കൊച്ചി
എറണാകുളം ജില്ലയിലെ നാലു പ്രധാന റെയിൽവേ സ‌്റ്റേഷനുകൾ 2019 മാർച്ചിൽ സൗരോർജ വൈദ്യുതോൽപ്പാദന കേന്ദ്രങ്ങളായി മാറുന്നു. എറണാകുളം സൗത്ത‌്, നോർത്ത‌്, ആലുവ, അങ്കമാലി എന്നീ സ‌്റ്റേഷനുകളാണ‌് സൗരോർജ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ തയ്യാറെടുക്കുന്നത‌്.
എറണാകുളം സൗത്തിൽ 250 കിലോവാട്ടും നോർത്തിൽ 200 കിലോവാട്ടും ആലുവയിൽ നൂറും അങ്കമാലിയിൽ 50 കിലോവാട്ടും വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകുന്ന സൗരോർജ പാനലുകളാണ‌് സ്ഥാപിക്കുന്നത‌്. ഇത‌് റെയിൽ ബജറ്റിൽ ഉൾപ്പെടുത്താതെ പൂർണമായും സ്വകാര്യ ഏജൻസിവഴിയാണ‌് നടപ്പാക്കുന്നത‌്. ന്യൂഡൽഹി ആസ്ഥാനമായുള്ള അസുരെ പവറാണ‌് സൗരോർജ പാനലുകൾ സ്ഥാപിക്കാൻ കരാർ എടുത്തിരിക്കുന്നത‌്.
ഇന്ത്യയിലെ 17 സ‌്റ്റേഷനുകളാണ‌് ആദ്യഘട്ടത്തിൽ സൗരോർജ വൈദ്യുതി പ്രയോജനപ്പെടുത്തുന്നത‌്.
ആദ്യഘട്ട ജോലി ആരംഭിച്ചു. പ്രാഥമികസർവേ നടത്തി ഡ്രോയിങ‌് അപ്രുവൽ വാങ്ങിയതായി റെയിൽവേ ഇലക‌്ട്രിക്കൽ വിഭാഗം അറിയിച്ചു. മഴ വന്നതിനാൽ ജോലിയിൽ തടസ്സം നേരിട്ടിരുന്നു. എന്നാൽ, ഡിസംബർ 31നുമുമ്പ‌് മേൽക്കൂരയിലെ നിലവിലുള്ള ഷീറ്റുകൾ മാറ്റുന്ന ജോലി പൂർത്തിയാകുമെന്നും അവർ പറഞ്ഞു.
ഡിവിഷണൽ റെയിൽവേ എൻജിനിയർ സിൻഹയുടെയും ഡിവിഷണൽ ഇലക‌്ട്രിക്കൽ എൻജിനിയർ വിജയകുമാറിന്റെയും നേതൃത്വത്തിലാണ‌് ജോലികൾ പുരോഗമിക്കുന്നത‌്. മാർച്ച‌് 31നുമുമ്പ‌് സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലിയും പൂർത്തിയാക്കും.
എറണാകുളം സൗത്ത‌് റെയിൽവേ സ‌്റ്റേഷനിൽ ദിനംപ്രതി 6500 മുതൽ 6800 യൂണിറ്റ‌് വൈദ്യുതി ആവശ്യമാണ‌്. സൗരോർജ പാനൽ ഉപയോഗിച്ച‌് ഇവിടെ ദിനംപ്രതി 1400 മുതൽ 1500 യൂണിറ്റുവരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. നോർത്തിലും ആലുവയിലും ആവശ്യമുള്ളതിന്റെ പകുതി സൗരോർജംവഴി ലഭിക്കും. സൗരോർജ മീറ്റർ ഘടിപ്പിച്ച‌് അതിലൂടെയാകും കരാറുകാർ റെയിൽവേക്ക‌് ഏകദേശം യൂണിറ്റിന‌് നാലുരൂപപ്രകാരം വൈദ്യുതി നൽകുക.
കൂടുതൽ ഉൽപ്പാദിപ്പിച്ചാൽ അത‌് കെഎസ‌്ഇബിയിലേക്ക‌് നൽകാനും സംവിധാനം ഉണ്ടാകും.
from Kerala || Deshabhimani Online News https://ift.tt/2KH0Xuh
via IFTTT
No comments:
Post a Comment