ഗുരുതരമായ സാമ്പത്തിക ക്രമക്കേട‌് കണ്ടെത്തിയതിനെത്തുടർന്ന‌് സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക‌് ഭരണസമിതിയെ സഹകരണ രജിസ‌്ട്രാർ സസ‌്പെൻഡ‌് ചെയ‌്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റിൽ വ്യാപക ക്രമക്കേടാണ‌് കണ്ടെത്തിയത‌്. ഇതേതുടർന്ന‌് വിശദമായ അന്വേഷണം ആവശ്യമെന്ന് കണ്ടതിനാലാണ‌് ഭരണസമിതിയെ താൽക്കാലികമായി രണ്ട‌് മാസത്തേക്ക് സസ‌്പെൻഡ‌് ചെയ്യാൻ തീരുമാനിച്ചത‌്.
കോൺഗ്രസ് നേതാവ് സോളമൻ അലക്സിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്.
കാർഷിക മേഖലയ്ക്കാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുന്നതിനും, ഗ്രാമീണ വികസന പദ്ധതികൾ നടപ്പാക്കുന്നതിനും വായ്പ ലഭ്യമാക്കുക എന്നതാണ് കാർഷിക ഗ്രാമവികസന ബാങ്കിന്റെ രൂപീകരണ ലക്ഷ്യം. ഈ ആവശ്യത്തിലേക്ക് നബാർഡ് പോലുള്ള ദേശീയ ഏജൻസികളിലുടെയും, ഡിബഞ്ചറുകൾ പുറപ്പെടുവിച്ചുമാണ് ബാങ്ക് പണം സമാഹരിക്കുന്നത്.
ഇതിന് സഹായകമായി സംസ്ഥാന സർക്കാർ 5800 കോടി രൂപയുടെ ഗ്യാരണ്ടിയാണ് ബാങ്കിന് നൽകിയിട്ടുള്ളത്. ഈ ഗ്യാരണ്ടി അടിസ്ഥാനപ്പെടുത്തി ചുരുങ്ങിയ പലിശയ്ക്ക് എടുക്കുന്ന വായ്പ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളിലുടെ യഥാർഥ കർഷകനിലെത്തണം.
എന്നാൽ, കഴിഞ്ഞ കുറേക്കാലമായി ഈ ലക്ഷ്യം നിർവഹിക്കുന്നില്ലെന്ന പരാതികൾ നിലനിൽക്കുന്നുണ്ട്. കുറഞ്ഞ പലിശയ്ക്ക് എടുക്കുന്ന പണം വായ്പയായി താഴേക്ക് നൽകുന്നതിന് പകരം മറ്റ് ബാങ്കുകളിൽ കൂടിയ പലിശയ്ക്ക് സ്ഥിരനിക്ഷേപം നടത്തുകയാണ‌്. മാത്രമല്ല, കാർഷിക വായ‌്പയ‌്ക്കുപകരം ഗോൾഡ് ലോൺ നൽകുകയാണ‌്. സർക്കാരിലേക്കുള്ള ഗ്യാരണ്ടി കമ്മീഷൻ, ഓഹരി തിരിച്ചടവ് എന്നീ കാര്യങ്ങളിലും മുടക്കം വരുത്തുന്നു. ഇത്തരത്തിൽ 100 കോടി രൂപയോളം സർക്കാരിലേക്ക് നൽകാനുണ്ട‌്.
കുടിശിക നിലനിൽക്കെ തന്നെ ക്രമരഹിതമായി വസ്തുവക വാങ്ങിക്കൂട്ടുന്നതിനും, പൊതുയോഗങ്ങളിൽ ഉയർന്ന വിലയുള്ള സമ്മാനം നൽകാനും ബാങ്ക് പണം ചെലവഴിച്ചു. കഴിഞ്ഞ വർഷം സമ്മാനമായി മൊബൈൽ ഫോൺ സമ്മാനം നൽകിയതിന് ചെലവ് 37 ലക്ഷം രൂപയാണ്. മൂന്ന‌് വർഷത്തിനിടയിൽ 75 ലക്ഷത്തോളം രൂപ സമ്മാനത്തിനായി ചെലവഴിച്ചു. ഓഡിറ്റിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടും ഇത് പരിഹരിക്കാതെ നിയമലംഘനം നടത്തുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2AB2fDm
via IFTTT
No comments:
Post a Comment