കൊച്ചി
ഫിഷറീസ‌് വകുപ്പിന്റെ നേതൃത്വത്തിൽ തീരമൈത്രി പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗുണനിലവാരമുള്ള ഉണക്കമീൻ വിപണിയിൽ. ഒമ്പതു തീരദേശ ജില്ലകളിലെ 145 തീരമൈത്രി സംരംഭക ഗ്രൂപ്പുകൾ തയ്യാറാക്കിയ ആറുതരം ഉണക്കമീനുകളാണ‌് ആകർഷകമായ പായ‌്ക്കറ്റിൽ വിപണിയിലെത്തുന്നത‌്. ഇതിന്റെ ഉദ‌്ഘാടനം എറണാകുളം ഗവ. ഗസ‌്റ്റ‌്‌ഹൗസിൽ ഫിഷറീസ‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിയമ്മ നിർവഹിച്ചു.
വാലും തലയും കളഞ്ഞ‌് വൃത്തിയാക്കിയ ഉണക്കച്ചെമ്മീൻ, മുള്ളൻ, സ്രാവ‌്, കടൽവരാൽ, നങ്ക‌്, കൊഴുവ എന്നിവയാണ‌് ആദ്യഘട്ടത്തിൽ തീരമൈത്രി ബ്രാൻഡിൽ വിൽപ്പനയ‌്ക്കെത്തിയത‌്. ഗ്രൂപ്പ‌് അംഗങ്ങൾ ഹാർബറിൽനിന്നും ലാൻഡിങ‌് സെന്ററുകളിൽനിന്നും നേരിട്ട‌് ശേഖരിക്കുന്ന മീൻ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കി കഴുകി ഡ്രൈയറിൽ ഉണക്കി പായ‌്ക്കുചെയ‌്താണ‌് വിൽപ്പനയ‌്ക്കെത്തിക്കുന്നത‌്. രാസവസ‌്തുക്കളും കീടനാശിനികളും ഉപയോഗിക്കാതെ ഉപ്പിന്റെ അളവു ക്രമീകരിച്ച‌് പോഷകാംശം നഷ്ടപ്പെടാതെയാണ‌് മീൻ തയ്യാറാക്കുന്നത‌്. വിവിധ ഗ്രൂപ്പുകൾ തയ്യറാക്കുന്ന ഉണക്കമീൻ തീരമൈത്രി സംരംഭക ഗ്രൂപ്പുകളുടെ അപ്പക‌്സ‌് ഫെഡറേഷൻ ശേഖരിച്ച‌് എടവനക്കാട‌് പ്രവർത്തിക്കുന്ന പായ‌്ക്കിങ‌് സെന്ററിലെത്തിക്കും.
ആറുമാസത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭാഗത്തും മീൻ വിപണിയിൽ എത്തും. ഇതിനായി പ്രൊഫഷണൽ ഏജൻസിയുടെ സഹായം തേടിയിട്ടുണ്ട‌്. സാഫ‌് (സൊസൈറ്റി ഫോർ അസിസ‌്റ്റൻസ‌് ടു ഫിഷർ വുമൺ) ആണ‌് പദ്ധതിക്കുള്ള സഹായം നൽകുന്നത‌്. തീരമൈത്രിക്കുകീഴിൽ 1200 സൂക്ഷ‌്മസംരംഭങ്ങൾ പ്രവർത്തിക്കുന്ന പദ്ധതി തീരദേശങ്ങളിലെ 500 വനിതകളുടെ വരുമാനമാർഗമായി ഇതിനകം മാറി.
ഉദ‌്ഘാടനപരിപാടിയിൽ ഫിഷറീസ് ഫിനാന്‍സ് മാനേജര്‍ ഹര്‍ഷകുമാര്‍, ഒ കെ ഫിഷറീസ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടിങ് ഓഫീസര്‍ അനൂപ്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉഷ പി കെ എന്നിവര്‍ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2IRMCdm
via IFTTT
No comments:
Post a Comment