തിരുവനന്തപുരം
ലഘുവായ കുറ്റകൃത്യങ്ങൾ ചെയ‌്തവരെ ജയിലിൽ അയക്കാതെ നിര്‍ബന്ധിത സാമൂഹ്യസേവനത്തിന‌് നിയോഗിച്ച‌് മനഃപരിവർത്തനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ട് നിയമം വരുന്നു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി കരട‌്നിർദേശങ്ങൾ തയ്യാറാക്കി തുടങ്ങി. സാഹചര്യങ്ങളുടെ സമ്മർദത്തിലോ അബദ്ധത്തിലോ കുറ്റകൃത്യത്തിൽ അകപ്പെടുന്നവര്‍ക്ക് പുതുജീവിതം കണ്ടെത്താന്‍ വഴിയൊരുക്കാനാണ് കേരള സാമൂഹ്യസേവന നിയമം കൊണ്ടുവരുന്നത്.
മൂന്നുവർഷമോ അതിൽ താഴെയോ ശിക്ഷ ലഭിക്കുന്ന 18 വയസ്സിനു മുകളിലുള്ളവരാകും നിയമത്തിന്റെ പരിധിയിൽ വരിക. ഇവർ ആദ്യമായി കുറ്റകൃത്യത്തിലേർപ്പെട്ടവരും മുൻകാലങ്ങളിൽ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഇല്ലാത്തവരുമായിരിക്കണം. കുറ്റക്കാരനെന്ന‌് കോടതി കണ്ടെത്തുകയാണെങ്കിൽ ഇവരെ തടവുശിക്ഷയ‌്ക്ക‌് വിധേയരാക്കുന്നതിനു പകരം സാമൂഹ്യസേവനത്തിന‌് നിയോഗിക്കും. സാന്ത്വനപരിചരണം, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും സാമൂഹ്യസേവനം. പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സേവനകാലയളവ‌്, സ്ഥാപനം തുടങ്ങിയ കാര്യങ്ങൾ കോടതി തീരുമാനിക്കും. ഇക്കാലയളവിൽ നിയമലംഘനം നടന്നാൽ കോടതി ശിക്ഷാനടപടി സ്വീകരിക്കും. പിഴ, സാമൂഹ്യസേവന കാലയളവ‌് നീട്ടൽ, തടവ‌് തുടങ്ങിയവയാകും ശിക്ഷ.
കുറ്റകൃത്യത്തിലേർപ്പെട്ടവർക്ക‌് ശരിയായ പുനരധിവാസം ഉറപ്പാക്കാനും മാനസിക–ശാരീരിക വികാസത്തിലൂടെ കുറ്റകൃത്യങ്ങളിൽ തുടർന്നും ഏർപ്പെടാതിരിക്കാനുള്ള സാഹചര്യമൊരുക്കാനും ഇതിലൂടെ സാധിക്കും. തടവുകാരുടെ എണ്ണത്തിൽ കുറവ‌് വരുത്താനാകും എന്നതും മെച്ചമാണ്. സാമൂഹ്യസേവന കാലയളവ‌് വിജയകരമായി പൂർത്തിയാക്കുന്നവർക്ക‌് ജയിൽശിക്ഷയ‌്ക്ക‌് വിധിക്കപ്പെട്ടവരെപ്പോലെ മറ്റ‌് അയോഗ്യത ഉണ്ടാകുകയുമില്ല.
സാമൂഹ്യനീതിവകുപ്പിന്റെ പ്രൊബേഷൻ വിഭാഗം തയ്യാറാക്കിയ കരട‌് നിർദേശം അന്തിമമാക്കാൻ ജില്ലാതല ശിൽപ്പശാലകൾ സംഘടിപ്പിക്കും.
തുടർന്ന‌് അന്തിമ റിപ്പോർട്ട‌് നിയമരൂപീകരണ നടപടികൾക്ക‌് സമർപ്പിക്കും. അമേരിക്ക, റഷ്യ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം നിയമങ്ങൾ വിജയകരമായി നടപ്പാക്കുന്നുണ്ട്. മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത‌് നിശ്ചിത മണിക്കൂർ സാമൂഹ്യസേവനത്തിന‌് അയക്കുന്ന രീതിയാണ് അമേരിക്കയിലുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2QOhZsc
via IFTTT
No comments:
Post a Comment