കാലടി
ആഗോളവൽക്കരണം രാജ്യത്തെ ഭാഷാവൈവിധ്യത്തെ പ്രതികൂലമായി ബാധിച്ചതായി ഗവർണർ റിട്ട. ജസ്റ്റിസ് പി സദാശിവം. ചില ഭാഷകൾ നശിച്ചുകഴിഞ്ഞു. ആഗോളവൽക്കരണംപോലുള്ള അന്തർദേശീയ വിഷയങ്ങളുടെ പശ‌്ചാത്തലത്തിൽ സർവകലാശാലകൾ പൗരാണികഭാഷകളുടെ വളർച്ചയ‌്ക്കും ഇടപെടൽ നടത്തണം. അക്കാദമിക, ഗവേഷണ, വിജ‌്ഞാന രംഗങ്ങളിൽ മാത്രമല്ല, സാമൂഹിക–സാംസ‌്കാരിക മേഖലകളിലും ഇടപെടണമെന്നും ഗവർണർ നിർദേശിച്ചു.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൊഫ. എം കെ സാനു, കലാമണ്ഡലം ഗോപി, പ്രൊഫ. എൻ വി പി ഉണിത്തിരി എന്നിവർക്ക‌് ഡിലിറ്റ് ബിരുദം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ. കേരളത്തിന്റെ സാഹിത്യ–സാംസ്‌കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിൽ ഇവർ മൂന്നുപേരും നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ലെന്ന് ഗവർണർ പറഞ്ഞു.
പ്രൊഫ. എം കെ സാനുവിനെപ്പോലുള്ളവർ കേരളത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, രാഷ‌്ട്രീയ മേഖലയുടെ വളർച്ചയ‌്ക്ക‌് കൂടുതൽ തിളക്കമേകുന്ന പ്രവർത്തനങ്ങളാണ് നൽകിയത‌്. സാനുമാഷിന്റെ രചനകൾ നമ്മുടെ കാഴ‌്ചപ്പാടുകളിൽ മാറ്റംവരുത്തുകയും സാഹിത്യത്തിലേക്ക‌് കൂടുതൽ അടുപ്പിക്കുകയുംചെയ‌്തു. ഇന്ത്യൻ, പാശ‌്ചാത്യ സാഹിത്യത്തിലും രാഷ‌്ട്രീയത്തിലുമുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യത്താൽ തന്റെ ശിക്ഷ്യന്മാരെയും വായനക്കാരെയും പുസ‌്തകങ്ങളിലെ അറിവുകൾക്കപ്പുറത്തേക്ക‌് നയിക്കാനായെന്നും ഗവർണർ പറഞ്ഞു.
മലയാളസാഹിത്യ നിരൂപണരംഗത്തെ സമഗ്രസംഭാവനകളെ മാനിച്ചാണ് പ്രൊഫ. എം കെ സാനുവിന് ഡി ലിറ്റ് നൽകി ആദരിച്ചത്. സംസ്‌കൃതഭാഷയ‌്ക്കുള്ള സമഗ്രസംഭാവനകളെ പരിഗണിച്ചാണ‌് ഡോ. എൻ വി പി ഉണിത്തിരിക്ക‌് ബിരുദം. കഥകളിയിൽ അതുല്യവും അനുകരണീയവുമായ പ്രകടനങ്ങളുടെ മികവിനാണ‌് കലാമണ്ഡലം ഗോപിക്ക‌് ഡി ലിറ്റ് നൽകിയത്.
സർവകലാശാലാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷനായി. സർവകലാശാല പ്രോ ചാൻസലർ കൂടിയായ മന്ത്രി ഡോ. കെ ടി ജലീൽ പങ്കെടുത്തു. പ്രോ വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാർ, രജിസ്ട്രാർ ഡോ. ടി പി രവീന്ദ്രൻ, സിൻഡിക്കറ്റ് അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2PO4OHv
via IFTTT
No comments:
Post a Comment