തൃശൂര്‍ > ഉയര്‍ന്ന സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ മുഴുവനാളുകള്‍ക്കും പൊലീസിന്റെ സൈബര്‍സേവനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പൊലീസ് പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍, സൈബര്‍മേഖലയില്‍ വൈദഗ്ധ്യം നല്‍കുന്ന രീതിയിലാണ് പൊലീസിന് പരിശീലനം നല്‍കുന്നത്. സാധാരണജനത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 'രക്ഷ' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന സാധാരണക്കാരന് പൊലീസ് പുറപ്പെടുവിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളും ട്രാഫിക് സംബന്ധമായ അറിയിപ്പുകളും പെട്ടെന്നുതന്നെ ലഭിക്കും.
സേനയിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും ഇപ്പോള്‍ ആപ്പിലൂടെ ലഭിക്കുമെന്ന് മാത്രമല്ല, അവര്‍ക്ക് ആപ്പിലൂടെതന്നെ സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. കേരളത്തിനുള്ളിലെ ഏതു സ്ഥലവും ഏതു പൊലീസ് സ്റ്റേഷന്റെ കീഴിലാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകളും ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആവശ്യമായ വിവരങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇത്തരം ആപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സൗകര്യങ്ങള്‍ സമൂഹം പൊതുവിലും സ്ത്രീകള്‍ പ്രത്യേകിച്ചും ഉപയോഗപ്പെടുത്തുന്നു എന്നുറപ്പാക്കുന്ന വിധത്തിലുള്ള ബോധവല്‍ക്കരണം നടത്തും.
ആശയവിനിമയത്തിനുള്ള ഇക്കാലത്തെ മികച്ച ഉപാധിയായ ഫേസ്ബുക്കിലും കേരളാ പൊലീസ് വ്യക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജാണ് ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ള പൊലീസ് പേജ്. ഏകദേശം 8.40 ലക്ഷം ലൈക്കുകളാണ് നമുക്ക് ഇതുവരെയുള്ളത്. നമ്മുടെ തൊട്ടുപിന്നിലുള്ള ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെക്കാള്‍ 57,000 ലൈക്കുകളാണ് നമുക്ക് കൂടുതലുള്ളത്. ഏറ്റവും മുന്നിലായിരുന്ന ന്യൂയോര്‍ക്ക് പൊലീസിനെ കഴിഞ്ഞയാഴ്ചയാണ് നാം മറികടന്നത്. സംസ്ഥാന പൊലീസ് മേധാവി, പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവരുടെ പേജുകള്‍ക്കും നിരവധി ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്. ജനങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹവും പരിഗണനയും കേരളാ പൊലീസിന് എന്നെന്നും ഊര്‍ജം പകരുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് സേനയിലെ സര്‍വീസ് ജീവിതമാക്കുന്ന യുവതീയുവാക്കളുടെ എണ്ണം അടുത്തിടെയായി വര്‍ധിക്കുന്നു. അടിസ്ഥാന യോഗ്യത ഉള്ളവര്‍ മാത്രമല്ല ഉപ്പോള്‍ പൊലീസില്‍ ചേരുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ചേരുന്നത്. പൊലീസിനെ ഒരു ജനാധിപത്യ സമൂഹത്തിന് അനുഗുണമായി പരിവര്‍ത്തനം ചെയ്യുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. ഏറ്റവും പ്രധാനം പൊതുജനങ്ങളുമായി ഇടപെടുന്ന പൊലീസ് സംസ്‌കാരസമ്പന്നമായി ജനങ്ങളുമായി പെരുമാറുകയെന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയര്‍ അജിതാ ജയരാജ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി ബി സന്ധ്യ, ഐജി എം ആര്‍ അജിത്കുമാര്‍, ഐജി ഇ ജെ ജയരാജ്, ഡിഐജി ഷെഹിന്‍ അഹമ്മദ്, കമാന്റന്റുമാരായ പി വി വിത്സന്‍, റെജി ജേക്കബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
from Kerala || Deshabhimani Online News https://ift.tt/2qdWJAJ
via IFTTT
No comments:
Post a Comment