തിരുവനന്തപുരം > ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിച്ചു. എട്ട‌് കേന്ദ്രങ്ങൾ നിർമാണഘട്ടത്തിലാണ്. ഈ സാമ്പത്തിക വർഷം 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ കഴിയുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ആർദ്രം മിഷൻ ഉന്നതതല യോഗം വിലയിരുത്തി.
കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുവേണ്ടി 2017–--18-ൽ 830 തസ്തിക കൂടുതലായി സൃഷ്ടിച്ചു. സംസ്ഥാന ചരിത്രത്തിൽ റെക്കോഡാണിത്. 340 സ്റ്റാഫ് നേഴ്സ‌്, 170 ഡോക്ടർമാർ, 170 ലാബ് ടെക്നീഷ്യൻമാർ, 150 ഫാർമസിസ്റ്റുകൾ എന്നിങ്ങനെയാണ‌് തസ്തികകൾ.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പ്രവർത്തനപുരോഗതി വിശദീകരിച്ചു.
കുടുംബാരോഗ്യകേന്ദ്രങ്ങളിൽ ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷവും ഒ പി പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വലിയ സഹായമായിട്ടുണ്ട്.
വിഷാദരോഗികളെ കണ്ടെത്താനുളള ‘ആശ്വാസം' പദ്ധതിയും നല്ല ഫലം ചെയ്യുന്നുണ്ട്. എല്ലാ മാനസിക രോഗങ്ങളുടെയും പരിശോധനയും ചികിത്സയും ആരംഭിച്ചു. 104 കേന്ദ്രത്തിൽ 4,690 രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നു. ‘ശ്വാസ്' പദ്ധതി പ്രകാരം ആസ്ത‌്മയുടെയും ശ്വാസകോശരോഗങ്ങളുടെയും നിർണയവും ചികിത്സയും 68 കേന്ദ്രങ്ങളിൽ ആരംഭിച്ചു. സംസ്ഥാനത്തെ എട്ട് സർക്കാർ മെഡിക്കൽ കോളേജുകളിലും ഒപി വിഭാഗം രോഗീസൗഹൃദമായി മാറ്റി. രോഗികൾക്ക് കാത്തിരിപ്പില്ലാതെ കൃത്യമായി ചികിത്സ ലഭിക്കാൻ ഇതുവഴി കഴിയുന്നു. ജീവിത ശൈലി രോഗങ്ങൾ, കാൻസർ, പക്ഷാഘാതം എന്നിവ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 20 ജില്ലാ കാൻസർ ചികിത്സാകേന്ദ്രങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 2018–-19ൽ 28 താലൂക്ക് ആശുപത്രികൾ വികസിപ്പിച്ച് രോഗീസൗഹൃദമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 13 ജില്ലാ-–-ജനറൽ ആശുപത്രികളിലെ ഒപി വിഭാഗവും മെച്ചപ്പെടുത്തി രോഗീസൗഹൃദമാക്കുന്ന നടപടികൾ ആരംഭിച്ചു.
യോഗത്തിൽ മന്ത്രിമാരായ കെ കെ ശൈലജ, ഡോ. തോമസ് ഐസക് എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2FDICzc
via IFTTT
No comments:
Post a Comment