ന്യൂഡൽഹി
രൂപയുടെ മൂല്യം റെക്കോഡ് പതനത്തിലേക്ക‌്. ബുധനാഴ‌്ച മൂല്യം 73.34ലേക്ക‌് ഇടിഞ്ഞു. ചരിത്രത്തിലാദ്യമായാണ‌് ഡോളറിനെതിരായി രൂപയുടെ മൂല്യം 73 കടക്കുന്നത‌്. ഓഹരി വിപണിയും തകർന്നു. ഗാന്ധിജയന്തിയെത്തുടർന്ന‌് ചൊവ്വാഴ‌്ച നാണ്യവിപണി പ്രവർത്തിച്ചില്ല. ബുധനാഴ‌്ച രാവിലെ ഡോളറിനെതിരായി 72.91 എന്ന നിരക്കിലാണ‌് രൂപയുടെ വിനിമയം ആരംഭിച്ചത‌്. വിദേശനിക്ഷേപകരുടെ ഓഹരി പിൻവലിക്കൽ മാറ്റമില്ലാതെ തുടർന്നതും ക്രൂഡ‌് ഓയിൽ വില ബാരലിന‌് 85 ഡോളറിലേക്ക‌് അടുത്തതും രൂപയുടെ ഇടിവിന‌് വഴിയൊരുക്കി. ഒരു ഘട്ടത്തിൽ 73.41 എന്ന നിരക്കിലേക്ക‌് രൂപ ഇടിഞ്ഞു. റിസർവ‌്ബാങ്ക‌് ഇടപെടലിനെത്തുടർന്ന‌് മൂല്യം 73.34ലെത്തി. പൊതുമേഖലാ ബാങ്കുകളെ ഉപയോഗപ്പെടുത്തി ഡോളറുകൾ വിറ്റഴിച്ചാണ‌് രൂപയുടെ വന്‍ തകര്‍ച്ച ആർബിഐ തടുത്തത‌്. അതേസമയം, പെട്രോൾ– ഡീസൽ വിലനിരക്കുകളിൽ ബുധനാഴ‌്ചയും മാറ്റമുണ്ടായില്ല.
ഓഹരി വിപണിയുടെ കൂപ്പുകുത്തൽകൂടിയായതോടെ ഇടപാടുകാർ കൂടുതൽ ആശങ്കയിലായി. സെൻസെക‌്സ‌് ബുധനാഴ‌്ച 550.51 പോയിന്റ‌് ഇടിഞ്ഞ‌് 35,975.63 പോയിന്റിലാണ‌് വ്യാപാരം അവസാനിപ്പിച്ചത‌്. 1.51 ശതമാനത്തിന്റെ ഇടിവ‌്. നിഫ‌്റ്റിയാകട്ടെ 150.05 പോയിന്റ‌് ഇടിഞ്ഞ‌് 10,858.25 പോയിന്റിലാണ‌് വ്യാപാരം അവസാനിപ്പിച്ചത‌്. നാലുമാസ കാലയളവിലെ ഏറ്റവും താഴ‌്ന്ന നിലയിലാണ‌് ഇരുവിപണിയും. കഴിഞ്ഞ ജൂലൈയ‌്ക്കുശേഷം ആദ്യമായാണ‌് സെൻസെക‌്സ‌് 36,000 പോയിന്റിന‌് താഴെയെത്തുന്നത‌്.
ക്രൂഡ‌് ഓയിൽ വില ഉയർന്ന നിരക്കിൽത്തന്നെ തുടരുന്ന സാഹചര്യത്തിൽ രൂപ ദുർബലപ്പെടുന്നത‌് തുടരുമെന്നാണ‌് വിലയിരുത്തൽ. ക്രൂഡ‌് ഓയിൽ വിലവർധനയും രൂപയുടെ ഇടിവും ഒരേപോലെ തുടരുന്നത‌് ഇന്ധന വിപണിക്ക‌് ഇരട്ടപ്രഹരമാണ‌്. രൂപയുടെ മൂല്യമിടിവ‌് തടയുന്നതിനായി 19 ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ സർക്കാർ കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.
രൂപ 73 പരിധി കടന്നത‌് വിപണിയിലെ ആത്മവിശ്വാസത്തെ കാര്യമായി ബാധിക്കുമെന്നാണ‌് വിലയിരുത്തൽ. വെള്ളിയാഴ‌്ച റിസർവ‌് ബാങ്ക‌് നാണ്യനയംകൂടി പ്രഖ്യാപിനിരിക്കുന്ന സാഹചര്യത്തിൽ വിപണിയിലെ ചാഞ്ചാട്ടം തുടരും. ഡിസംബർ അവസാനത്തോടെയാകും രൂപ 73 പരിധിയിലെത്തുക എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പ്രതീക്ഷിച്ചതിലും മൂന്നു മാസംമുമ്പ‌് രൂപ 73 പരിധി കടന്നത‌് ധനസ്ഥാപനങ്ങളെയും നിക്ഷേപകരെയുമെല്ലാം ഒരേപോലെ ഞെട്ടിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Oyboo8
via IFTTT
No comments:
Post a Comment