തിരുവനന്തപുരം
കെപിസിസി പ്രസിഡന്റിന്റെ കസേരയിലിരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാഹുകാലം നോക്കിയപ്പോൾ ഉമ്മൻചാണ്ടി ഒൗട്ട‌്. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പകൽ 11ന‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല മുല്ലപ്പള്ളിയെ പ്രസിഡന്റിന്റെ കസേരയിലിരുത്തി. തൊട്ടുപിന്നാലെ ഉമ്മൻചാണ്ടിയെത്തി.
സീറ്റിൽ ഇരിക്കാൻ രണ്ടുപേരും സഹായിക്കണമെന്ന‌് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും കൈപിടിച്ച‌് മുല്ലപ്പള്ളി അപേക്ഷിച്ചു. മുൻ പ്രസിഡന്റുമാർ ഉപയോഗിച്ച ഇന്ദിരാഭവനിലെ പുതിയ കെട്ടിടത്തിലെ മുറി ഒഴിവാക്കി പഴയ കെട്ടിടത്തിലെ മുറിയിലാണ‌് മുല്ലപ്പള്ളിയുടെ ഓഫീസ‌്.
തിങ്കളാഴ‌്ച രാവിലെ 10.30 ന‌് മുല്ലപ്പള്ളി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത‌്. എന്നാൽ, പിന്നീട‌് 11.45 ആക്കി. 10.45 ആയപ്പോഴേക്കും മുല്ലപ്പള്ളി എത്തി. ഇന്ദിരാ ഭവനിലെ താഴത്തെ നിലയിൽ എ കെ ആന്റണിയുടെ മുറിയിൽ വിശ്രമിച്ച് 11 ആകാൻ മിനുറ്റുകൾ ബാക്കിയുള്ളപ്പോൾ രമേശ‌് ചെന്നിത്തലയ‌്ക്കും മറ്റു നേതാക്കൾക്കുമൊപ്പം മുകളിലെ പ്രസിഡന്റിന്റെ മുറിയിലേക്കു പോയി.
ഉമ്മൻചാണ്ടി മിനുറ്റുകൾക്കകം എത്തുമെന്ന‌് നേതാക്കൾ അദ്ദേഹത്തെ അറിയിച്ചു. അൽപ്പനേരം കാത്ത അദ്ദേഹം വാച്ചിൽ നോക്കി ചെന്നിത്തലയുടെ ചെവിയിൽ മന്ത്രിച്ചു. ഉടൻ ചെന്നിത്തല മുല്ലപ്പള്ളിയെ പിടിച്ച‌് കസേരയിൽ ഇരുത്തി. നിമിഷങ്ങൾക്കകം ഉമ്മൻചാണ്ടിയെത്തി.
ഏതാനും ദിവസംമുമ്പ‌് മുല്ലപ്പള്ളി ഇന്ദിരാഭവനിലെത്തി പ്രസിഡന്റായി ചുമതല ഏറ്റെടുത്തിരുന്നു. അതിന‌് പിന്നാലെയാണ‌് ഓഫീസിൽ കയറൽചടങ്ങ‌് നടത്തിയത‌്. വർക്കിങ‌് പ്രസിഡന്റുമാരിൽ കൊടിക്കുന്നിൽ സുരേഷ‌് മാത്രമാണ‌് പങ്കെടുത്തത‌്. കെ സുധാകരനും എം ഐ ഷാനവാസും പങ്കെടുത്തില്ല. കെപിസിസി മുൻ പ്രസിഡന്റുമാരായ വി എം സുധീരനും എം എം ഹസ്സനും നിലവിൽ കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷനായ കെ മുരളീധരനും പങ്കെടുത്തില്ല.
from Kerala || Deshabhimani Online News https://ift.tt/2xSR33f
via IFTTT
No comments:
Post a Comment