സ്വന്തം ലേഖിക
താരസംഘടനയായ എഎംഎംഎയിൽ സ്ത്രീകൾക്ക‌് പരാതിപ്പെടാൻ ഇന്റേണൽ കമ്മിറ്റി രൂപീകരിച്ച വിവരം അംഗമായ തന്നെ ഇതുവരെ അറിയിച്ചിട്ടില്ലെന്ന‌് നടി ശ്രീദേവിക. ഫെയ‌്സ‌്ബുക്കിലാണ‌് ശ്രീദേവിക ഇക്കാര്യം പങ്കുവച്ചത‌്. മലയാളസിനിമയിൽ സ്ത്രീകൾക്ക് ഒരു പ്രശ്‌നവുമില്ലെന്നും സംഘടനയിൽ ആരും പരാതി പറഞ്ഞിട്ടില്ലെന്നും സിദ്ദിഖും കെപിഎസി ലളിതയും പറഞ്ഞ സാഹചര്യത്തിലാണ് ഫെയ‌്സ്ബുക്ക‌് പോസ‌്റ്റ‌്.
12 വർഷംമുമ്പ‌് താൻ താമസിച്ച ഹോട്ടൽമുറിയിൽ രാത്രി ആരോ തുടർച്ചയായി മുട്ടിവിളിച്ചു. റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ അപ്പോൾ താൻ അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ സംവിധായകനായിരുന്നു അതെന്ന് മനസ്സിലായി. ഒപ്പം അഭിനയിച്ച താരത്തിന്റെ സഹായത്തോടെ അമ്മയും താനും താരത്തിന്റെ റൂമിനരികിലേക്ക് മാറിയശേഷമാണ് ശല്യം ഇല്ലാതായതെന്നും അതിനുശേഷം സെറ്റിൽ മോശമായാണ് സംവിധായകൻ പെരുമാറിയിരുന്നതെന്നും നടി പറയുന്നു.
സംഘടനയിൽ പരാതി പറയാൻ എന്തെങ്കിലും സംവിധാനമുണ്ടോയെന്ന‌് അറിയാത്തതിനാൽ എല്ലാം സഹിച്ചു. പ്രതിഫലം മുഴുവനും കിട്ടാതെ വന്നപ്പോൾ സംഘടനയുടെ സെക്രട്ടറിയെ വിളിച്ചു. എന്നാൽ, നമ്മളെല്ലാം ഒരു കുടുംബംപോലെ കഴിയുന്നവരല്ലേയെന്നും പരാതി ഉയർത്തിയാൽ അവസരങ്ങൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഫലം മുഴുവൻ ലഭിക്കാതെ അഭിനയിക്കില്ലെന്ന നിലപാടെടുത്തപ്പോൾ സെറ്റിൽ ചെല്ലാൻ അദ്ദേഹം പറഞ്ഞു.
നിർമാതാവിനോ സംവിധായകനോ നായകനോ ഒക്കെ അഡ‌്ജസ്റ്റ് ചെയ്യാൻ തയ്യാറാണോ എന്നാണ‌് പ്രൊഡക‌്ഷൻ കൺട്രോളർമാർ വിളിക്കുമ്പോൾ ചോദിക്കുക. അതും സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നതിനുമുമ്പ‌്. തനിക്ക് അവസരങ്ങൾ കുറഞ്ഞത‌് അഡ‌്ജസ‌്റ്റ‌് ചെയ്യാൻ നിന്നുകൊടുക്കാത്തതുകൊണ്ടാണ‌്.
സിദ്ദിഖിന്റെ വാർത്താസമ്മേളനം കണ്ട ഉടൻ ഈ അനുഭവങ്ങൾ വിശദീകരിച്ച‌് കത്തെഴുതിയിരുന്നു. എന്നാൽ, അതിന് ഇതുവരെ മറുപടി ലഭിച്ചില്ല. കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ മോഹൻലാൽ ഈ വിഷയങ്ങൾ വളരെ നിസ്സാരവൽക്കരിക്കുകയാണെന്ന് തോന്നി. അവർ എന്തൊക്കെയോ ഒളിക്കുന്നതുപോലെ. അച്ചടക്കസമിതിയുടെ കീഴിൽ സ്ത്രീകളുടെ സെൽ രൂപീകരിക്കുമെന്നുമാത്രമാണ് കഴിഞ്ഞ ജനറൽബോഡിയിൽ രേഖപ്പെടുത്തിയത്. പിന്നെ എപ്പോഴാണ് ഈ കമ്മിറ്റി ഉണ്ടായതെന്ന‌് അറിയണം. ഇത‌് ചോദിക്കുന്നത‌് ആരെയും അപമാനിക്കാനല്ല. നിലനിൽക്കുന്ന വ്യവസ്ഥകൾ മാറാനും മറ്റുള്ളവർക്ക് അവരുടെ അനുഭവങ്ങൾ പുറത്തുപറയാൻ ധൈര്യമുണ്ടാകാനും വേണ്ടിയാണെന്നും ശ്രീദേവിക ഫെയ‌്സ‌്ബുക്കിൽ കുറിച്ചു.
from Kerala || Deshabhimani Online News https://ift.tt/2yuR6m6
via IFTTT
No comments:
Post a Comment