കോഴിക്കോട്
നവോത്ഥാന കേരളത്തെ 19–-ാം നൂറ്റാണ്ടിലേക്ക് തിരിച്ചുനടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-–- ഓപ്പറേറ്റീവ് സൊസൈറ്റി ഏർപ്പെടുത്തിയ വാഗ‌്ഭടാനന്ദ–-പാലേരി കണാരൻ മാസ്റ്റർ പുരസ‌്കാര വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിത സൂചികയിലും മതനിരപേക്ഷതയിലും മുന്നിൽ നിൽക്കുന്ന നാടാണ് കേരളം. എന്നാൽ ജാതി–-മത ഭിന്നത ഉണ്ടാക്കി നാടിനെ പിറകോട്ട‌് നയിക്കാനാണ‌് ചിലരുടെ ശ്രമം. വീണ്ടും ഇരുണ്ട കാലത്തിലേക്ക‌് മടങ്ങുകയാണോ എന്ന‌് സംശയം തോന്നുന്ന രീതിയിലാണ‌് കാര്യങ്ങൾ നടക്കുന്നത‌്. തെറ്റായ ആചാരങ്ങളെ ചോദ്യംചെയ‌്ത വാഗ‌്ഭടാനന്ദന്റെ കാലം നാം എന്നും ഓർക്കണം. ഗുരുവായൂർ സത്യഗ്രഹത്തെ യാഥാസ്ഥിതികർ എതിർത്തപ്പോൾ വാഗ‌്ഭടാനന്ദൻ മുന്നിൽനിന്നാൽ ഒന്നിനെയും ഭയമില്ലെന്ന‌് മന്നത്ത‌് പത്മനാഭൻ പറഞ്ഞിരുന്നു.
നവോത്ഥാനത്തിനുവേണ്ടി നിലകൊണ്ടതിനാൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക‌് സമൂഹത്തിൽനിന്ന‌് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നു. കഥകളിലും പൊതുനിലപാടുകളിലും മാനവീയത ഉയർത്തിപ്പിടിക്കുന്ന ടി പത്മനാഭൻ ഈ അവാർഡിന‌് എന്തുകൊണ്ടും അർഹനാണെന്നും അദ്ദേഹം പറഞ്ഞു. വാഗ‌്ഭടാനന്ദ പുരസ‌്കാരം ടി പത്മനാഭനും പാലേരി കണാരൻ മാസ്റ്റർ പുരസ‌്കാരം ഡോ. രാമകൃഷ‌്ണൻ പാലാട്ടിനും മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി ടി പി രാമകൃഷ‌്ണൻ അധ്യക്ഷനായി. രാജേന്ദ്രൻ എടത്തുംകര, ഡോ. എം കെ ജയരാജ‌് എന്നിവർ പ്രശസ‌്തിപത്രം വായിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ബിനോയ‌് വിശ്വം എംപി, എംഎൽഎമാരായ ഇ കെ വിജയൻ, കെ ദാസൻ, പുരുഷൻ കടലുണ്ടി, വി കെ സി മമ്മദ‌് കോയ, സി കെ നാണു, പി ടി എ റഹീം, കാരാട്ട‌് റസാഖ‌്, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശ്ശേരി, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിച്ചു. യുഎൽസിസിഎസ‌് ചെയർമാൻ രമേശൻ പാലേരി സ്വാഗതവും എസ‌് ഷാജു നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2PGUNQe
via IFTTT
No comments:
Post a Comment