തിരുവനന്തപുരം > കേരള ബാങ്ക് രൂപീകരണത്തിന‌് റിസർവ‌് ബാങ്കിന്റെ തത്വത്തിലുള്ള അംഗീകാരം എൽഡിഎഫ‌് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനുള്ള അംഗീകാരമായി.
കേന്ദ്രസർക്കാർ സ‌്റ്റേറ്റ‌് ബാങ്ക‌് ഓഫ‌് ട്രാവൻകൂറിനെ എസ‌്ബിഐയിൽ ലയിപ്പിച്ചപ്പോൾ സംസ്ഥാനതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിന്റെ സ്വന്തം ബാങ്ക‌് എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധാപൂർവമായ പരിശ്രമമാണ‌് സർക്കാർ നടത്തിയത‌്. ബാങ്ക‌് രൂപീകരണത്തിന‌് അപേക്ഷ സമർപ്പിച്ചതോടെ പ്രതിപക്ഷനേതാവടക്കമുള്ള യുഡിഎഫ‌് നേതാക്കൾ പരസ്യമായ എതിർപ്പുമായെത്തി. ബിജെപി നേതാക്കളും മാറിനിന്നില്ല. റിസർവ‌് ബാങ്ക‌് ഗവർണർക്ക‌് ചെന്നിത്തല നൽകിയ നാലുപേജ‌് കത്തിൽ സംസ്ഥാന സഹകരണ കാർഷിക വായ‌്പാ മേഖലയുടെ ത്രതില സംവിധാനം മാറ്റാൻ അനുവദിക്കരുതെന്ന വാദമാണ‌് ഉയർത്തിയത‌്. തുടർന്ന‌് നിരവധി വ്യാജകത്തുകൾ ആർബിഐക്ക‌് അയച്ചു. ഒരുവിഭാഗം സഹകാരികളെ അണിനിരത്തി രൂപീകരണത്തിന‌് എതിരായ വികാരം ഇളക്കിവിടാനും ശ്രമിച്ചു. എൽഡിഎഫ‌് പ്രകടനപത്രികയിൽത്തന്നെ ബാങ്ക‌് രൂപീകരണം പ്രഖ്യാപിച്ചിരുന്നു. എല്ലാവർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ബാങ്കിംഗ‌് സൗകര്യം എന്നതായിരുന്നു കാഴ‌്ചപ്പാട‌്.
14 ജില്ലാസഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും സംയോജിപ്പിച്ച് ബാങ്ക് രൂപീകരിക്കാനാണ‌് സർക്കാർ തീരുമാനിച്ചത‌്. ബാംഗ്ലൂർ ഐഐഎമ്മിൽനിന്നുള്ള പ്രൊഫ. എം എസ് ശ്രീറാമിന്റെ നേതൃത്വത്തിലുള്ള സമിതി പഠനറിപ്പോർട്ടും നൽകി. നബാർഡ് റിട്ട. ചീഫ് ജനറൽ മാനേജർ വി ആർ രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള കർമസമിതി തയ്യാറാക്കിയ പ്രാഥമിക പദ്ധതിയാണ‌് അംഗീകാരത്തിനായി റിസർവ് ബാങ്കിനും നബാർഡിനും സമർപ്പിച്ചിരുന്നത‌്. ജൂലൈ 20ന് സംസ്ഥാന ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി, കർമസമിതി ചെയർമാൻ എന്നിവർ റിസർവ‌് ബാങ്ക‌് ആസ്ഥാനത്ത് ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ആഗസ‌്ത‌് ഏഴിന‌് സഹകരണമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും റിസർവ‌് ബാങ്ക് റീജ്യണൽ ഡയറക്ടറുമായി ചർച്ച നടത്തി. റിസർവ് ബാങ്ക‌് ഉന്നയിച്ച എല്ലാ കാര്യത്തിലും തൃപ്തികരമായ മറുപടിയാണ് സർക്കാർ നൽകിയത്. ഇതിൽ റിസർവ് ബാങ്ക‌് അധികൃതർ സംതൃപ്തരാണെന്നാണ‌് തത്വത്തിലുള്ള അനുമതിയിലൂടെ വ്യക്തമായത‌്.
from Kerala || Deshabhimani Online News https://ift.tt/2xTCLPW
via IFTTT
No comments:
Post a Comment