കൊച്ചി
റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായി ആയിരത്തിലധികം വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കാൻ നടപടി. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനിലാണ‌് സ്ഥിരംനിയമനം പാടേ അട്ടിമറിച്ച‌് പുനർനിയമനത്തിന‌് കളമൊരുങ്ങുന്നത‌്. എൻജിനിയറിങ‌്, ഓപ്പറേറ്റിങ‌് വിഭാഗത്തിൽ അടക്കം 1279 തസ‌്തികകളിലേക്ക‌് വിരമിച്ച ജീവനക്കാരിൽനിന്ന‌് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ‌് സെപ‌്തംബർ 26ന‌് പുറത്തിറങ്ങി. 65 വയസ്സിൽത്താഴെയുള്ളവരായിരിക്കണം അപേക്ഷകർ. റെയിൽവേയിൽ ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന‌് അഭ്യസ‌്തവിദ്യരായ യുവജനങ്ങളോടുള്ള ചതിയാണിത‌്.
ട്രാക്കുകളുടെ പരിപാലനമടക്കം അതീവസുരക്ഷ ആവശ്യമുള്ള എൻജിനിയറിങ‌്, ഓപ്പറേറ്റിങ് വിഭാഗങ്ങളിലാണ‌് ഏറ്റവുമധികം ജീവനക്കാരെ നിയമിക്കുന്നത‌്. ജൂനിയർ എൻജിനിയർമാർ, ട്രാക‌് മെയിന്റനർ, വെൽഡർ, ബ്ലാക‌്സ‌്മിത്ത‌്, പെയ‌്ന്റർ, ബ്രിക‌്സ‌് ലെയർ, കാർപെന്റർ, പ്ലംബർ തസ‌്തികകളിലായി 390 പേരെയാണ‌് നിയമിക്കുന്നത‌്. സ‌്റ്റേഷൻമാസ‌്റ്റർ, ഗുഡ‌്സ‌് ഗാർഡ‌്, സെക‌്ഷൻ കൺട്രോളർ, ഷണ്ടിങ‌് മാസ‌്റ്റർ, പോയിന്റ‌്സ‌് മാൻ തസ‌്തികകളിൽ 292 പേർക്കാണ‌് ഓപ്പറേറ്റിങ‌് വിഭാഗത്തിൽ നിയമനം. കൂടാതെ പേഴ‌്സണൽ വിഭാഗത്തിൽ 111, മെക്കാനിക്കൽ 94, മെഡിക്കൽ 65, സിഗ‌്നൽ 54, ടെലികോം 33 , ഇലക‌്ട്രിക്കൽ (ഇലക‌്ട്രിക്കൽ ലോക്കോസ‌് , ആർക്കോണം) 48, ഇലക‌്ട്രിക്കൽ (ട്രാക‌്ഷൻ) 77, ഇലക‌്ട്രിക്കൽ (ജനറൽ സർവീസ‌്) 34, ഇലക‌്ട്രിക്കൽ (ജനറൽ സർവീസ‌് എ സി വിങ‌്) 25, ഇലക‌്ട്രിക്കൽ (റോളിങ‌് സ‌്റ്റോക‌്, ആവഡി) 46, ഇലക‌്ട്രിക്കൽ (ഇലക‌്ട്രിക്കൽ ലോക്കോസ‌്, റോയപുരം) 10 എന്നിങ്ങനെയാണ‌് അപേക്ഷ ക്ഷണിച്ചിട്ടുള്ള മറ്റ‌് തസ‌്തികകൾ.
ഉയർന്ന ശാരീരികക്ഷമത ആവശ്യമുള്ള ജോലികളാണ‌് അതീവ സുരക്ഷ ആവശ്യമുള്ള റെയിൽവേ വിഭാഗങ്ങളിലുള്ളത‌്. ഇവിടേക്കു വിരമിച്ചവരെ നിയമിക്കുന്നത‌് സുരക്ഷാഭീഷണി ഉയർത്തുമെന്നും യാത്രക്കാരുടെ ജീവൻ പന്താടരുതെന്നും റെയിൽവേ ജീവനക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ‌്. താൽക്കാലികമായി ജീവനക്കാരെ എടുക്കേണ്ട ആവശ്യമുണ്ടെങ്കിൽ എംപ്ലോയ‌്മെന്റ‌് എക‌്സ‌്ചേഞ്ച‌്‌വഴി യുവാക്കളെ നിയമിക്കാവുന്നതാണ‌്. ഇതൊന്നും കണക്കിലെടുക്കാതെയാണ‌് റെയിൽവേ നടപടി. ചെന്നൈ ഡിവിഷനിൽ വിരമിച്ച ലോക്കോ പൈലറ്റുമാരെയും നിയമിക്കാൻ മുമ്പ‌് നീക്കം നടത്തിയിരുന്നു. എന്നാൽ, ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ‌്റ്റാഫ‌് അസോസിയേഷൻ (എഐഎൽആർഎസ‌്എ) ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധമുയർത്തിയതോടെ റെയിൽവേ പിൻവാങ്ങുകയായിരുന്നു.
സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥിരംതസ്തികകൾ കൂട്ടത്തോടെ റദ്ദുചെയ്യാൻ റെയിൽവേ ബോർഡ‌് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്ന‌് രാജ്യത്തെ 16 റെയിൽവേ മേഖലകളിലുമായി 11040 തസ്തികകളാണ് ഇല്ലാതായത‌്. 1500 തസ്തികകൾവീതം റദ്ദാകുന്ന ഉത്തര റെയിൽവേക്കും കേരളമുൾപ്പെടുന്ന ദക്ഷിണ റെയിൽവേക്കുമാണ‌് കൂടുതൽ നഷ്ടമുണ്ടായത‌്. ഇതോടെ കേരളത്തിൽമാത്രം എഴുന്നൂറോളം സ്ഥിരംതസ‌്തികകൾ റദ്ദായി. ഇതിന്റെ തുടർച്ചയാണ‌് വിരമിച്ചവരുടെ നിയമനവും. ഇതിനൊപ്പം വൻതോതിൽ പുറംകരാർ സംവിധാനവും വ്യാപകമാക്കുന്നു. രാജ്യത്ത‌് പ്രതിവർഷം 30,000 മുതൽ 40,000 വരെ റെയിൽവേ ജീവനക്കാരാണ് വിരമിക്കുന്നത്. ഇതിൽ ഭൂരിഭാഗം തസ‌്തികകളും ഇല്ലാതാക്കുകയോ പുറംകരാർജോലി നൽകുകയോ ചെയ്യാനാണ‌് കേന്ദ്രസർക്കാർനീക്കം.
from Kerala || Deshabhimani Online News https://ift.tt/2C2LaDL
via IFTTT
No comments:
Post a Comment