സാർവ ലൗകീകമായി അംഗീകരിക്കപ്പെട്ട പ്രാമുഖ്യവും പ്രാമാണികത്വവും തകർക്കാനാണ‌് ശബരിമലയെ കലാപഭൂമിയാക്കുന്നത‌്. ഇത‌് ഗൂഢപദ്ധതിയുടെ ഭാഗമായാണ‌്. എല്ലാ മതസ്ഥർക്കും പോകാവുന്ന സ്ഥലമാണ‌് ശബരിമല. എന്നാൽ, ഈ സ്ഥിതി മാറ്റി ശബരിമലയെ ഹൈന്ദവകേന്ദ്രമാക്കി മാറ്റാനാണ‌് സംഘപരിവാർ ഒരു പ്രകോപനവുമില്ലാതെ കലുഷിതമായ അന്തരീക്ഷം സൃഷ‌്ടിക്കുന്നത‌്. ഇതിനു പിന്നിൽ കൃത്യമായ രാഷ‌്ട്രീയ അജൻഡയുണ്ട‌്.
തീർഥാടനകേന്ദ്രങ്ങളെയും ദൈവ വിശ്വാസത്തെയും ഉപയോഗി ച്ച‌് രാഷ‌്ട്രീയാധികാരം പിടിക്കുക, ശബരിമലയ‌്ക്കുള്ള മതനിരപേക്ഷഭാവം തകർക്കുക എന്നിവ ഈ അജൻഡയുടെ ഭാഗമാണ‌്. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും മറവിൽ സവർണ വർഗീയതയുടെ ആധിപത്യം വീണ്ടും തിരിച്ചുകൊണ്ടുവരാനാണ‌് സംഘപരിവാർ ശ്രമിക്കുന്നത‌്. ശൂദ്രനെ മാറ്റിനിർത്തുക എന്നതായിരുന്നു ഒരുകാലത്തെ സാമൂഹിക നിയമം. അത‌് പുനഃസ്ഥാപിച്ചുകൊണ്ടു മാത്രമേ ബ്രാഹ്മണിക്കൽ ഹിന്ദുയിസത്തിന്റെ ആധിപത്യം പുനഃസ്ഥാപിക്കാനാകൂ. ആ നിലയ‌്ക്കുള്ള പദ്ധതിയും സംഘപരിവാറിനുണ്ട‌്. ഇതിന്റെ ഭാഗമായാണ‌് വാവരെ അയ്യപ്പ ചരിത്രത്തിൽനിന്ന‌് മാറ്റിനിർത്തുന്നത‌്.
ശബരിമല അയ്യപ്പനുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ‌് വാവരുടെ ജീവിതം. എന്നാൽ, വാവരെ അയ്യപ്പ കഥകളിൽനിന്ന‌് അടർത്തിമാറ്റാൻ സംഘപരിവാർ ശ്രമിക്കുന്നു. മലയരയർ അടക്കമുള്ള ആദിവാസി വിഭാഗങ്ങൾക്ക‌് ശബരിമല ക്ഷേത്രത്തിൽ സവിശേഷമായ പ്രസക്തിയും പ്രാധാന്യവുമുണ്ടായിരുന്നു. എന്നാൽ, ഇത‌് വളരെ നേരത്തെതന്നെ ഇല്ലാതാക്കി.
ബ്രാഹ്മണിക്കൽ ഹിന്ദുയിസം പുനഃസ്ഥാപിക്കുക, ഒപ്പം എൽഡിഎഫ‌് സർക്കാർ വിശ്വാസികൾക്കെതിരാണെന്ന‌് വരുത്തിത്തീർക്കുക–ഇതാണ‌് കലാപത്തിലൂടെ സംഘപരിവാർ നടപ്പാക്കാൻ ശ്രമിക്കുന്നത‌്. ഇത‌് വിജയിച്ചാൽ കേരളം പല നൂറ്റാണ്ടുകൾക്കു പിന്നിലേക്ക‌് വലിച്ചെറിയപ്പെടും.
from Kerala || Deshabhimani Online News https://ift.tt/2PRjwxe
via IFTTT
No comments:
Post a Comment