മലപ്പുറം > അറബിക്കടലിന് തെക്കുകിഴക്കായി വെള്ളിയാഴ്ച ന്യൂനമർദം ശക്തിപ്പെട്ട് ശക്തമായ ചുഴലിക്കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ മലപ്പുറത്തും റെഡ് അലർട്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം നൽകി. കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ന്യൂനമർദം ശക്തിപ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ, ലക്ഷദ്വീപിന് അടുത്തുകൂടി വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയത്. മലപ്പുറത്ത് ഞായറാഴ്ച കാറ്റ് കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. ഉരുൾപൊട്ടൽ സാധ്യതയുള്ള കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കും. താലൂക്ക് ഓഫീസുകളിലടക്കം കൺട്രോൾ റൂമുകൾ ഉടൻ തുറക്കും.
മലമ്പുഴ ഡാമിന്റെ ഷട്ടർ തുറന്നുവിട്ട സാഹചര്യത്തിൽ മഴകൂടി ശക്തിപ്പെട്ടാൽ തൂതപ്പുഴ വഴി ഭാരതപ്പുഴയിലെ വെള്ളം ഉയരാനിടയുണ്ട്. പൊന്നാനി ഹാർബറിലും പടിഞ്ഞാറേക്കര കടവിലും കെട്ടിയിട്ട ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുന്നറിയിപ്പ് നൽകി.
കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാക്കണം
മലപ്പുറം >താലൂക്കുതല കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാക്കേണ്ടതും വെള്ളിയാഴ്ച മുതൽ 24 മണിക്കൂറും താലൂക്ക് കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കുന്നതിനും തഹസിൽദാർമാർക്ക് നിർദേശം നൽകി. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കലക്ടർ എന്ന നിലക്ക് ചാർജ് ഓഫീസർമാരെ നിയോഗിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുൾപൊട്ടൽ സാധ്യതയുള്ളതുമായ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളിയാഴ്ചയോടെ സജ്ജമാക്കും.
മുമ്പ‌് പ്രളയം ബാധിച്ചതും ഉരുൾപൊട്ടൽ നടന്നതുമായ എല്ലാ സ്ഥലങ്ങളിലും അഞ്ചാം തീയതി പൊലീസ് മൈക്ക് അനൗൺസ്‌മെന്റ് നടത്തി അതിതീവ്ര മഴയുടെ സാഹചര്യവും, ഉരുൾപൊട്ടൽ സാധ്യതയും, വെള്ളപ്പൊക്ക സാധ്യതയും അറിയിക്കും.
മലയോര മേഖലകളിലൂടെയുള്ള രാത്രിസഞ്ചാരം പരമാവധി ഒഴിവാക്കണം. അടിയന്തര വാഹനങ്ങൾ അല്ലാതെയുള്ളവ പകൽ സമയത്ത് മാത്രമേ കടത്തിവിടൂ.
പ്രളയബാധിത പ്രദേശങ്ങളിലും, ഉരുൾപൊട്ടൽ പ്രദേശങ്ങളിലുമുള്ള ആശുപത്രികളും, പിഎച്ച്‌സികളും, സിഎച്ച്‌സികളും 24 മണിക്കൂറും പ്രവർത്തിക്കാൻ സജ്ജമായിരിക്കാനും ദുരന്തനിവാരണ വിഭാഗം നിർദേശമുണ്ട്.
from Kerala || Deshabhimani Online News https://ift.tt/2DYONx2
via IFTTT
No comments:
Post a Comment