പേർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി നിന്ന് കൂക്കിവിളിച്ചു. കുറച്ചുപേർ പടി ചാടിക്കയറി സന്നിധാനത്തുമെത്തി. ആർഎസ്എഎസ് നേതാവ് വത്സൻ തില്ലങ്കേരി മൂന്നുനാലു പടികൾ കയറി നിന്ന് അക്രമികൾക്ക് നിർദേശങ്ങൾ നൽകി. പതിനെട്ടാംപടിയിൽ നിന്ന‌് പുറംതിരിഞ്ഞ‌് ഇറങ്ങരുതെന്ന ആചാരവും ഈ ‘ഭക്തന്മാർ’ ലംഘിച്ചു.
പ്രായ നിയന്ത്രണം നിലനിന്നപ്പോൾ പോലും സ്ത്രീകൾ പലവട്ടം ശബരിമല ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇരുമുടിക്കെട്ടില്ലാതെ ആരും പതിനെട്ടാംപടി കയറാറില്ല. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നത‌് ആചാര ലംഘനമാണെന്ന‌് തന്ത്രി കണ‌്ഠര‌് രാജീവര‌് വ്യക്തമാക്കി. ആചാരലംഘനത്തിനെതിരെ തക്കതായ പരിഹാരക്രിയ വേണ്ടിവരുമെന്നും തന്ത്രി പറഞ്ഞു.
പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറിയത‌് സംബന്ധിച്ച‌് ദേവസ്വം വിജിലൻസ‌് അന്വേഷിക്കുമെന്ന‌് ദേവസ്വം എക‌്സിക്യൂട്ടീവ‌് ഓഫീസർ സുധീഷ‌്കുമാർ ദേശാഭിമാനിയോടു പറഞ്ഞു.
പുറത്തുനിന്ന‌് വരുന്നവർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുന്നതും ഇറങ്ങുന്നതും അവിടെനിന്ന‌് വെല്ലുവിളി നടത്തുന്നതും വേറിട്ട‌് കാണുമെന്ന‌് അദ്ദേഹം പറഞ്ഞു. ആഴി കത്തിക്കാൻ മേൽശാന്തി പോകുന്നത‌് ദേവഹിതം അനുസരിച്ചാണ‌്. കഴകക്കാർ, പരികർമികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർ മേൽശാന്തിയെ അനുഗമിക്കുന്നത‌് അതിന്റെ ഭാഗമാണ‌്.
from Kerala || Deshabhimani Online News https://ift.tt/2D6RsTa
via IFTTT
No comments:
Post a Comment