കാസർകോട‌്
കേന്ദ്ര സർവകലാശാലയെ കാവിയണിയിക്കാനുള്ള പ്രോ വൈസ‌് ചാൻസലർ കെ ജയപ്രസാദിന്റെ നടപടികൾ കാമ്പസിനെ കലുഷിതമാക്കുന്നു. എക‌്സിക്യൂട്ടീവ‌് കൗൺസിൽ കൺവീനറായ സമയത്തും പിവിസിയായി ചുമതലയേറ്റശേഷവും ജയപ്രസാദ‌് സ്വീകരിച്ച വിദ്യാർഥിവിരുദ്ധ നിലപാടുകളാണ‌് സർവകലാശാലയെ സംഘർഷ ഭൂമിയാക്കിയത‌്. നിശ‌്ചിത യോഗ്യതയില്ലാതെ കേന്ദ്ര സർവകലാശാലയിൽ അധ്യാപകനായ ജയപ്രസാദ‌് പിവിസിവരെയുളള സ്ഥാനങ്ങളിലെത്തിയത‌് അവിഹിത മാർഗങ്ങളിലൂടെയാണ‌്. സർവകലാശാലയെ കാവിവൽക്കരിക്കുന്നതിലൂടെ അനർഹമായി ലഭിച്ച പദവികൾ നിലനിർത്തുകയാണ‌് പിവിസിയുടെ ലക്ഷ്യം. ഇതിനായി വിദേശത്തുനിന്നടക്കം വിദ്യാർഥികൾ പഠിക്കുന്ന വലിയൊരു സ്ഥാപനത്തെ നശിപ്പിക്കുകയാണ‌്.
പിവിസിയുടെ രാഷ്ട്രീയ അജൻഡ അടിച്ചേൽപ്പിക്കുന്നതാണ‌് സർവകലാശാലയിലെ പ്രശ‌്നങ്ങൾക്കെല്ലാം കാരണം. വിദ്യാർഥികളുടെ ഹോസ‌്റ്റൽ സമരവും നിസ്സാര പ്രശ‌്നത്തിന‌് രണ്ട‌് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതിന്റെ ഭാഗമായുള്ള പ്രക്ഷോഭവും സർവകലാശാല അധികൃതർ ക്ഷണിച്ചുവരുത്തിയതാണ‌്. സർവകലാശാല അടച്ചിട്ട‌് സമരത്തെ നേരിടുകയെന്ന പ്രാകൃത നടപടിയാണ‌് അധികൃതർ കൈക്കൊണ്ടത‌്. ഹോസ‌്റ്റൽ സമരത്തെ തുടർന്ന‌് ഒരാഴ‌്ചയാണ‌് സർവകലാശാല അടച്ചിട്ടത‌്. രണ്ട‌് വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതിനെ തുടർന്നുള്ള സമരം ഒത്തുതീർക്കുന്നതിന‌് പി കരുണാകരൻ എംപിയുടെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. എന്നാൽ ചർച്ചയിലെ തീരുമാനങ്ങളൊന്നും സർവകലാശാല നടപ്പാക്കിയില്ല. ഇന്റർ നാഷണൽ റിലേഷൻസ‌് പി ജി വിദ്യാർഥി അഖിൽ താഴത്തിനെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കുന്നതിന‌് എക‌്സിക്യൂട്ടീവ‌് കൗൺസിൽ യോഗം വിളിച്ചുചേർക്കുമെന്ന‌് അധികൃതർ ഉറപ്പ‌് നൽകിയതാണ‌്. എന്നാൽ യോഗം വിളിക്കാതെ അഖിലിന്റെ അക്കാദമിക്ക‌് ഭാവി തകർക്കാനാണ‌് നീക്കം. തുടർന്നാണ‌് വീണ്ടും വിദ്യാർഥി സമരം ആരംഭിച്ചത‌്. പ്രശ‌്നം പരിഹരിക്കാൻ കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ അഖിൽ മാപ്പെഴുതി കൊടുക്കാനായിരുന്നു തീരുമാനം. അഖിൽ മാപ്പെഴുതി നൽകിയതുമാണ‌്. എന്നാൽ എക‌്സിക്യൂട്ടീവ‌് കൗൺസിൽ ചേർന്നേ തീരുമാനമെടുക്കൂവെന്ന വാശിയിലാണ‌് സർവകലാശാല. വൈസ‌് ചാൻസലർ വിദേശത്തുനിന്ന‌് മടങ്ങിയെത്തിയാലേ കൗൺസിൽ ചേരാനാവൂ.
വിദ്യാർഥി സമരത്തെ നേരിടാൻ പുറത്തുനിന്ന‌് ബിജെപി നേതാക്കൾ എത്തിയതും അപകടകരമായ പ്രവണതയാണ‌്. ബിജെപി കാസർകോട‌് ജില്ലാ പ്രസിഡന്റ‌് കെ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ‌് പെരിയയിലെ സർവകലാശാല ആസ്ഥാനത്ത‌് കയറിയത‌്. തൊട്ടടുത്ത ദിവസം നടന്ന ചർച്ചയിൽ പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കരുതെന്നും ആത്മഹത്യക്ക‌് ശ്രമിച്ചതിന‌് കേസെടുക്കണമെന്നും ബിജെപി നേതാവ‌് ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/2Olwt67
via IFTTT
No comments:
Post a Comment