സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ തസ‌്തികയിൽ ബാങ്ക‌് ഉദ്യോഗസ്ഥനെ ഒരു വർഷത്തേക്ക‌് ഡെപ്യൂട്ടേഷനിൽ നിയമിച്ചതിനെ എതിർക്കുന്നത‌് മുൻ സർക്കാരിന്റെ കാലത്ത‌് നടത്തിയ അനധികൃത വായ‌്പാ ഇടപാടുകൾ കണ്ടെത്തുമെന്ന ഭയത്താൽ. പൊതുമേഖലാ ബാങ്ക‌് ഉദ്യോഗസ്ഥൻ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ തലപ്പത്ത‌് എത്തിയാൽ മുൻകാല ഇടപാടുകളിലെ തട്ടിപ്പുകൾ കണ്ടെത്തുമെന്ന‌് ലീഗും യുഡിഎഫും ഭയപ്പെടുന്നു. മുൻ ബോർഡ‌് അനധികൃതമായി ലീഗ‌് നേതാക്കൾക്ക‌് വഴിവിട്ട‌് നൽകിയ ബിനാമി വായ‌്പകളുടെ വിശദാശംങ്ങൾ കണ്ടെത്തുമെന്നതും വായ‌്പകളെല്ലാം തിരിച്ചുപിടിക്കുമെന്നുമുള്ള തിരിച്ചറിവുമാണ‌് മന്ത്രിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം.
കോർപറേഷനിൽ ജനറൽ മാനേജർ തസ്‌തികയിലേക്ക‌് നിയമിതനായ സൗത്ത‌് ഇന്ത്യൻ ബാങ്ക‌് കോഴിക്കോട‌് റീജ്യണൽ ഓഫീസിലെ സീനിയർ മാനേജർ കെ ടി അദീബിന‌് ബാങ്കിൽ ലഭിക്കുന്ന വേതനം പുതിയ തസ‌്തികയിൽ ലഭിക്കില്ല. എന്നാൽ എൽഡി ക്ലർക്ക‌് യോഗ്യതപോലുമില്ലാത്തവരാണ‌് യുഡിഎഫ‌് ഭരണത്തിൽ കോർപറേഷനിൽ സ്വൈരവിഹാരം നടത്തിയത‌്. ഒരുവർഷത്തേക്ക‌് ഡെപ്യൂട്ടേഷനിൽ കോർപറേഷനിൽ എത്തുന്ന അദീബിന‌് ബാങ്കിൽ ഒരുവർഷത്തെ സീനിയോറിറ്റിയും നഷ്ടപ്പെടുമെന്ന‌് നിയമനരേഖകളിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നുണ്ട‌്.
എന്നാൽ, യുഡിഎഫ‌് ഭരണകാലത്ത‌് കെ എം മാണിയുടെ അഡീഷണൽ പ്രൈവറ്റ‌് സെക്രട്ടറിയായി സൗത്ത‌് ഇന്ത്യൻ ബാങ്കിലെ മാനേജർ പി സി ജെയിംസിനെ നിയമിച്ചത‌് ഡെപ്യൂട്ടേഷൻ നിയമന വ്യവസ്ഥകൾ ലംഘിച്ചായിരുന്നു. ബാങ്കിൽ ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും സർക്കാരിൽനിന്ന‌് അദ്ദേഹത്തിന‌് അനുവദിച്ചിരുന്നു. സെക്രട്ടറിയറ്റിൽ നിന്ന‌് ഒരു ഉദ്യോഗസ്ഥനെ മന്ത്രി ഓഫീസിലേക്ക‌് ഡെപ്യൂട്ടേഷനിൽ നിയമിക്കുമ്പോൾ അനുവദിക്കാത്ത ആനുകൂല്യങ്ങളെല്ലാം അദ്ദേഹത്തിന‌് നൽകുകയും ചെയ‌്തു. 65 ലിറ്റർ പെട്രോളിന്റെ തുകയും അലവൻസിൽ ഉൾപ്പെടുത്തി. ഫലത്തിൽ ബാങ്കിൽ ലഭിച്ച തുകയേക്കാൾ ആനുകൂല്യങ്ങളും മറ്റുമായി സർക്കാർ നൽകിയിരുന്നു.
മുൻ യുഡിഎഫ‌് ഭരണകാലത്ത‌് മുസ്ലിംലീഗും മന്ത്രിമാരും നടത്തിയ വഴിവിട്ട നിയമനങ്ങൾക്ക‌് ഒത്താശക്കാരായിരുന്നവരാണ‌് നിയമാനുസൃതമായ പുതിയ നിയമനത്തിനെതിരെ രംഗത്തെത്തിയത‌്. പ്രൊഫസറായി പത്ത‌് വർഷത്തിൽ കുറയാത്ത യോഗ്യത അനിവാര്യമായിരിക്കുന്ന കലിക്കറ്റ‌് സർവകലാശാല വിസി സ്ഥാനത്തേക്ക‌് മുസ്ലിംലീഗിന്റെ പഞ്ചായത്ത‌് പ്രസിഡന്റായ സ‌്കൂൾ അധ്യാപകനെ നിയമിക്കാൻ ലീഗ‌് കളിച്ച കളി ആരും മറന്നുകാണില്ല. ലീഗ‌് നേതാവിനെ വിസിയാക്കാൻ യൂത്ത‌് ലീഗും ഒത്താശക്കാരായി നിന്നു. സ‌്കൂൾ അധ്യാപകനെ ലീഗ‌് ബന്ധംമാത്രം വച്ച‌് വിവരാവകാശ കമീഷണറാക്കാനുള്ള യുഡിഎഫ‌് നീക്കം കോടതി ഇടപെട്ടതോടെയാണ‌് നടക്കാതെപോയത‌്.
from Kerala || Deshabhimani Online News https://ift.tt/2z2wZfz
via IFTTT
No comments:
Post a Comment