സംസ്ഥാനത്തിന്റെ കടമെടുപ്പ‌് പരിധി രണ്ടുവർഷത്തേക്ക‌് വർധിപ്പിച്ച‌് നൽകണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നത‌് പുനർനിർമാണ പ്രവർത്തനങ്ങൾക്ക‌് കടമ്പയാകും. എത്ര ശ്രമിച്ചാലും പുനരധിവാസ–പുനർനിർമാണ പ്രവർത്തനങ്ങൾക്ക‌് ആവശ്യമായ പണം കണ്ടെത്താൻ കഴിയില്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ‌് വായ‌്പാപരിധി വർധിപ്പിച്ചുതരണമെന്ന‌് സംസ്ഥാനം ആവശ്യപ്പെട്ടത‌്. നിലവിൽ കടമെടുപ്പ‌് പരിധി ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിന്റെ മൂന്നുശതമാനത്തിൽ ഒതുക്കണമെന്നാണ‌് കേന്ദ്രനിർദേശം.
ഇത‌് ഈവർഷം 4.5 ശതമാനവും അടുത്തവർഷം 3.5 ശതമാനവുമായി വർധിപ്പിക്കണമെന്നാണ‌് സംസ്ഥാനം ആവശ്യപ്പെടുന്നത‌്. ഇത്തരത്തിലുള്ള മാറ്റത്തിലൂടെ 15000 കോടി രൂപയെങ്കിലും ലോക ഏജൻസികളിൽനിന്ന‌് വായ‌്പയായി കണ്ടെത്താനാകും. പ്രളയം സംബന്ധിച്ച‌് പഠന സംഘത്തിന്റെ പ്രാഥമിക വിലയിരുത്തലിനുമുമ്പുതന്നെ 7000 കോടി രൂപയുടെ വായ‌്പാസന്നദ്ധത ലോക ബാങ്ക‌് അറിയിച്ചിരുന്നു.
പുനർനിർമാണത്തിന‌് 27000 കോടി രൂപ ആവശ്യമാണെന്നാണ‌് ലോക ബാങ്ക‌് പഠനസംഘത്തിന്റെ കരട‌് റിപ്പോർട്ട‌് വ്യക്തമാക്കിയത‌്. അന്താരാഷ്ട്ര ഏജൻസികളിൽനിന്ന‌് രണ്ടും മൂന്നും ശതമാനം പലിശനിരക്കിൽ 20 മുതൽ 30വർഷംവരെ തിരിച്ചടവ‌് കാലാവധിയിൽ ലഭ്യമാകുന്ന വായ‌്പ പുനർനിർമാണത്തിന‌് ഉപയോഗപ്പെടുത്താനാകും.
പ്രളയവുമായി ബന്ധപ്പെട്ട‌് കേന്ദ്രസർക്കാരിന‌് സമർപ്പിച്ച എല്ലാ നിവേദനങ്ങളിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിയും പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽക്കണ്ട‌് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും പ്രതികരണമുണ്ടായിട്ടില്ല.
കേരളത്തിന്റെ നഷ്ടം കുറഞ്ഞത‌് 45000 കോടി രൂപയെങ്കിലുമാണെന്നാണ‌് വിലയിരുത്തൽ. പുനരധിവാസപ്രവർത്തനത്തിന‌് പണമായിമാത്രം 6000 കോടി രൂപയെങ്കിലും വേണമെന്നാണ‌് വിലയിരുത്തൽ. കേന്ദ്ര മാനദണ്ഡമനുസരിച്ച‌് പരമാവധി 4796 കോടി രൂപ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക‌് ലഭിക്കാനുള്ള സാധ്യത മാത്രമാണുള്ളത‌്. നിർമാണങ്ങൾക്ക‌് കടമെടുത്താലേ മതിയാകൂ എന്നതാണ‌് സ്ഥിതി. ചരക്ക‌് സേവന നികുതിവഴി കേരളത്തിന‌് പ്രത്യേക സഹായം ലഭ്യമാക്കാമെന്ന വാഗ‌്ദാനമാണ‌് കേന്ദ്രം മുന്നോട്ടുവച്ചത‌്.
ഇതിനും പരിമിതിയുണ്ട‌്. ഈ സാഹചര്യത്തിലാണ‌് ധനസഹായത്തിന‌് പൊതുഅഭ്യർഥന നടത്തിയത‌്. ശമ്പളത്തിൽനിന്ന‌് സഹായം എന്ന അഭ്യർഥനയ‌്ക്കെതിരെ ചിലർ കോടതിയിൽപോയി. എല്ലാവരും സാലറി ചലഞ്ചിൽ പങ്കെടുത്താലും 10 മാസത്തിനകം പരമാവധി 2400 കോടി രൂപ മാത്രമേ ലഭ്യമാകൂ. രാഷ്ട്രീയലക്ഷ്യംവച്ച‌് ഇതിനും തുരങ്കം വയ‌്ക്കുകയാണ‌് ചിലർ.
from Kerala || Deshabhimani Online News https://ift.tt/2yk1vRB
via IFTTT
No comments:
Post a Comment