തിരുവനന്തപുരം> ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകണമോയെന്ന് തീരുമാനിക്കാൻ ഇന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗം ചേരും. വിധിയെ കുറിച്ച് അഭിഭാഷകരിൽനിന്ന് വിദഗ്‌ധ അഭിപ്രായം ബോർഡ് തേടിയിട്ടുണ്ട്. റിവ്യു ഹർജിയിലെ അന്തിമനിലപാട് ബോർഡ് ഇന്ന് വ്യക്തമാക്കും. നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രമെ ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകണമോയെന്ന് തീരുമാനിക്കൂ.
അതേ സമയം ശബരിമലയിൽ സ‌്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള സംഘപരിവാർ സമരം ഇരട്ടത്താപ്പും സ്വന്തം നിലപാടിൽനിന്നുള്ള ഒളിച്ചോട്ടവുമാണ്. സംഘപരിവാർ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന ആർഎസ‌്എസും ബിജെപി കേന്ദ്രനേതൃത്വവും സ‌്ത്രീപ്രവേശത്തെ ന്യായീകരിക്കുമ്പോഴാണ‌് ഇവിടെ ബിജെപി സംസ്ഥാന നേതൃത്വവും സംഘപരിവാറും കലാപത്തിന‌് ശ്രമിക്കുന്നത‌്. വർഗീയചേരിതിരിവ‌് സൃഷ്ടിച്ച‌് മുതലെടുക്കുകയെന്ന തന്ത്രമാണ‌് ഇതിനു പിന്നിൽ. സുപ്രീം കോടതിവിധിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെയാണ‌് സമരം. എന്നാൽ, വിധി നടപ്പാക്കുക എന്നത‌് സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ‌്.
വിധിയിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാൻ അവസരമുണ്ട‌്. ഏതെങ്കിലും സംഘപരിവാർ സംഘടന അതിന‌് തയ്യാറാകുന്നില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട‌് ആത്മാർഥതയുള്ളതാണെങ്കിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണ‌് വേണ്ടത‌്. കേസ‌് സുപ്രീംകോടതി പരിഗണിച്ചപ്പോഴും കേന്ദ്രം നിലപാട‌് വ്യക്തമാക്കിയിരുന്നില്ല. സ‌്ത്രീപ്രവേശത്തെ എതിർക്കുകയാണെങ്കിൽ അത‌് കോടതിയിൽ അറിയിക്കാൻ അവസരമുണ്ടായിരുന്നു.അതിന് തയ്യാറാകാതെയിരുന്ന ബിജെപിയാണ് സംസ്‌ഥാന സർക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നത്.
from Kerala || Deshabhimani Online News https://ift.tt/2P6owxU
via IFTTT
No comments:
Post a Comment