തൃശൂർ
കേരള ആരോഗ്യ സർവകലാശാലയ‌്ക്കു കീഴിലുള്ള എല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക, ഗവേഷണ മേഖലകൾ ശക്തിപ്പെടുത്താൻ സർവകലാശാലാ ആസ്ഥാനത്തു നടന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സമ്മേളനം (കോൺക്ലേവ‌്) തീരുമാനിച്ചു. ഇതിനായി കഴിഞ്ഞ നാലു വർഷമായി ആരോഗ്യ സർവകലാശാല ആവിഷ്കരിച്ച പദ്ധതികൾ എല്ലാ ശാഖകളിലുമുള്ള സംസ്ഥാനത്തെ 306 മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കും. ഇതിനനുസൃതമായി സ്ഥാപനങ്ങൾക്ക് സർവകലാശാല അക്രഡിറ്റേഷൻ നൽകും. മന്ത്രി കെ കെ ശൈലജ, അനിൽ അക്കര എംഎൽഎ, വൈസ് ചാൻസലർ ഡോ. എം കെ സി നായർ എന്നിവർ സംസാരിച്ചു. പ്രോ‐ വൈസ് ചാൻസലർ ഡോ. എ നളിനാക്ഷൻ സ്വാഗതവും രജിസ്ട്രാർ ഡോ. എം കെ മംഗളം നന്ദിയും പറഞ്ഞു.
സർവകലാശാലാ സ്റ്റുഡന്റ്ഷിപ‌് പദ്ധതി പ്രകാരം സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 1876 വിദ്യാർഥികൾക്ക് 20,000 രൂപ വീതം അനുവദിച്ചു. ഇതിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അർഹരായ വിദ്യാർഥികൾക്കുള്ള ചെക്ക് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസിനു ഗവർണർ കൈമാറി. സർവകലാശാലയുടെ 2018ലെ ബെസ്റ്റ് ടീച്ചർ അവാർഡ് കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ ഡോ. സി പി വിജയൻ (മെഡിസിൻ), തൃശൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ ഡോ. ബി ശ്യാമള (ആയുർവേദം), കോട്ടയം ഗവ. നേഴ്സിങ‌് കോളേജിലെ ഡോ. ടി ആർ ശ്രീദേവി (നേഴ്സിങ‌്), വർക്കല ശ്രീശങ്കര ഡെന്റൽ കോളേജിലെ ഡോ. വിനോദ് കൃഷ്ണൻ (ഡെന്റൽ), തിരുവല്ല പുഷ്പഗിരി കോളേജ് ഓഫ് ഫാർമസിയിലെ ഡോ.ലിൻസി ജോസഫ് (ഫാർമസി), കൊച്ചി മെഡിക്കൽ ട്രസ‌്റ്റ‌് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പ്രൊഫ. അനില പോൾ (അലൈഡ് ഹെൽത്ത് സയൻസ്) എന്നിവർക്ക് ഗവർണർ സമ്മാനിച്ചു.
പ്രളയാനന്തര ശാരീരിക മാനസിക പ്രശ്നങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഡോ. രാജമോഹൻ, ഡോ.തോമസ് മാത്യു എന്നിവർക്കും ലോകത്തിനുതന്നെ മാതൃകയായ വിധം നിപ്പ വൈറസ് രോഗ നിയന്ത്രണം നിർവഹിച്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രനും ഗവർണർ നൽകി. സർവകലാശാലയുടെ മലയാളം ജേർണൽ ‘കുടുംബാരോഗ്യ കൗൺസിലർ' ഡോ. സലീന ഷാക്കും, ഡോ. കെ മോഹനനും ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ പ്രബന്ധങ്ങൾ ക്രോഡീകരിച്ചു തയ്യാറാക്കിയ ഗ്രന്ഥം ഡോ. വത്സമ്മ ജോസഫിന് നൽകി പ്രകാശനം ചെയ്തു. സർവകലാശാലയ‌്ക്കു കീഴിലുള്ള കോളേജുകളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ഡോ. ടി കെ ഉമക്കു നൽകി ഗവർണർ നിർവഹിച്ചു. സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളുടെയും അധ്യാപകരുടെയും വിവരങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഐഡി കാർഡ് വൈസ് ചാൻസലർ ഡോ. എം കെ സി നായർ ഗവർണറിൽ നിന്നും ഏറ്റുവാങ്ങി.
from Kerala || Deshabhimani Online News https://ift.tt/2CT0IKm
via IFTTT
No comments:
Post a Comment