തിരുവനന്തപുരം
മേഘാലയയിൽനിന്നുള്ള അഞ്ച‌് ഡിപ്ലോമ വിദ്യാർഥികൾക്ക‌് ബിടെക‌് ലാറ്ററൽ എൻട്രി വിഭാഗത്തിൽ അനധികൃതമായി പ്രവേശനം നൽകിയതിന‌് തിരുവനന്തപുരം രാജധാനി സ്വാശ്രയ എൻജിനിയറിങ് കോളേജിന‌് സാങ്കേതിക സർവകലാശാല (കെടിയു) 10 ലക്ഷം രൂപ പിഴയിട്ടു. ഭാവിയിൽ നിയമപ്രകാരമല്ലാതെ പ്രവേശനം നടത്തിയാൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാനും സിൻഡിക്കറ്റ‌് യോഗം തീരുമാനിച്ചു. നാലുമാസമായി പഠനം തുടരുന്നതിനാൽ വിദ്യാർഥികളെ കോളേജിൽനിന്ന‌് പുറത്താക്കില്ല.
സംസ്ഥാനത്ത‌് പ്രവേശനപരീക്ഷാ കമീഷണർ നടത്തുന്ന ലാറ്ററൽ എൻട്രി വിഭാഗത്തിനുള്ള പരീക്ഷ ജയിക്കുന്ന ഡിപ്ലോമ വിദ്യാർഥികൾക്കുമാത്രമേ പ്രവേശനം നൽകാവൂ എന്നാണ‌് ചട്ടം. ഇവിടെ പ്രവേശനം നേടിയ കുട്ടികൾ പ്രവേശനപരീക്ഷ എഴുതിയിട്ടില്ല. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി വേണമെന്ന വ്യവസ്ഥയും ലംഘിച്ചു.
പകരം മേഘാലയ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുകയായിരുന്നു. വിദ്യാർഥികളുടെ രജിസ‌്ട്രേഷനുള്ള അപേക്ഷ പരിഗണിക്കവെയാണ‌് ക്രമവിരുദ്ധ പ്രവേശനം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെട്ടത‌്. തുടർന്ന‌് നടപടിക്കായി സിൻഡിക്കറ്റിന‌് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ‌് നടപടി.
സർവകലാശാലയ‌്ക്ക‌് കീഴിലെ 50 കോളേജുകളുടെ അഫിലിയേഷൻ കുടിശ്ശികയ‌്ക്ക‌് പിഴ ഇടാക്കാനും സിൻഡിക്കറ്റ‌് യോഗം തീരുമാനിച്ചു. അഞ്ച‌് ഉദ്യോഗസ്ഥർക്ക‌് നേരത്തെ നൽകിയ സ്ഥാനക്കയറ്റത്തിന‌് സർവകലാശാലയുടെ സ‌്റ്റാറ്റ്യൂട്ട‌് ആയശേഷം അംഗീകാരം നൽകിയാൽമതിയെന്നും തീരുമാനിച്ചു.
ഭിന്നശേഷി വിദ്യാർഥികൾക്ക‌് 25 ശതമാനം ഗ്രേസ‌് മാർക്ക‌് അനുവദിക്കും. 2018–- 19 അധ്യയനവർഷംമുതൽ പ്രവേശിച്ച കുട്ടികൾക്ക‌് ഗ്രേസ‌് മാർക്ക‌് ആനുകൂല്യം ലഭിക്കും. സർവകലാശാലയ‌്ക്ക‌് നൽകേണ്ട വിവരങ്ങൾ യഥാസമയം നൽകാതിരിക്കുകയും തെറ്റായി നൽകുകയും ചെയ്യുന്ന കോളേജുകൾക്ക‌് പിഴ ചുമത്തും.
ഉത്തരക്കടലാസ‌് മൂല്യനിർണയത്തെക്കുറിച്ച‌് വിദ്യാർഥികൾക്കിടയിൽനിന്ന‌് നിരന്തരം പരാതികൾ ഉയരുന്നതിനാൽ പുനർമൂല്യനിർണയത്തിൽ മാർക്കിൽ വലിയ അന്തരം കണ്ടെത്തുന്ന ഉത്തരക്കടലാസുകൾ പ്രത്യേകം പരിശോധിക്കും. മൂല്യനിർണയം നടത്തിയ അധ്യാപകർക്ക‌് പിഴവ‌് പറ്റിയിട്ടുണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.
from Kerala || Deshabhimani Online News https://ift.tt/2zm4862
via IFTTT
No comments:
Post a Comment