തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ‌് ഉടമസ്ഥ സംഘടനകൾ നവംബർ ഒന്നു മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ബസ് സമരം ഒഴിവാക്കി. ബസ് ഉടമസ്ഥ സംഘടനാ നേതാക്കൾ മന്ത്രി എ കെ ശശീന്ദ്രനുമായി തൃശൂർ രാമനിലയത്തിൽ നടത്തിയ ചർച്ചയെത്തുടർന്നാണിത്.
ബസ് ചാർജ് വർധന ഉൾപ്പെടെ ഉടമകൾ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ ജസ്റ്റിസ‌് രാമചന്ദ്രൻ കമീഷന്റെ പരിഗണനയ‌്ക്കു വിടുമെന്ന് ചർച്ചക്കു ശേഷം മന്ത്രി ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു മാസത്തിനകം കമീഷൻ റിപ്പോർട്ട‌് ലഭിക്കും. ഇതു പരിഗണിച്ച് ആവശ്യമായ തീരുമാനമെടുക്കും. സർക്കാരിന്റെ അനുഭാവപൂർവമായ നിലപാട് വ്യക്തമാക്കിയതിനെത്തുടർന്ന് വിവിധ തീയതികളിലായി പ്രഖ്യാപിച്ചിരിക്കുന്ന എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി ബസുടമകൾ അറിയിച്ചു. ബസുകൾ സർവീസ് നടത്താനുള്ള കാലാവധി 15വർഷത്തിൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഇതിനുള്ള ഉത്തരവ് താമസിയാതെ ഉണ്ടാകും. എന്നാൽ മലിനീകരണം ഒഴിവാക്കാൻ കാര്യക്ഷമതയുള്ള വാഹനങ്ങൾ ഉപയോഗിക്കണമെന്ന് ബസുടമകളോട് നിർദേശിച്ചിട്ടുണ്ട്.
ഇന്ധന വില അനിയന്ത്രിതമായി ഉയരുന്നതിനാൽ ബസുടമകൾ അനുഭവിക്കുന്ന പ്രയാസം സർക്കാർ മനസ്സിലാക്കുന്നു. പൊതുഗതാഗത മേഖലയെ ജനസൗഹൃദ മേഖലയാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് ദോഷകരമാണ്. ടൂറിസ്റ്റ് ബസുകൾക്ക് അനിയന്ത്രിതമായി പെർമിറ്റ് നൽകുന്നത് പൊതുഗതാഗത മേഖലയെ തകർക്കും. വാഹനങ്ങൾക്ക് നികുതി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കാണ്. ഇതിൽ കൈകടത്താനാണ് കേന്ദ്ര ശ്രമം. ഇത് സംസ്ഥാന സമ്പദ്ഘടനയെ ബാധിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഉൽക്കണ്ഠ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട‌്. ട്രാൻസ്പോർട്ട‌് കമീഷണർ കെ പത്മകുമാർ, സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭാവപൂർവമായ നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്ന് ബസുടമസ്ഥ സംഘടനാ നേതാക്കളായ ലോറൻസ് ബാബു, ടി ഗോപിനാഥൻ, ജോൺസൺ പയ്യപ്പിള്ളി, എം കെ ബാബുരാജ് എന്നിവർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2z8a5mg
via IFTTT
No comments:
Post a Comment